ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വികള്‍; ധോണിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അഞ്ചുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് സോഷ്യല്‍മീഡിയയില്‍ ഭീഷണി.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ അഞ്ചുവയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് സോഷ്യല്‍മീഡിയയില്‍ ഭീഷണി. ടീമിന്റെ ആരാധകരെന്ന് അവകാശപ്പെടുന്ന ചിലരാണ് കുഞ്ഞിനെതിരെ മോശം പദപ്രയോഗങ്ങളും ഭീഷണിയുമായി രംഗത്തെത്തിയത്.
ധോണിയെയും കേദാര്‍ ജാദവിനെതിരെയും ഇവര്‍ അധിക്ഷേപിക്കുന്നുണ്ട്. ട്രോള്‍ ധോണി എന്ന പേജുകളിലാണ് അധിക്ഷേപ കമന്റുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നത്. സംഭവത്തിനെതിരെ ട്വിറ്ററില്‍ ചിലര്‍ രംഗത്തെത്തി. ക്രിക്കറ്റ് കളി തോല്‍ക്കുന്നതിന് അഞ്ചുവയസ്സായ കുഞ്ഞിനെ ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.
എന്തുതരം മാനസികനിലയുള്ളവരാണ് ഇത്തരക്കാരെന്നും ഇവര്‍ ചോദിച്ചു. ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാര്‍ക്കെതിരെയും മക്കള്‍ക്കെതിരെയും നേരത്തെയും സോഷ്യല്‍മീഡിയ അധിക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. വിരാട് കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ്മക്കെതിരെയും അധിക്ഷേപമുണ്ടായി. കോലിയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് കമന്റേറ്റര്‍ സുനില്‍ ഗാവസ്‌കറുടെ പരാമര്‍ശം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു.
കഴിഞ്ഞ മത്സരത്തില്‍ 10 റണ്‍സിനാണ് മുന്‍ ചാമ്പ്യന്മാര്‍ കൊല്‍ക്കത്തയോട് അടിയറവു പറഞ്ഞത്. ഇന്നിംഗ്‌സിന്റെ പാതി ദൂരം വരെ ജയസാധ്യത നിലനിര്‍ത്തിയിരുന്ന ചെന്നൈ പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
12 പന്തുകളില്‍ 11 റണ്‍സെടുത്ത ധോണിക്കും തിളങ്ങാനായില്ല. പരാജയത്തിനു പിന്നാലെ ധോണിക്കും കേദാര്‍ ജാദവിനും എതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
മികച്ച ഫിനിഷര്‍ എന്നറിയപ്പെടുന്ന ധോണിക്ക് ജയിക്കാവുന്ന കളി പോലും ജയിപ്പിക്കാനായില്ലെന്ന് ആരാധകരടക്കം വിമര്‍ശനമുന്നയിച്ചിരുന്നു.