ഓള്‍റൗണ്ടര്‍ക്ക് സ്ഥാനക്കയറ്റം, പവര്‍ കൂട്ടാന്‍ വെടിക്കെട്ട് വീരന്‍; സര്‍പ്രൈസുകളൊരുക്കുമോ ഡല്‍ഹി
ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്നത്തെ വിജയികള്‍ കലാശപ്പോരില്‍ മുംബൈയെ നേരിടും. അവസാന ആറില്‍ അഞ്ച് മത്സരങ്ങളിലും തോറ്റ ഡല്‍ഹിക്കാണ് തലവേദന കൂടുതല്‍. ഓപ്പണിംഗ് മുതല്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന ഡല്‍ഹിയുടെ പ്ലേയിംഗ് ഇലവന്‍ എങ്ങനെയാവും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചാല്‍ പ്രശ്‌നം പരിഹരിക്കപ്പെടുമോ. അതോ വിന്‍ഡീസ് വെടിക്കെട്ട് വീരനെ തിരിച്ചുവിളിക്കുന്നതാണോ ഉചിതം. വമ്പന്‍ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്ന ഡല്‍ഹിയുടെ സാധ്യത ഇലവന്‍ ഇങ്ങനെ.
1. ശിഖര്‍ ധവാന്‍- സീസണില്‍ ഡല്‍ഹിയുടെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ(525) ശിഖര്‍ ധവാന്‍ തന്നെയാണ് ബാറ്റിംഗിലെ വലിയ പ്രതീക്ഷ. സീസണിലെ മൂന്നാം സെഞ്ചുറി ഇന്ന് പിറന്നാല്‍
ഡല്‍ഹിക്ക് മറ്റൊന്നും ചിന്തിക്കാനില്ല.
2. അജിങ്ക്യ രഹാനെ- പൃഥ്വി ഷാ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ അജിങ്ക്യ രഹാനെയെ ഓപ്പണറാക്കിയേക്കും. ബിഗ്‌ബാഷ് മാതൃകയില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ
ഓപ്പണിംഗില്‍ പരീക്ഷിക്കുമോ എന്ന ആകാംക്ഷയും നിലനില്‍ക്കുന്നു.
3. പൃഥ്വി ഷാ- ഇലവനില്‍ നിന്ന് തഴയാതെ ഷായെ മൂന്നാം നമ്പറിലായി ഇറക്കാനാണ് സാധ്യത. ആദ്യ ഓവറുകളിലെ സ്വിങ് ബൗളിംഗുകളില്‍ നിന്ന് താരത്തെ സംരക്ഷിച്ചു നിര്‍ത്താനുമാകും.
4. ശ്രേയസ് അയ്യര്‍- സീസണില്‍ 400ലധികം സ്‌കോര്‍ ചെയ്‌തെങ്കിലും പല മത്സരങ്ങളിലും കാര്യമായ ഇംപാക്ട് സൃഷ്‌ടിക്കാനായില്ല. സണ്‍റൈസേഴ്‌സില്‍ വില്യംസണ്‍ വഹിക്കുന്ന ചുമതലയാണ് ഡല്‍ഹിയില്‍ ശ്രേയസിന് കല്‍പിക്കപ്പെടുന്നത്.
5. ഷിമ്രോന്‍ ഹെറ്റ്‌മയര്‍- ഡാനിയേല്‍ സാം കാര്യമായ പ്രതിഫലനം സൃഷ്‌ടിക്കാത്ത സാഹചര്യത്തില്‍ ഹെറ്റ്‍മയറെ തിരിച്ചുവിളിച്ചേക്കും. ഡല്‍ഹിയുടെ ബാറ്റിംഗ് കരുത്ത് കൂട്ടാന്‍ ഇത് ഗുണമാകും.
6. റിഷഭ് പന്ത്- ഇനിയും പുറത്തുകാണാത്തെ മികവ് കാട്ടാന്‍ കഴിയുമോ നിര്‍ണായക മത്സരത്തില്‍ ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്. റാഷിദ് ഖാന്‍-ഷഹബാസ് നദീം സഖ്യത്തെ നേരിടുക പന്തിന് അത്ര എളുപ്പമാകില്ല.
7. മാര്‍ക്കസ് സ്റ്റോയിനിസ്- ഹൈദരാബാദിനെതിരെ ഓള്‍റൗണ്ടര്‍ സ്റ്റോയിനിസിന്‍റെ ബാറ്റിംഗ് സ്ഥാനം ചോദ്യചിഹ്നമാണ്. ഹെറ്റ്‌മയര്‍ തിരിച്ചെത്തിയാല്‍ ബാറ്റിംഗ് ഭാരം കുറയുമെങ്കിലും സാമിന്‍റെ ഒഴിവ് ബൗളിംഗില്‍ നികത്താന്‍ കഴിയണം.
8. അക്ഷാര്‍ പട്ടേല്‍- തന്‍റെ സ്‌പിന്‍ ബൗളിംഗ് കൊണ്ട് അക്ഷാര്‍ എന്ത് മാറ്റമാണ് സൃഷ്‌ടിക്കുക. ചൂട്ടുകൊട്ടാരം പോലെ ബാറ്റിംഗ് നിര തകരുന്ന സ്ഥിതി വന്നാല്‍ ബാറ്റുകൊണ്ടും കാര്യമായി
ചെയ്യേണ്ടിവരും അക്ഷാറിന്.
9. ആര്‍ അശ്വിന്‍- മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് വിക്കറ്റ് നേടി ഫോമില്‍ തിരിച്ചെത്തിക്കഴിഞ്ഞു. അതിനാല്‍ തന്നെ ഡല്‍ഹിക്ക് പ്രതീക്ഷകള്‍ ചില്ലറയല്ല.
10. ആന്‍റിച്ച് നോര്‍ജെ- സീസണിന്‍റെ തുടക്കത്തിലെ മിന്നല്‍വേഗത്തിലേക്ക് നോര്‍ജെ തിരിച്ചെത്തിയാല്‍ അപകടകാരിയാകും. ലൈനും ലെങ്തും കൂടി കണ്ടെത്തിയാല്‍ സണ്‍റൈസേഴ്‌സ് ഭയക്കണം.
11. കാഗിസോ റബാഡ- മുംബൈ ഇന്ത്യന്‍സിനെതിരെ റണ്‍സ് വഴങ്ങിയത് കണ്ട് റബാഡയെ എഴുതിത്തള്ളേണ്ട. സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാമതുള്ള റബാഡ തന്‍റെ കൃത്യത കരിയറിലൊന്നാകെ തെളിയിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ വിധി എഴുതുന്നതില്‍ ഈ ദക്ഷിണാഫ്രിക്കന്‍ ജോഡി നിര്‍ണായകമാകും.