കോലിയും രോഹിത്തും നേര്‍ക്കുനേര്‍; ആര്‍സിബിക്കെതിരെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലയിംഗ് ഇലവന്‍ അറിയാം
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പതിനാലാം സീസണില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നാളെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ഇന്ത്യയുടെ രണ്ട് സൂപ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വരുന്ന മത്സരമാണിത്. മുംബൈയെ നയിക്കുന്നത് രോഹിത് ശര്‍മയും ബാംഗ്ലൂരിനെ നയിക്കുന്നത് ഇന്ത്യന്‍ ക്യാപ്റ്റന്‍. വൈകിട്ട് 7.30ന് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ശക്തരായ എതിരാളികള്‍ക്കെതിരെ ഇറങ്ങുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെ സാധ്യത ഇലവന്‍ അറിയാം...
ക്രിസ് ലിന്‍
കഴിഞ്ഞ സീസണില്‍ ഒരു മത്സരത്തില്‍ ക്രിസ് ലിന്നിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ ആദ്യ മത്സരത്തില്‍ തന്നെ കൡക്കാന്‍ സാധ്യതയേറെയാണ്. ക്വിന്റണ്‍ ഡി കോക്ക് ടീമിനൊപ്പം ഉണ്ടെങ്കിലും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയന്‍ താരത്തെ പരീക്ഷിക്കാന്‍ മുംബൈ തയ്യാറായേക്കും.
രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
ലിന്നിന് ഒപ്പം രോഹിത് ശര്‍മ ക്രീസിലെത്തും. അവസാന സീസണില്‍ സ്ഥിരതയോടെ കളിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നില്ല. പരിക്ക് കാരണം ചില മത്സരങ്ങള്‍ നഷ്ടമാവുകയും ചെയ്തു. എന്നാല്‍ ഫൈനലില്‍ നേടിയ 68 റണ്‍സ് മുംബൈക്ക് തുടര്‍ച്ചയായ രണ്ടാം ഐപിഎല്‍ കിരീടം സമ്മാനിച്ചു.
സൂര്യകുമാര്‍ യാദവ്
മികച്ച ഫോമിലാണ് സൂര്യകുമാര്‍ യാദവ്. അടുത്തിടെ ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ ഇന്ത്യന്‍ ജേഴ്‌സിയിലും താരം അരങ്ങേറിയിരുന്നു. അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടിയ താരം ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധാകേന്ദ്രമായി. മുംബൈ ഇന്ത്യന്‍സിലും മൂന്നാം സ്ഥാനത്ത് മാറ്റം കാണില്ല.
ഇഷാന്‍ കിഷന്‍
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ ചാംപ്യന്മാരാക്കുന്നതില്‍ ഇഷാന്‍ വലിയ പങ്കുണ്ട്. 13 ഇന്നിങ്‌സില്‍ നിന്ന് 516 റണ്‍സാണ് താരം നേടിയത്. രോഹിത്തിന് പരിക്കേറ്റപ്പോള്‍ ഓപ്പണറുടെ റോളിലെത്തിയ കിഷന്‍ അവസരം നന്നായി ഉപയോഗിക്കുകയും ചെയ്തു. രോഹിത് ഓപ്പണറായി എത്തുമ്പോള്‍ ഇഷാന്‍ നാലാം നമ്പറില്‍ ഇറങ്ങും.
കീറണ്‍ പൊള്ളാര്‍ഡ്
മധ്യനിരയില്‍ പൊള്ളാര്‍ഡിന് പകരക്കാരനില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും പൊള്ളാര്‍ഡിന്റെ സേവനം മുംബൈ പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല, ഫീല്‍ഡിങ്ങിലും ഉറപ്പുള്ള പ്രകടനം പൊള്ളാര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാവാറുണ്ട്.
ഹാര്‍ദിക് പാണ്ഡ്യ
കഴിഞ്ഞ സീസണില്‍ മുഴുവന്‍ സമയ ബാറ്റ്‌സ്മാനായിട്ടാണ് പാണ്ഡ്യ കളിച്ചത്. പരിക്ക് കാരണം പന്തെറിയുന്നതില്‍ നിന്ന് താരം മാറിനിന്നിരുന്നു. അടുത്തിടെ ഇംഗ്ലണ്ടിനെതിരെയാണ് പാണ്ഡ്യ സ്ഥിരമായി പന്തെറിഞ്ഞു തുടങ്ങിയത്.
ക്രുനാല്‍ പാണ്ഡ്യ
കഴിഞ്ഞ സീസണില്‍ ശരാശരി പ്രകടനം മാത്രമാണ് ക്രുനാലിന്റെ ഭാഗത്തുനിന്നുണ്ടായത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും വലിയ സ്വാധീനമുണ്ടാക്കാന്‍ ക്രുനാലിന് സാധിച്ചിരുന്നില്ല. എന്നിരുന്നാലും മുംബൈ നിരയില്‍ പ്രധാന താരമാണ് ക്രുനാല്‍. പ്ലയിംഗ് സ്ഥാനമുറപ്പാണ്.
നതാന്‍ കൗള്‍ട്ടര്‍ നൈല്‍
ഓസീസ് താരത്തെ ഇത്തവണ മുംബൈ ഇന്ത്യന്‍സ് റിലീസ് ചെയ്തിരുന്നു. എന്നിരുന്നാലും താരലേലത്തില്‍ ടീമില്‍ തിരിച്ചെത്തിച്ചു. കഴിഞ്ഞ തവണ ഏഴ് മത്സരങ്ങളാണ് താരം കളിച്ചത്. ഇതില്‍ അഞ്ച് വിക്കറ്റുകളും വീഴ്ത്തി. ഇത്തവണ മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
ട്രന്റ് ബോള്‍ട്ട്
ടീമിലെ നാലാം വിദേശതാരമായി ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോല്‍ട്ട് ടീമിലെത്തും. അവസാന സീസണില്‍ മുംബൈയുടെ കിരീടനേട്ടത്തില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട് ബോള്‍ട്ട്. 15 മത്സരങ്ങളില്‍ 25 വിക്കറ്റാണ് താരം വീഴ്ത്തിയത്. നേരത്തെ വിക്കറ്റ് വീഴ്ത്തുന്നതിലും താരം മികച്ചുനിന്നു.
ജസ്പ്രീത് ബുംമ്ര
മുംബൈക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത് ബുമ്രയായിരുന്നു., 27 വിക്കറ്റുകള്‍ താരം അക്കൗണ്ടിലാക്കി. മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയിരുന്നെങ്കില്‍ പര്‍പ്പിള്‍ ക്യാപ്പ് താരത്തിന് സ്വന്തമാക്കാമായിരുന്നു. ഇത്തവണയും ബുമ്ര- ബോള്‍ട്ട് സഖ്യത്തിലാണ് മുംബൈയുടെ പ്രതീക്ഷ മുഴുവന്‍.
രാഹുല്‍ ചാഹല്‍
ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നാറാണ് ചാഹര്‍. അവസാന സീസണിന്റെ ഫൈനലില്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയെങ്കിലും കിരീടധാരണത്തില്‍ വലിയ സ്വാധീനം ചെലുത്തി.