സ്‌മിത്തിന്‍റെ പരീക്ഷണങ്ങള്‍ സ്വന്തം തല കൊയ്‌തു; രാജസ്ഥാന്‍റെ തോല്‍വി അവിചാരിതമല്ല, കാരണങ്ങള്‍ ഇവ
ദുബായ്: അങ്ങനെ ഐപിഎല്‍ പതിമൂന്നാം സീസണില്‍ പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ റോയല്‍സും മടങ്ങുന്നു. നിര്‍ണായക പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് കൂറ്റന്‍ തോല്‍വി വഴങ്ങിയാണ് സ്‌മിത്തും സംഘവും യുഎഇയില്‍ നിന്ന് വണ്ടി കയറുന്നത്. ടോസ് നേടി കൊല്‍ക്കത്തയെ ബാറ്റിംഗിനയച്ച രാജസ്ഥാന്‍ ബൗളിംഗിലും ചേസിംഗിലും അമ്പേ പരാജയമാവുകയായിരുന്നു. രാജസ്ഥാന്‍റെ നാണംകെട്ട തോല്‍വിക്ക് പിന്നിലെ കാരണങ്ങള്‍ വിരല്‍ചൂണ്ടുന്നത് ടീമിലെ ക്യാപ്റ്റന്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് നേര്‍ക്കാണ്.
ഭാവി നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ 60 റണ്‍സിനാണ് രാജസ്ഥാന്‍ തോല്‍വി വഴങ്ങിയത്.
192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 131 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
മുന്‍നിരയെ പേസര്‍ പാറ്റ് കമ്മിന്‍സ് അരിഞ്ഞുവീഴ്ത്തിയപ്പോള്‍ രാജസ്ഥാന്‍ കീഴടങ്ങുകയായിരുന്നു.
റോബിന്‍ ഉത്തപ്പ(6), ബെന്‍ സ്റ്റോക്‌സ്(18), സ്റ്റീവ് സ്‌മിത്ത്(4), സഞ്ജു സാംസണ്‍(1) എന്നിങ്ങനെയാണ് മുന്‍നിരയിലെ നാലുപേരുടെ സ്‌കോര്‍.
അഞ്ചാമനായിറങ്ങി 22 പന്തില്‍ 35 റണ്‍സെടുത്ത ജോസ് ബട്ട്‌ലറാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ടോപ് സ്‌കോറര്‍.
31 റണ്‍സെടുത്ത രാഹുല്‍ തിവാട്ടിയയും 23 റണ്‍സുമായി പുറത്താകാതെ നിന്ന ശ്രേയസ് ഗോപാലും ടീമിനെ 100 കടത്തി എന്ന് ആശ്വസിക്കാം.
രാജസ്ഥാന്‍റെ തോല്‍വിക്ക് കാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്നത് നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ തെറ്റായ തീരുമാനങ്ങളാണ്.
നാല് ബൗളര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരുമായാണ് രാജസ്ഥാന്‍ കളിക്കാനിറങ്ങിയത്. എന്നിരുന്നിട്ടും ഡെത്ത് ഓവറില്‍ സ്റ്റോക്‌സിന് പന്ത് നല്‍കിയത് തിരിച്ചടിയായി.
സ്റ്റോക്‌സിന്‍റെ 19-ാം ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സ് നേടിയാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോര്‍ ഉറപ്പിച്ചത്.
ചേസിംഗില്‍ ബാറ്റിംഗ്‌ക്രമത്തില്‍ വീണ്ടുമൊരിക്കല്‍ കൂടി സ്‌മിത്തിന്‍റെ പരീക്ഷണങ്ങള്‍ അമ്പേ പാളി.
ആദ്യ ഓവറില്‍ തന്നെ 19 റണ്‍സടിച്ച് അതിവേഗം തുടങ്ങുകയായിരുന്നു രാജസ്ഥാന്‍. കമ്മിന്‍സ് താളം കണ്ടെത്തിയപ്പോള്‍ ഈ ആവേശം തന്നെ അവര്‍ക്ക് വിനയാവുകയും ചെയ്തു.
രാജസ്ഥാന്‍ സീനിയര്‍ ബാറ്റ്സ്‌മാന്‍മാര്‍ യാതൊരു ഉത്തരവാദിത്വവും കാട്ടിയില്ല. സ്റ്റോക്‌സ്, സ്‌മിത്ത്, ബട്ട്‌ലര്‍, ഉത്തപ്പ എന്നിവരില്‍ ആരും വമ്പന്‍ ഇന്നിംഗ്‌സ് കളിച്ചില്ല.
ആദ്യ ഓവറില്‍ ഉത്തപ്പ മടങ്ങിയപ്പോള്‍ മൂന്നാമനായി എത്തിയ നായകന്‍ സ്‌മിത്ത് ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സും ഉത്തരവാദിത്വവും കാട്ടാന്‍ മറന്നു.
നിര്‍ണായക മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ നിറംമങ്ങുകയും ചെയ്തത് രാജസ്ഥാന് ഇരട്ടി പ്രഹരമായി.