ശരീര സൗന്ദര്യം കൂടിപ്പോയതിന് പാകിസ്ഥാനില്‍ അധ്യാപികയെ സ്‌കൂള്‍ പുറത്താക്കിയെന്ന് വാര്‍ത്ത; ചിത്രം മോഡലിന്‍റേത്
ശരീര സൗന്ദര്യത്തിന്‍റെ പേരില്‍ അധ്യാപികയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയോ? പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന സംഭവം എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇത്. കുട്ടികള്‍ വഴിതെറ്റാതിരിക്കാനാണ് സ്‌കൂളിന്‍റെ നീക്കം എന്നൊക്കെ പറഞ്ഞാണ് പ്രചാരണങ്ങള്‍. വാര്‍ത്ത സത്യമോ?
പ്രചാരണം ഇങ്ങനെ
സൗന്ദര്യത്തിന്‍റെ പേരില്‍ ടീച്ചറെ സ്‌കൂള്‍ പുറത്താക്കിയതായി Republic of Buzz എന്ന വെബ്‌സൈറ്റാണ് ആദ്യം വാര്‍ത്ത നല്‍കിയത്. ‘Teacher suspended for having ‘sexy-figure’ എന്നായിരുന്നു തലക്കെട്ട്.
ആസിയ സുബൈര്‍ എന്നാണ് ഈ അധ്യാപികയുടെ പേരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 30 വയസ് വയസുള്ള ഇവര്‍ വിവാഹിതയാണ്, രണ്ട് കുട്ടികളുടെ അമ്മയാണ്. സെക്കന്‍ററി വിഭാഗത്തിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന ഇവരെ ഓഗസ്റ്റ് 11നാണ് പുറത്താക്കിയത് എന്നും വാര്‍ത്തയിലുണ്ട്.
ആസിയ സുബൈര്‍ എന്ന അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് സഹിതമായിരുന്നു വാര്‍ത്ത. ട്വീറ്റിലെ വിവരങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്.
'സെക്കൻഡറി ക്ലാസ് വിദ്യാർഥികളെ പഠിപ്പിക്കുന്ന എന്റെ ശരീരം കുട്ടികള്‍ക്ക് അശ്ലീലമാണെന്ന് വ്യക്തമാക്കിയുള്ള പുറത്താക്കൽ നോട്ടീസ് മാനേജ്‌മെന്‍റില്‍ നിന്ന് ലഭിച്ചു. സാധാരണയായി സ്‌കൂളിൽ ദുപ്പട്ടയോട് കൂടിയ മാന്യമായ ഷൽവാർ കമീസാണ് ധരിക്കാറ്' എന്നും ട്വീറ്റില്‍ പറയുന്നു.
വാര്‍ത്ത നല്‍കിയ വെബ്‌സൈറ്റ് വിശ്വസനീയമോ എന്ന കാര്യത്തിലേക്ക് തിരിച്ചുവരാം. വാര്‍ത്തയ്‌ക്ക് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ തകൃതിയായി ഇത് ഷെയര്‍ ചെയ്യപ്പെട്ടത് എങ്ങനെയെന്നും പരിശോധിക്കേണ്ടതുണ്ട്.
സൗന്ദര്യത്തിന്‍റെ പേരില്‍ ഒരു ടീച്ചറെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ആസിയ സുബൈറിന് പിന്തുണയറിച്ചും ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
അല്‍പം കടന്നകൈ കാട്ടുകയായിരുന്നു ചില യൂട്യൂബ് ചാനലുകള്‍. ആസിയ സുബൈറിനെ പുറത്താക്കിയ സംഭവം അവര്‍ വീഡിയോയായി അവതരിപ്പിച്ചു.
വസ്‌തുത
പ്രചരിച്ച വാര്‍ത്തയില്‍ പറയുന്നതുപോലെയല്ല സംഭവത്തിലെ വസ്‌തുത എന്നതാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. വാര്‍ത്തയിലെ ചിത്രത്തിലുള്ള സ്‌ത്രീ പാകിസ്ഥാനില്‍ നിന്നുള്ളയാളുമല്ല.
പിന്നെന്താണ് ഈ വാര്‍ത്തയ്‌ക്ക് പിന്നിലെ വസ്‌തുത എന്ന് പലരും ചോദിക്കുക സ്വാഭാവികം. അവര്‍ക്കുള്ള ഉത്തരം ചിത്രത്തിലുള്ളത് ഇന്ത്യന്‍ മോഡല്‍ സോയ ഷെയ്‌ഖ് ആണെന്നതാണ്.
വസ്‌തുത പരിശോധന രീതി
പ്രചരിക്കുന്ന വാര്‍ത്തയിലുള്ള ചിത്രം ഫാക്ട് ചെക്ക് ടീം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോഴാണ് വസ്‌തുത പുറത്തുവന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ചുവടെ.
റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ എത്തിച്ചേര്‍ന്നത് സോയ ഷെയ്‌ഖിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍. പ്രചരിക്കുന്ന വാര്‍ത്തയിലുള്ള ചിത്രം സോയയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. ഈ വര്‍ഷം ഫെബ്രുവരി 14നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പതിനായിരത്തോളം ലൈക്കുകള്‍ ഈ ചിത്രത്തിന് ഇതിനകം ലഭിച്ചുകഴിഞ്ഞു. ചിത്രത്തിനൊപ്പം നിരവധി കമന്‍റുകളും കാണാം.
നിഗമനം
ലാഹോറില്‍ അമിത സൗന്ദര്യത്തിന്‍റെ പേരില്‍ ടീച്ചറെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി പ്രചരിക്കുന്ന വാര്‍ത്തയിലെ ചിത്രം ഇന്ത്യന്‍ മോഡല്‍ സോയ ഷെയ്‌ഖിന്‍റേത് ആണ്.
പാകിസ്ഥാനില്‍ ഇത്തരമൊരു സംഭവം നടന്നതായി വ്യക്തമായ തെളിവുകളും ലഭ്യമല്ല. അന്താരാഷ്‌ട്ര മാധ്യമങ്ങളോ പാക് മാധ്യമങ്ങളോ ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാല്‍ വാര്‍ത്ത സത്യമോ എന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ല.