ഐപിഎല്‍ 2021: മാക്സ്‌വെല്‍ മുതല്‍ വാര്‍ണര്‍ വരെ, ആര്‍സിബിയില്‍ ആരാവും കോലിയുടെ പിന്‍ഗാമി; സാധ്യതകള്‍ ഇങ്ങനെ
ബംഗലൂരു: ഈ ഐപിഎല്‍(IPL 2021) സീസണൊടുവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (Royal Challengers Bangalore) നായകസ്ഥാനം വിരാട് കോലി ഒഴിയുന്നതോടെ ആരാവും കോലിയുടെ പിന്‍ഗാമിയെന്ന ചര്‍ച്ചകളും ആരാധകര്‍ക്കിടയില്‍ സജീവമായി. സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകനായിരുന്ന ഡേവിഡ് വാര്‍ണറുടെ പേരുപോലും നായകസ്ഥാനത്തേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിനെ(Mumbai Indians) പോലെയോ, ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings)നെ പോലെയോ വിശ്വസ്തരായ കളിക്കാരുടെ ഒരു നിര ആറ്‍സിബിക്ക് ഇല്ല. ക്യാപ്റ്റന്‍ വിരാട് കോലി കഴിഞ്ഞാല്‍ യുസ്‌വേന്ദ്ര ചാഹലും മുഹമ്മദ് സിറാജുമാണ് ആര്‍സിബിയുടെ പതിവു മുഖങ്ങള്‍. ഈ സാഹചര്യത്തില്‍ നായകസ്ഥാനത്തേക്ക് ആരെയാവും പരിഗണിക്കുകയെന്ന് നോക്കാം.
എ ബി ഡിവില്ലിയേഴ്സ്: ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ഇടയുള്ള ഒരു താരം. ഒരു സീസണിലേക്ക് മാത്രമായി ഡിവില്ലിയേഴ്സിനെ നായകനാക്കുകയും അതിനുശേഷം യുവതാരങ്ങളിലൊരാളെ ചുമതലയേല്‍പ്പിക്കുകയും ചെയ്യുക എന്നത് ഒരു സാധ്യതയാണ്. എന്നാല്‍ പ്രായം ഡിവില്ലിയേഴ്സിന് മുന്നില്‍ വലിയ വെല്ലുവിളിയാകും.
ഗ്ലെന്‍ മാക്സ്‌വെല്‍: ഓസ്ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷില്‍ മെല്‍ബണ്‍ സ്റ്റാര്‍സിനെ നയിച്ച് പരിചയമുള്ള ഗ്ലെന്‍ മാക്സ്‌വെല്‍ ആണ് പരിഗണിക്കാനിടയുള്ള മറ്റൊരു പേര്. ബാറ്റിംഗില്‍ സ്ഥിരത കാട്ടിയാല്‍ അടുത്ത രണ്ട് സീസണുകളിലേക്കെങ്കിലും മാക്സ്‌വെല്ലിനെ ക്യാപ്റ്റന്‍സി ചുമതല ഏല്‍പ്പിക്കാനുള്ള സാധ്യതയുണ്ട്.
ഡേവിഡ് വാര്‍ണര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ്(Sunrisers Hyderabad) നായകനായിരുന്ന ഡേവിഡ് വാര്‍ണര്‍ക്ക് ഫോം നഷ്ടവും ടീമിന്‍റെ മോശം പ്രകടനവും മൂലം നായക സ്ഥാനവും ടീമിലെ സ്ഥാനവും സീസണിടയില്‍ നഷ്ടമായിരുന്നു. അടുത്തവര്‍ഷം നടക്കുന്ന മെഗാ താരലേലത്തില്‍ വാര്‍ണറെ ഹൈദരാബാദ് നിലനിര്‍ത്തിയില്ലെങ്കില്‍ ബാംഗ്ലൂര്‍ ടീമിലെടുക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ക്യാപ്റ്റന്‍ സ്ഥാനത്ത് പരിചയസമ്പത്തുള്ള വാര്‍ണറെ ബാംഗ്ലൂരിന്‍റെ ക്യാപ്റ്റന്‍ സി ഏല്‍പ്പിക്കുമോ എന്ന് കണ്ടറിയണം.
ദേവ്ദത്ത് പടിക്കല്‍: ഭാവി മുന്നില്‍ക്കണ്ടാണ് ആര്‍സിബി തീരുമാനമെടുക്കുന്നതെങ്കില്‍ മലയാളി താരം ദേവ്ദത്ത് പടിക്കലിനെയും തെരഞ്ഞെടുക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ടീമിലെ പുതുമുഖമായ പടിക്കലിന് കോലിയും ഡിവില്ലിയേഴ്സും അടക്കമുള്ള സീനിയര്‍ താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാനാവുമെന്നതാണ് പ്രധാന കടമ്പ. അടുത്ത സീസണില്‍ അല്ലെങ്കിലും രണ്ടോ മൂന്നോ സീസണുള്ളില്‍ പടിക്കല്‍ ആര്‍സിബി നായകസ്ഥാനത്ത് എത്തിയേക്കും.
ആരോണ്‍ ഫിഞ്ച്: കഴിഞ്ഞ സീസണില്‍ ആര്‍സിബി താരമായിരുന്ന ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് പരിഗണിക്കാനിടയുള്ള മറ്റൊരു താരം. ഫിഞ്ചിനെ ഇത്തവണ താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല. വരുന്ന താരലേലത്തില്‍ ഫിഞ്ചിനെ ടീമിലെടുത്ത് ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.