ഭീമൻ രഘുവും കൊച്ചുപ്രേമനും മറ്റുള്ളവരും ബിഗ് ബോസിനോട് പരാതി പറയുന്നു!, നോബിയുടെ ടാലന്റ് ഷോ
ബിഗ് ബോസില്‍ ഇപോള്‍ ടാലന്റ് ഷോ നടക്കുകയാണ്. ഓരോ മത്സരാര്‍ഥിക്കും അവരവരുടെ പ്രതിഭ തെളിയിക്കാൻ കിട്ടിയ അവസരമാണ് ഇത്. മറ്റുള്ളവര്‍ അതിന് മാര്‍ക്ക് ഇടുകയും ചെയ്യും. ഇന്ന് നോബി ചില മത്സരാര്‍ഥികളുടെ സംഭാഷണങ്ങള്‍ സിനിമാ താരങ്ങളുടെ ശരീരഭാഷയിലും ശബ്ദത്തിലും ബിഗ് ബോസിനോട് പരാതിയായി പറയുന്നതാണ് അവതരിപ്പിച്ചത്. വളരെ മനോഹരമായിട്ടായിരുന്നു നോബി ഓരോ സിനിമ താരത്തിന്റെ വേഷത്തിലും എത്തിയത്. പൊട്ടിച്ചിരിയോടെയാണ് മത്സരാര്‍ഥികള്‍ നോബിയുടെ പ്രകടനം കണ്ടത്.
ബിഗ് ബോസിനോട് പരാതി പറയാൻ ആദ്യം നോബി ഭീമൻ രഘുവിന്റെ ശരീരഭാഷയിലായിരുന്നു എത്തിയത്. വരണം വരണം ക്യാമറ ഈ സൈഡിലോട്ട്. വിനാശകാലേ വിപരീത ബുദ്ധി. ആ ഫിറോസ് എന്നെ വിളിക്കാൻ പാടില്ലാത്തത്ത് ഛന്നം പിന്നം വിളിക്കുന്നു ബിഗ് ബോസ് എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ഡയലോഗ്.
മോഹൻലാല്‍ ഫിറോസിനെ താക്കീത് ചെയ്യുന്നതും നോബി അവതരിപ്പിച്ചു. എല്ലാ ദിവസവും അങ്ങനെ ചെയ്യരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ലേ മോനേ, മോന് ഞാൻ ഒരു ശിക്ഷ തരാം എന്നായിരുന്നു മോഹൻലാലിന്റെ ശരീരഭാഷയില്‍ നോബി പറഞ്ഞത്.
പൊളി ഫിറോസ് മാസ്ക് ധരിക്കല്‍ ശിക്ഷയായി കിട്ടിയതിനാല്‍ സംസാരിക്കാൻ ബുദ്ധിമുട്ടുന്ന രീതിയും നോബി അഭിനയിച്ചു കാട്ടി.
ജയന്റെ വേഷത്തിലും ശബ്ദത്തിലും നോബി ബിഗ് ബോസിനോട് പരാതി പറഞ്ഞു. ബിഗ് ബോസ് ഈ സൈഡിലോട്ടുള്ള ക്യാമറ തരണം. റേഷൻ നിങ്ങള്‍ തരുന്നില്ല. വിശക്കുമ്പോള്‍ അല്പം ബോളില്‍ വെള്ളം വെച്ച് ഐസ്ക്രീം തിന്നാമെന്ന് വെച്ചാല്‍ ആ മണിക്കുട്ടൻ അത് തിന്നും. ഒരു ഫ്രീസര്‍ കിട്ടുമോ അവന്റെ കാല് അതില്‍ ഇട്ട് വയ്ക്കാനാണ്. എല്ലാവരും ചേര്‍ന്ന് എന്നെ കോര്‍ണര്‍ ചെയ്യാനുള്ള ശ്രമമാണ് എന്നായിരുന്നു ഡയലോഗ്.
വില്ലൻ വേഷങ്ങള്‍ ചെയ്ത ജോസ് പ്രകാശായും നോബി എത്തി. വെല്‍കം മിസ്റ്റര്‍ ബിഗ് ബോസ്, ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു. നാളെ സിംഗപ്പൂരില്‍ നിന്ന് കുറച്ച് വൈരക്കല്ലും രത്നക്കല്ലും വരുന്നുണ്ട്. അത് സ്റ്റോറ് റൂമില്‍ വെച്ചാല്‍ മതി ഞാൻ വന്ന് എടുത്തോളാം. നമ്മുടെ കണ്‍ഫെഷൻ റൂമില്‍ രണ്ട് പോത്തിന്റെ തല വെച്ചാല്‍ ഞാനെന്റെ കൊള്ളസങ്കേതമായി ഉപയോഗിക്കാം. അതുപോലെ തന്നെ നമ്മുടെ സ്വിമ്മിംഗ് പൂളില്‍ രണ്ട് മുതലക്കുഞ്ഞുങ്ങളെയും രണ്ട് ക്യാബറയും ഇട്ടാല്‍ ഞാൻ ഹാപ്പിയാണ് എന്നായിരുന്നു ഡയലോഗ്.
പ്രേം നസീറിനെയും നോബി അഭിനയിച്ചുകാട്ടി ഇവിടെ എന്നെ എല്ലാവരും വളരെ പ്രവോക്ക് ചെയ്യുന്നു. സ്വിമ്മിംഗ് പൂളില്‍ ചെന്ന് ചാടാമെന്ന് വിചാരിച്ചാല്‍ ആ കുട്ടി പറയും ഞാൻ ആ കുട്ടിയെ പ്രവോക് ചെയ്യുന്നുവെന്നായിരുനനു ഡയലോഗ്.
കൊച്ചുപ്രേമന്റെ ശരീരഭാഷയില്‍ എത്തി അഡോണിയെ നോബി ട്രോളി. അതേ അഡോണി ഒന്നിറങ്ങടാ വയറുവേദന. ബിഗ് ബോസേ പട്ടിയുണ്ട് എന്ന ബോര്‍ഡ് വയ്ക്കുന്നതുപോലെ കക്കൂസില്‍ അഡോണിയുണ്ട് എന്ന് ബോര്‍ഡ് വയ്ക്കുന്നത് നല്ലതായിരിക്കും എന്നായിരുന്നു ഡയലോഗ്.
ഡിംപലിനെ കളിയാക്കി സുകുമാരന്റെ ശരീരഭാഷയിലും നോബി സംസാരിച്ചു. അയ്യോ പാവം, കണ്ണും കാതുമുള്ള കുതിരയുടെ അടുത്ത് കുട്ടുമണിക്കും ലേനയ്ക്കും ചോറുകൊണ്ടുകൊടുക്കാൻ പറഞ്ഞാല്‍ അവര്‍ എന്തുചെയ്യും. സ്വസ്ഥമായി ക്യാമറയില്ചെന്ന് പരാതി പറയാമെന്ന് വെച്ചാല്‍ അവിടെയെല്ലാം ഡിംപല്‍ കാണും എന്നായിരുന്നു നോബിയുടെ ഡയലോഗ്.
ബിഗ് ബോസിലെ വ്യക്തികളെയും സന്ദര്‍ഭങ്ങളെയും കോര്‍ത്തിണിക്കി കഥാപ്രസംഗവും തുടര്‍ന്ന് നോബി ചെയ്തു.