നേര്‍ക്കുനേര്‍ ചോദ്യങ്ങള്‍, മാന്ത്രികക്കസേരയിലിരുന്ന് മറുപടി പറഞ്ഞ് നോബിയും സന്ധ്യാ മനോജും
ചിലര്‍ ബിഗ് ബോസില്‍ ആക്റ്റീവാകുന്നില്ലെന്ന് പ്രേക്ഷക അഭിപ്രായം വരുന്നുണ്ടെന്ന് ഇന്ന് മോഹൻലാല്‍ സൂചിപ്പിച്ചു. അവരെ ആക്റ്റീവാക്കാൻ വേണ്ടി മാന്ത്രിക കസേര എന്ന ടാസ്‍കും ചെയ്‍തു. മത്സരാര്‍ഥികളെ പ്രത്യേകം തയ്യാറാക്കിയ കസേരയില്‍ ഇരുത്തുകയായിരുന്നു. ആക്റ്റീവ് അല്ലാത്തവരായ മത്സരാര്‍ഥികളെ കസേരയിലിരിക്കാൻ വിളിച്ച് അവരോട് ചോദ്യങ്ങള്‍ ചോദിക്കാൻ മറ്റുള്ളവരോടും ആവശ്യപ്പെടുകയായിരുന്നു. മോഹൻലാല്‍ തന്നെയായിരുന്നു കസേരയില്‍ ഇരിക്കേണ്ടവരെ തെരഞ്ഞെടുത്തത്. കസേരയില്‍ ഇരിക്കുകയും ചോദ്യങ്ങള്‍ നേരിടേണ്ടിയും വന്നത് സന്ധ്യാ മനോജ്, കിടിലൻ ഫിറോസ്, നോബി, ഭാഗ്യലക്ഷ്‍മി എന്നിവര്‍ക്കായിരുന്നു.
ആദ്യമായി മാന്ത്രികകസേരയിലിരുന്ന സന്ധ്യാ മനോജിനോട് ആദ്യ ചോദ്യം ചോദിച്ചത് ഡിംപലായിരുന്നു. സന്ധ്യാ മനോജ് ആയി തന്നെ മുഴുവനായി ബിഗ് ബോസില്‍ നില്‍ക്കാൻ പറ്റുന്നുണ്ടോയെന്നായിരുന്നു ചോദ്യം.
അങ്ങനെ പറ്റുന്നില്ല എന്നായിരുന്നു സന്ധ്യാ മനോജിന്റെ ഉത്തരം. പലരാലും ഇൻഫ്ലൂൻസ് ചെയ്യപ്പെടുന്നുവെന്നും അത് മാറുമായിരിക്കുമെന്നും സന്ധ്യാ മനോജ് പറഞ്ഞു.
സന്ധ്യാ മനോജ് അടുപ്പം കാട്ടുന്ന ഭാഗ്യലക്ഷ്‍മിയെയും കിടിലൻ ഫിറോസിനെയും വിശ്വസിക്കുന്നുണ്ടോയെന്നായിരുന്നു സായ് വിഷ്‍ണുവിന്റെ ചോദ്യം. നിലവില്‍ അവരെ പൂര്‍ണമായും വിശ്വസിക്കുന്നുവെന്നായിരുന്നു സന്ധ്യാ മനോജിന്റെ മറുപടി. ന്യൂട്രല്‍ പ്ലേ ചെയ്യുന്ന ആളാണ് സന്ധ്യാ മനോജ് എന്നാണ് തോന്നിയതെന്നും ഇങ്ങനെ മുഴുവനായും നില്‍ക്കാൻ കഴിയുമോയെന്ന് തോന്നുന്നുണ്ടോയെന്ന് റിതു മന്ത്ര ചോദിച്ചു. കഴിയുന്നിടത്തോളം നില്‍ക്കുമെന്ന് സന്ധ്യാ മനോജ് മറുപടി പറഞ്ഞു.
ഇമേജ് പോകുമെന്ന ഭയമുള്ളതുകൊണ്ടാണോ പ്രശ്‍നങ്ങളില്‍ മിണ്ടാതെ ഇരിക്കുന്നത് എന്നായിരുന്നു നോബി മാന്ത്രിക കസേരയില്‍ ഇരുന്നപ്പോള്‍ റംസാന് ചോദിക്കാനുണ്ടായിരുന്നത്. അല്ല വെറുതെ വഴക്കിടുന്നത് തനിക്ക് ഇഷ്‍ടമില്ല എന്നാണ് നോബിയുടെ മറുപടി.
ഡ്യൂട്ടി ചെയ്യുന്നില്ല എന്ന് താൻ പറഞ്ഞപ്പോള്‍ നോബി ദേഷ്യപ്പെട്ട കാര്യമാണ് ഡിംപലിന് ചൂണ്ടിക്കാട്ടാനുണ്ടായത്. ഇല്ലാത്ത ഒരു കാര്യം പറയാൻ പാടില്ല അതുകൊണ്ടാണ് അങ്ങനെയെന്ന് നോബി മറുപടി പറഞ്ഞു.
എല്ലാവരോടും കൃത്യമായി കാര്യങ്ങള്‍ പറയാനാകാറുണ്ടോയെന്നായിരുന്നു മാന്ത്രിക കസേരയിലിരുന്ന ഭാഗ്യലക്ഷ്‍മിയോട് ഡിംപലിന് ചോദിക്കാനുണ്ടായത്. ഇല്ലെന്നായിരുന്നു മറുപടി. പല കാര്യങ്ങളും അവഗണിക്കാറുണ്ട്. നേരിട്ട് പറയാൻ ആര്‍ജവമില്ലാത്തവര്‍ അവിടെയും ഇവിടെയും ഇരുന്ന് തന്നെ കുറിച്ച് പറയാറുണ്ട്. അത് താൻ അവോയിഡ് ചെയ്യാറുണ്ട് എന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു. ഇന്നലെ മറക്കുന്നുവെന്ന് പറയാറുണ്ടല്ലോ, ഭയമായിട്ടാണോ എന്നായിരുന്നു ഫിറോസ്- സജ്‍ന ദമ്പതിമാരുടെ ചോദ്യം. ഗെയിം തുടങ്ങിയതു മുതല്‍ നടന്ന കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ച് വെച്ച് ആയുധമായി ഉപയോഗിക്കുന്നവരാണ് എല്ലാവരും, എനിക്ക് അത് അറിയില്ല എന്നായിരുന്നു ഭാഗ്യലക്ഷ്‍മിയുടെ മറുപടി. ഇപ്പോഴും ഗെയിം അറിയില്ല. ബിഗ് ബോസില്‍ മുമ്പ് നടന്ന കാര്യം എനിക്ക് ഓര്‍മയുണ്ടാകണമെന്നില്ല എന്ന് ആണ് പറഞ്ഞത്. കഴിഞ്ഞ പോയ കാര്യങ്ങളെ കുറിച്ച് ആലോചിക്കാറില്ല എന്നും ഭാഗ്യലക്ഷ്‍മി പറഞ്ഞു.
ഏത് മത്സരാര്‍ഥിയുടെ ഗെയിം പാറ്റേണ്‍ കണ്ടാണ് എതിരാളിയെന്ന് തോന്നിയത് എന്നായിരുന്നു മാന്ത്രിക കസേരിയിലിരുന്ന കിടിലൻ ഫിറോസിനോട് അഡോണി ചോദിച്ചത്.
മണിക്കുട്ടൻ ആണ് തനിക്ക് എതിരാളിയായി തോന്നുന്നത്, മത്സരിക്കാൻ തോന്നുന്ന പ്ലാനുകള്‍ എന്നായിരുന്നു കിടിലൻ ഫിറോസിന്റെ മറുപടി.
കിടിലൻ ഫിറോസ് ഒളിച്ചുകളിയാണ് ചെയ്യുന്നത്, ഒറ്റയ്‍ക്ക് കളിക്കാൻ പറ്റുന്നില്ല, ധൈര്യം പോര, കൂട്ടത്തെ ഉണ്ടാക്കി കളിക്കുക എന്നായിരുന്നു ഫിറോസ് ഖാൻ- സജ്‍ന ദമ്പതിമാരുടെ ചോദ്യം. ഇങ്ങനെ താങ്കള്‍ക്ക് തോന്നിപ്പിച്ചത് എന്റെ വിജയമായിട്ട് താൻ കാണുന്നുവെന്നായിരുന്നു കിടിലൻ ഫിറോസിന്റെ മറുപടി.