യോര്‍ക്കര്‍ നടരാജനെ ടി20 ടീമിലെടുക്കൂ, ആവശ്യവുമായി ആരാധകര്‍; പ്രശംസിച്ച് മുന്‍താരങ്ങളും
യോര്‍ക്കറുകളുടെ ആശാന്‍മാരായ ലസിത് മലിംഗയും ജസ്‌പ്രീത് ബുമ്രയും വരെ ആ അവസാന ഓവര്‍ കണ്ടാല്‍ കണ്ണുതള്ളിപ്പോകും. ഐപിഎല്‍ പതിമൂന്നാം സീസണിലെ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിലെ അവസാന ഓവറുകളില്‍ ആറ് പന്തിലും അപകടകാരിയായ യോര്‍ക്കറുകള്‍ എറിയുകയായിരുന്നു ടി നടരാജന്‍. 'യോര്‍ക്കര്‍രാജ' എന്ന് സീസണിനിടെ വിശേഷണങ്ങള്‍ കേട്ട നടരാജനെ ലോകകപ്പിന് മുമ്പ് ടി20 ടീമിലെടുക്കണമെന്നും ബുമ്രക്കൊപ്പം ബൗളിംഗ് ഓപ്പണിംഗ് ചെയ്യിക്കണം എന്നും വാദിക്കുന്നു ആരാധകര്‍. സണ്‍റൈസേഴ്‌സ്-കാപിറ്റല്‍സ് മത്സര ശേഷം നട്ടുവിനെ പ്രശംസിച്ച് മുന്‍താരങ്ങളും രംഗത്തെത്തി.
ഈ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കറുകള്‍ എറിഞ്ഞ താരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദാദിന്‍റെ ടി നടരാജന്‍.
എലിമിനേറ്ററില്‍ ആര്‍സിബിയുടെ സൂപ്പര്‍മാന്‍ എ ബി ഡിവില്ലിയേഴ്‌സിന്‍റെ മിഡില്‍ സ്റ്റംപ് പിഴുത ഒറ്റ പന്ത് മതി യോര്‍ക്കര്‍രാജയുടെ റേഞ്ച് പിടികിട്ടാന്‍.
തൊട്ടടുത്ത രണ്ടാം ക്വാളിഫയര്‍ മത്സരത്തിലും നടരാജന്‍ മിന്നി. അവസാന ഓവറില്‍ ഒന്നിന് പുറകെ ഒന്നായി ആറ് യോര്‍ക്കറുകള്‍.
ക്രീസില്‍ നിലയുറപ്പിച്ചിരുന്ന ഷിമ്രോന്‍ ഹെറ്റ്‌മയറും റിഷഭ് പന്തും എന്താണ് സംഭവിക്കുന്നതെന്ന് പിടികിട്ടാതെ വട്ടംകറങ്ങുകയായിരുന്നു. ഈ ഓവറില്‍ ഏഴ് റണ്‍സ് മാത്രം.
അവസാന ഓവറിലെ നട്ടുവിന്‍റെ യോര്‍ക്കര്‍ മികവ് കണ്ട് പ്രശംസയുമായി മുന്‍താരങ്ങളും ക്രിക്കറ്റ് ആരാധകരും രംഗത്തെത്തി.
'അവസാന ഓവറുകളില്‍ ബൗണ്ടറികളൊന്നുമില്ല. നടരാജനും സന്ദീപ് ശര്‍മ്മയും മികച്ച തിരിച്ചുവരവാണ് നടത്തിയത്' എന്നാണ് യുവ്‌രാജ് സിംഗിന്‍റെ വാക്കുകള്‍.
'ഒരു അണ്‍ക്യാപ്‌ഡ് പേസര്‍ ഇത്ര നന്നായി യോര്‍ക്കറുകള്‍ എറിയുന്നത് ഒരിക്കലും കണ്ടിട്ടില്ല' എന്നായിരുന്നു ഇര്‍ഫാന്‍ പഠാന്‍റെ ട്വീറ്റ്.
'ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നടരാജനെ ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തും എന്നാണ് പ്രതീക്ഷ. ലോകകപ്പിന് മുമ്പ് ബുമ്ര-നടരാജന്‍ സഖ്യത്തെ പരീക്ഷിക്കുന്നത് ഗുണകരമായേക്കും' എന്നായിരുന്നു മറ്റൊരു ട്വീറ്റ്.
ഈ സീസണില്‍ നടരാജന്‍ എറിഞ്ഞ യോര്‍ക്കറുകളുടെ എണ്ണം ചൂണ്ടിക്കായിരുന്നു മറ്റൊരു ആരാധകന്‍റെ പ്രശംസ(ഈ പട്ടിക ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണ്).
'ഓവറിലെ എല്ലാ പന്തിലും യോര്‍ക്കര്‍ എറിയാന്‍ ഭുമുഖത്ത് മറ്റാര്‍ക്കാകും. അവിശ്വസനീയ പ്രകടനം. യോര്‍ക്കര്‍ നടരാജന്‍ എന്ന് അദേഹത്തിന് പേര് നല്‍കണം' എന്നും കുറിച്ചവരുണ്ട്.
'യോര്‍ക്കര്‍ കിംഗ്' എന്ന വിശേഷണത്തോടെയായിരുന്നു മറ്റൊരു ട്വീറ്റ്. ഇങ്ങനെ നിരവധി പ്രശംസകളാണ് നടരാജന് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിച്ചത്.
ഡല്‍ഹി കാപിറ്റല്‍സിനെതിരെ നാല് ഓവര്‍ എറിഞ്ഞ താരം 32 റണ്‍സാണ് വിട്ടുകൊടുത്തത്. ആദ്യ ഓവറുകളില്‍ അടിവാങ്ങിയ ശേഷം അവസാന ഓവറില്‍ വിസ്‌മയ തിരിച്ചുവരവ് നടത്തുകയായിരുന്നു നട്ടു.
ഈ സീസണില്‍ 16 മത്സരങ്ങളില്‍ അത്ര തന്നെ വിക്കറ്റ് നടരാജന്‍ സ്വന്തമാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ യോര്‍ക്കര്‍ സ്വന്തം പേരിലാണ്. സാക്ഷാല്‍ ബുമ്രയെ വരെ ബഹുദൂരം പിന്നിലാക്കിയാണ് നട്ടുവിന്‍റെ കുതിപ്പ്.