ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തുകള്‍, ആദ്യ പത്തില്‍ അഞ്ചും നോര്‍ജെയുടെ പേരില്‍
ദുബായ്: ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ക്രിസ് വോക്സിന് പകരക്കാരനായാണ് ആന്റിച്ച് നോര്‍ജെ ഐപിഎല്ലില്‍ ഡല്‍ഹി ടീമിലെത്തുന്നത്. പകരക്കാരനായി എത്തിയ നോര്‍ജെ ഇന്ന് ഡല്‍ഹിയുടെ ബൗളിംഗ് കുന്തമുനയാണ്. ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരമായ കാഗിസോ റബാദക്കൊപ്പം വേഗത കൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന നോര്‍ജെ ഇന്നലെ രാജസ്ഥാനെതിരെ ഈ ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞിരുന്നു.
രാജസ്ഥാന് ബാറ്റ്സ്മാന് ജോസ് ബട്ലര്‍ക്കെതിരെ നോര്‍ജെ എറിഞ്ഞ പന്തിന് 156.2 കിലോ മീറ്റര്‍ വേഗമുണ്ടായിരുന്നു. ആ പന്ത് ബട്ലര് സ്കൂപ്പ് ഷോട്ടിലൂടെ ബൗണ്ടറി കടത്തി അമ്പരപ്പിക്കുകയും ചെയ്തു. എന്നാല്‍ 155.1 വേഗത്തിലെറിഞ്ഞ അടുത്ത പന്തില്‍ ബട്ലറുടെ സ്റ്റംപിളക്കിയാണ് നോര്‍ജെ തിരിച്ചടിച്ചത്.
ഇതൊക്കെയാണെങ്കിലും ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞത് നോര്‍ജെ അല്ല. അത് ഒരു രാജസ്ഥാന് റോയല്‍സ് മുന്‍ താരത്തിന്റെ പേരിലാണെന്നതാണ് കൗതുകം. മുന്‍ ഓസീസ് പേസറായ ഷോണ്‍ ടെയ്റ്റാണ് ഐപിഎല്ലില്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ ബൗളര്‍.
2011ലെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരമായിരുന്ന ആരോണ്‍ ഫിഞ്ചിനെ പുറത്താക്കാന്‍ രാജസ്ഥാന് താരമായിരുന്ന ടെയ്റ്റ് എറിഞ്ഞ പന്തിന്റെ വേഗം 157.7 കിലോ മീറ്ററായിരുന്നു.
2012നുശേഷം ഐപിഎല്ലിലെ വേഗമേറിയ പന്തെറിഞ്ഞ ബൗളറെന്ന റെക്കോര്‍ഡ് ഇന്നലെ നോര്‍ജെ സ്വന്തമാക്കി. ഇന്നലെത്തെ മത്സരത്തില്‍ നോര്‍ജെ എറിഞ്ഞ 155.21 വേഗത്തിലുള്ള പന്താണ് വേഗമേറിയ പന്തുകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
നോര്‍ജെ തന്നെയെറിഞ്ഞ 154.74 കിലോ മീറ്റര്‍ വേഗതയിലുള്ള പന്ത് നാലാം സ്ഥാനത്തും 154.21 വേഗമുള്ള പന്ത് ഏഴാം സ്ഥാനത്തും, 153.72 വേഗമുള്ള പന്ത് ഒമ്പതാം സ്ഥാനത്തുമുണ്ട്. വേഗമേറിയ പന്തുകളില്‍ ആദ്യ പത്തില്‍ അഞ്ചും നോര്‍ജെയുടെ പേരിലാണ്.
154.40 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞിട്ടുള്ള ഡെയ്ല്‍ സ്റ്റെയിന് വേഗമേറിയ പന്തെറിഞ്ഞവരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുണ്ട്.
ഡല്‍ഹിയുടെ കാഗിസോ റബാദ 154.23, 153.91 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ് യഥാക്രമം ആറും എട്ടും സ്ഥാനങ്ങളിലുണ്ട്.
153.62 വേഗതയില്‍ പന്തെറിഞ്ഞ ജോഫ്ര ആര്‍ച്ചറാണ് വേഗമേറിയ പന്തെറിഞ്ഞവരില്‍ പത്താം സ്ഥാനത്ത്.
കഴിഞ്ഞ സീസണില്‍ 152.85 കിലോ മീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞിട്ടുള്ള ഇന്ത്യയുടെ നവദീപ് സെയ്നി കഴിഞ്ഞ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ രണ്ടാമത്തെ ബൗളറായിരുന്നു.