ഐസിസി ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, ബാറ്റിംഗിൽ യശസ്വി ജയ്സ്വാള്‍ രണ്ടാമത്
ബാറ്റിംഗ് റാങ്കിംഗില്‍ രണ്ട് സ്ഥാനം കയറിയ ഇന്ത്യയുടെ യശസ്വി ജയ്സ്വാള്‍ 825 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി.
ദുബായ്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് റാങ്കിംഗില്‍ രണ്ട് സ്ഥാനം കയറിയ ബുമ്ര വീണ്ടും 883 റാങ്കിംഗ് പോയന്റുമായി ഒന്നാമതെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ(872 റാങ്കിംഗ് പോയന്റ്) രണ്ടാമതും ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്(860 റാങ്കിംഗ് പോയന്റ) മൂന്നാമതുമാണ്. ഇന്ത്യയുടെ ആര് അശ്വിനാണ് നാലാം സ്ഥാനത്ത്. പെര്‍ത്ത് ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ ബുമ്ര ഇന്ത്യയുടെ ഐതിഹാസിക വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. മത്സരത്തിലാകെ 72 റണ്‍സ് വഴങ്ങിയാണ് ബുമ്ര എട്ട് വിക്കറ്റെടുത്തത്.
രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴേക്കിറങ്ങി ഏഴാം സ്ഥാനത്താണ്. പതിനെട്ടാം സ്ഥാനത്തുള്ള കുല്‍ദീപ് യാദവാണ് ആദ്യ ഇരുപതിലുള്ള മറ്റൊരു ഇന്ത്യൻ ബൗളര്‍. ബാറ്റിംഗ് റാങ്കിംഗില്‍ രണ്ട് സ്ഥാനം കയറിയ ഇന്ത്യയുടെ യശസ്വി ജയ്സ്വാള്‍ 825 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. 903 റേറ്റിംഗ് പോയന്റുള്ള ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. റിഷഭ് പന്ത് ആറാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ പെര്‍ത്തിലെ സെഞ്ചുറിയോടെ ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയ വിരാട് കോലി പതിമൂന്നാം സ്ഥാനത്തെത്തി.
പെര്‍ത്തില്‍ നിരാശപ്പെടുത്തിയ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഏഴാം സ്ഥാനത്തേക്ക് വീണു. നാലു സ്ഥാനം നഷ്ടമായ ഉസ്മാൻ ഖവാജ ആദ്യ 10ല്‍ നിന്ന് പുറത്തായി പന്ത്രണ്ടാമതാണ്. പതിനേഴാം സ്ഥാനത്തുള്ള ശുഭ്മാന്‍ ഗില്ലാണ് ആദ്യ 20ലുള്ള മറ്റൊരു ഇന്ത്യൻ താരം. അതേസമയം പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ തിളങ്ങിയ ഓസീസ് താരം ട്രാവിസ് ഹെഡ് മൂന്ന് സ്ഥാനം ഉയര്‍ന്ന് പത്താം സ്ഥാനത്തെത്തിയപ്പോള്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു.പിതൃത്വ അവധിയെടുത്ത് പെര്‍ത്ത് ടെസ്റ്റില്‍ നിന്ന് വിട്ടുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ 26-ാം സ്ഥാനത്തുതന്നെയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക