വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; റെക്കോര്‍ഡിനൊപ്പമെത്തി കാര്‍ത്തിക്, കയ്യടിച്ച് ആരാധകര്‍
അബുദാബി: 'ക്യാപ്റ്റനായാല്‍ മുന്നില്‍നിന്ന് നയിക്കുന്നവനാകണം'. ഐപിഎല്‍ പതിമൂന്നാം സീസണ്‍ തുടങ്ങിയപ്പോള്‍ മുതല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ദിനേശ് കാര്‍ത്തിക് കേട്ട പഴിയായിരുന്നു ഇത്. ബാറ്റിംഗില്‍ വന്‍ പരാജയമായതാണ് കാര്‍ത്തിക്കിനെതിരെ മുന്‍താരങ്ങള്‍ പോലും തിരിയാന്‍ കാരണമായത്. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും ബൗണ്ടറികടത്തി ഒരു ഗംഭീര ഇന്നിംഗ്‌സുമായി തിരിച്ചെത്തിയിരിക്കുകയാണ് ഡികെ.
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കാര്‍ത്തിക് 29 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സെടുത്തു.
22 പന്തില്‍ നിന്നായിരുന്നു ഡികെയുടെ അര്‍ധ സെഞ്ചുറി.
ഇതോടെ തന്‍റെ മുന്‍ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ കൊല്‍ക്കത്ത നായകനായി.
ഐപിഎല്ലില്‍ ഡികെ തന്‍റെ വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ നേട്ടത്തിനൊപ്പമെത്തി.
മുന്‍പ് ഇത്രതന്നെ പന്തില്‍ അമ്പത് തികച്ചതും പഞ്ചാബിനെതിരെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഇന്‍ഡോറില്‍ 2018ലായിരുന്നു പഞ്ചാബിനെതിരെ 22 പന്തിലെ മുന്‍ ഫിഫ്റ്റി.
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഇന്നത്തെ മത്സരത്തില്‍ തുടക്കം തകര്‍ന്ന ശേഷം ടീമിനെ മികച്ച ടോട്ടലില്‍ എത്തിച്ചത് ഡികെയുടെ വെടിക്കെട്ടാണ്.
നാലാം വിക്കറ്റില്‍ ശുഭ്‌മാന്‍ ഗില്ലിനൊപ്പം 82 റണ്‍സ് ചേര്‍ത്തതാണ് കൊല്‍ക്കത്തയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
ഗില്ലും അര്‍ധ സെഞ്ചുറി(47 പന്തില്‍ 57) നേടി. 23 പന്തില്‍ 24 റണ്‍സെടുത്ത ഓയിന്‍ മോര്‍ഗനാണ് മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍.
കൊല്‍ക്കത്ത ഇന്നുിംഗ്‌സിലെ അവസാന പന്തില്‍ കാര്‍ത്തിക് റണ്ണൗട്ടായി.
രാഹുല്‍ ത്രിപാഠി(4), നിതീഷ് റാണ(2). ആന്ദ്രേ റസല്‍(5) എന്നിവര്‍ക്ക് തിളങ്ങാനായില്ല.