1991ൽ സിയറയിൽ തുടങ്ങിയ യാത്ര, 1998ൽ വിജയകരമായ വിപണി ഇടപെടൽ: ടാറ്റാ മോട്ടോഴ്സിന്റെ 'പാസഞ്ചർ വീരഗാഥ'
പാസഞ്ചർ വാഹനങ്ങളുടെ നിർമാണത്തിൽ നാല് ദശലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ട് ടാറ്റാ മോട്ടോഴ്സ്. 1991 ൽ എസ്‍യുവി വിഭാഗത്തിൽ ടാറ്റ സിയറ പുറത്തിറക്കിക്കൊണ്ട് പാസഞ്ചർ കാർ നിർമാണത്തിലേക്ക് കടന്ന ടാറ്റാ മോട്ടോഴ്സ് മൂന്ന് പതിറ്റാണ്ട് കൊണ്ടാണ് നാല് ദശലക്ഷം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വർഷങ്ങളായി ഇൻഡിക്ക, സിയറ, സുമോ, സഫാരി, നാനോ തുടങ്ങിയ മോഡലുകൾ നിർമ്മിച്ച കമ്പനി 2005-06ൽ പാസഞ്ചർ വാഹന നിർമാണത്തിൽ ഒരു ദശലക്ഷം ഉൽപാദനമെന്ന നേട്ടവും 2015 ൽ മൂന്ന് ദശലക്ഷം എന്ന നാഴികക്കല്ലും മറികടന്നു.
"ടാറ്റ മോട്ടോഴ്സിന് ഇത് വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്. വാഹന നിർമാണ വ്യവസായത്തിലെ വളരെ കുറച്ച് കമ്പനികൾ മാത്രമാണ് ഇന്ത്യയിൽ നിന്ന് ഇത്തരമൊരു നാഴികക്കല്ലിലെത്തിയത്. 1991 ൽ ഞങ്ങൾ ടാറ്റ സിയറ പുറത്തിറക്കിയതുമുതൽ ഇത് ഒരു നീണ്ട യാത്രയായിരുന്നു, ”ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് (പിവിബിയു) പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പിടിഐയോട് പറഞ്ഞു
"കമ്പനി എല്ലായ്പ്പോഴും വിപണി സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുകയും നിരവധി പാത്ത് ബ്രേക്കിംഗ് ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുകയും ചെയ്തു, സിയറ, എസ്റ്റേറ്റ്, സഫാരി, ഇൻഡിക്ക, നാനോ എന്നിവ ഇതിന് ഉദാഹരണമായിരുന്നു, " അദ്ദേഹം കൂട്ടിച്ചേർത്തു. സിയറയ്ക്കൊപ്പം കമ്പനി രാജ്യത്തെ എസ്‍യുവി വിഭാഗത്തിൽ ആദ്യ ഇടപെടൽ നടത്തി. സഫാരിയിലൂടെ കമ്പനി ഇത് കൂടുതൽ ശക്തമാക്കി.
1998 ൽ വിജയപാതയിലൂടെ യാത്ര തുടങ്ങി
സുമന്ത് മൂൽഗങ്കറിനോടുളള ബഹുമാനാർത്ഥം ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയ ടാറ്റ സുമോയിലൂടെ ആദ്യമായി മൾട്ടി പർപ്പസ് വാഹനം എന്ന സങ്കൽപ്പം അവർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഒരു യാത്രാ വാഹനമെന്ന രീതിയിൽ സുമോ ഉപഭോക്തൃ ധാരണകളിൽ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ചു. (ചിത്രം: ശൈലേഷ് ചന്ദ്ര, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് (പിവിബിയു) പ്രസിഡന്റ്)
കമ്പനി 1998 ൽ പാസഞ്ചർ വാഹന നിർമാണത്തിൽ വൻ വിജയത്തിലേക്ക് ഉയർന്നു. ഇതിന് സഹായിച്ച വിപ്ലവകരമായ ഉൽപ്പന്നമായിരുന്നു ടാറ്റ ഇൻഡിക്ക. "ടാറ്റ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ കാറാണിത്, അതിനുശേഷം ഞങ്ങൾ എല്ലായ്പ്പോഴും വിപണിയിൽ നിലനിന്നുപോന്ന സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുകയും, രാജ്യത്തിന്റെ സ്വയം പര്യപ്തത എന്ന ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന സാങ്കേതികവിദ്യകൾ കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തു. സുരക്ഷ, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഞങ്ങളുടെ പാത അതായിരുന്നു, ”ചന്ദ്ര പ്രമുഖ വാർത്താ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.
രാജ്യത്ത് ഇലക്ട്രിക് വാഹന നിർമാണ രംഗത്തിന് നേതൃത്വം നൽകുക കൂടി ഞങ്ങളുടെ ലക്ഷ്യമണെന്ന് ടാറ്റ പറയുന്നു.
വാഹനങ്ങളുടെ സുരക്ഷ പ്രധാനമാണെന്ന തരത്തിൽ ഒരു മാതൃകാപരമായ മാറ്റം ടാറ്റ കൊണ്ടുവന്നിട്ടുണ്ട്,കൂടാതെ രാജ്യത്ത് ക്രാഷ് സുരക്ഷാ പരിശോധന കമ്മീഷൻ ചെയ്യുന്ന ആദ്യത്തെ കമ്പനി ഞങ്ങളാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഗ്ലോബൽ എൻ ക്യാപ്പിൽ നിന്ന് 5 സ്റ്റാർ റേറ്റിംഗ് ലഭിച്ച രാജ്യത്തെ ആദ്യത്തെ മോഡലാണ് കമ്പനിയുടെ കോംപാക്റ്റ് എസ്‍യുവി നെക്സൺ. 67 ശതമാനം വിപണി വിഹിതമുള്ള രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാവ് കൂടിയാണ് ടാറ്റ മോട്ടോഴ്സെന്നും ശൈലേഷ് ചന്ദ്ര പറഞ്ഞു.
കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിലേക്ക്
ഇത് നിലവിൽ ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിൽ നെക്സൺ ഇവിയും ടിഗോറും വ്യത്യസ്ത ശ്രേണികളിലായി വിപണിയിലുണ്ട്. ഭാവിയിൽ കൂടുതൽ വൈദ്യുത മോഡലുകൾ പുറത്തിറക്കാനുള്ള ആഗ്രഹം കമ്പനിക്ക് ഉണ്ട്, പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിന്റെ ഇലക്ട്രിക് പതിപ്പ് അടുത്തതായി എത്തും. നിലവിലെ മോഡൽ ലൈനപ്പിന് കൂടുതൽ സ്വീകാര്യതയോടെ കമ്പനിക്ക് അടുത്ത 10 ലക്ഷം ഉൽപാദന പരിധിയിലെത്താൻ കഴിയുമെന്നും ചന്ദ്ര പ്രതീക്ഷ പ്രകടിപ്പിച്ചു.
സമ്പദ് വ്യവസ്ഥയിൽ പകർച്ചവ്യാധിക്ക് ശേഷം സ്ഥിരത കൈവരിക്കാൻ എല്ലാ കോണുകളിൽ നിന്നുമുളള വളർച്ച തിരികെ വരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ടിയാഗോ, ടിഗോർ, നെക്സൺ, ഹാരിയർ, ആൾട്രോസ് എന്നീ അഞ്ച് ബിഎസ് ആറ് മോഡലുകളാണ് കമ്പനി ഇപ്പോൾ വിൽക്കുന്നത്. ടാറ്റ മോട്ടോഴ് സിന് പൂനെയിലെ ചിഖാലിയിൽ നിർമ്മാണ സൗകര്യമുണ്ട്. ഗുജറാത്തിലെ സനന്ദ്, പൂനെയിലെ രഞ്ജംഗാവോണിൽ ഫിയറ്റിനൊപ്പം ഒരു സംയുക്ത സംരംഭ പ്ലാന്റും നിലവിലുണ്ട്.