ഡല്‍ഹി-ഹൈദരാബാദ് പോരാട്ടം; വിധിയെഴുതുക യുവതാരമെന്ന് കണക്കുകള്‍
ഐപിഎല്‍ കലാശപ്പോരില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ എതിരാളികള്‍ ആരാവും എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഡല്‍ഹി കാപിറ്റല്‍സ്- സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിലെ വിജയികളാവും മുംബൈയെ നേരിടുക. ഡല്‍ഹി-ഹൈദരാബാദ് രണ്ടാം ക്വാളിഫയറിലെ വിജയികളെ പ്രവചിക്കുക അസാധ്യമാണ് എങ്കിലും മത്സരത്തിന്‍റെ വിധി നിര്‍ണയിച്ചേക്കാവുന്ന താരം ആരാണ് എന്ന് കണക്കുകള്‍ പറയുന്നുണ്ട്.
ഡൽഹി ബാറ്റ്സ്‌മാന്മാരും റാഷിദ് ഖാനും തമ്മിലുള്ള പോരാട്ടമാകും ഇന്നത്തെ മത്സരത്തിന്‍റെ ഗതി നിര്‍ണയിക്കുക.
റാഷിദിനെതിരെ മോശം റെക്കോര്‍ഡാണ് ഡൽഹി ബാറ്റ്സ്മാന്മാര്‍ക്കുള്ളത്
ഡൽഹി കാപിറ്റൽസിനെതിരെ 2018ന് ശേഷം അഞ്ച് മത്സരങ്ങളിലാണ് റാഷിദ് ഖാന്‍ പന്തെറിഞ്ഞത്.
എല്ലാ കളിയിലും നാല് ഓവര്‍ വീതം റാഷിദിന് പന്തുനൽകി സൺറൈസേഴ്‌സ് നായകന്‍.
120 പന്തില്‍ റാഷിദ് വഴങ്ങിയത് വെറും 76 റൺസ്. എക്കോണമി റേറ്റ് 3.80.
20 ഓവറില്‍ 10 വിക്കറ്റും വീഴ്‌ത്തി അഫ്ഗാന്‍ സ്‌പിന്നര്‍.
ശ്രേയസ് അയ്യര്‍, ഷിമ്രേന്‍ ഹെറ്റ്‌മയര്‍, ഋഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, അക്ഷാര്‍ പട്ടേല്‍ എന്നിവരെ ട്വന്‍റി 20യിൽ രണ്ട് തവണ പുറത്താക്കി.
റാഷിദിനെതിരെ രണ്ട് വര്‍ഷത്തിനിടയിൽ ഒരു സിക്സര്‍ പോലും ഡൽഹി ബാറ്റ്സ്‌മാന്മാര്‍ നേടിയിട്ടില്ല.
എട്ട് ബൗണ്ടറികള്‍ മാത്രമാണ് 120 പന്തിനിടയിൽ റാഷിദ് വഴങ്ങിയത്.
അതായത് റാഷിദിന് മുന്നിൽ കുരുങ്ങാതിരിക്കാന്‍ വഴി കണ്ടെത്തേണ്ടിവരും നിര്‍ണായകമത്സരത്തിന് ഇറങ്ങും മുന്‍പ് ഡൽഹിക്ക്.