2020 ഫോബ്സ് ഇന്ത്യ റിച്ച് ലിസ്റ്റിൽ രണ്ടാം സ്ഥാനം ഗൗതം അദാനിക്ക്, പട്ടികയിലെ ആദ്യ 20 കോടീശ്വരന്മാർ ഇവരാണ്
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ച കൊവിഡ് -19 പകർച്ചവ്യാധി ഉണ്ടായിരുന്നിട്ടും, ഇന്ത്യൻ ശതകോടീശ്വരന്മാർ തങ്ങളുടെ സ്വത്ത് വർധിപ്പിച്ചതായി പുതുതായി പുറത്തിറക്കിയ 100 സമ്പന്ന ഇന്ത്യക്കാരുടെ ഫോബ്സ് പട്ടിക സൂചിപ്പിക്കുന്നു.
"2020 ലെ ഫോബ്സ് ഇന്ത്യ റിച്ച് ലിസ്റ്റിലെ രാജ്യത്തെ 100 സമ്പന്നരിൽ പകുതിയും കൊവിഡ് -19 പകർച്ചവ്യാധി മൂലമുളള പ്രതിസന്ധികൾക്കിടയിലും നേട്ടമുണ്ടാക്കി, ”ഫോബ്സ് പറയുന്നു. ഇന്ത്യയിലെ 100 സമ്പന്നരുടെ കൂട്ടായ ആസ്തി ഒരു വർഷം മുമ്പത്തേക്കാൾ 14 ശതമാനം ഉയർന്ന് 517.5 ബില്യൺ ഡോളറിലെത്തി.
മുകേഷ് അംബാനിയുടെ കുതിപ്പ്
പതിമൂന്നാം വർഷത്തിലും ഒന്നാമതെത്തിയ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയാണ് ഈ നേട്ടങ്ങളിൽ പകുതിയിലധികവും സ്വന്തമാക്കിയത്.
വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി കഴിഞ്ഞ ഒരു വർഷത്തിനിടെ അധികമായി 37.3 ബില്യൺ ഡോളർ തന്റെ സ്വത്തിനോട് കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ ആകെ സമ്പാദ്യം 88.7 ബില്യൺ ഡോളറിലേക്കാണ് കുതിച്ചുയർന്നത്, 73 ശതമാനമാണ് ആകെ ആസ്തി വർധിച്ചത്.
"രാജ്യത്തെ ലോക്ക്ഡൗണിനിടയിൽ, റിലയൻസിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ വിഭാഗമായ ജിയോ പ്ലാറ്റ് ഫോമുകൾക്കായി വൻ തോതിൽ നിക്ഷേപ സമാഹരണം നടത്തിയതാണ് അദ്ദേഹത്തിന്റെ ആസ്തി ഉയരാനിടയാക്കിയത്. ഇത്തരത്തിൽ നിക്ഷേപമായി 20 ബില്യൺ ഡോളറിലധികം സമാഹരിച്ചപ്പോൾ അദ്ദേഹത്തിന്റെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ കുതിച്ചുയർന്നു, ”ഫോർബ്സ് പറഞ്ഞു.
രണ്ടാം സ്ഥാനം അദാനിക്ക്
രണ്ടാം സ്ഥാനം അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി നിലനിർത്തി. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 61 ശതമാനം ഉയർന്ന് 25.2 ബില്യൺ ഡോളറിലെത്തി.
വൻ നേട്ടവുമായി ശിവ് നാടാർ
ജൂലൈയിൽ എച്ച്സിഎൽ ടെക്നോളജീസ് ചെയർമാൻ സ്ഥാനം മകൾ റോഷ്നി നാടാർ മൽഹോത്രയ്ക്ക് വിട്ടുകൊടുത്ത ടെക് വ്യവസായി ശിവ് നാടാർ പട്ടികയിൽ മൂന്ന് സ്ഥാനങ്ങൾ മുകളിലേക്ക് കയറി. 20.4 ബില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തെത്താണ് അദ്ദേഹമിപ്പോൾ. ഇന്ത്യയിലെ മൂന്നാമത്തെ വലിയ സാങ്കേതിക സ്ഥാപനത്തിന്റെ ഓഹരികളും ഓഹരി വിപണിയിൽ വൻ നേട്ടമാണ് സ്വന്തമാക്കിയത്.
2020 ലെ ഫോബ്സ് ഇന്ത്യ റിച്ച് ലിസ്റ്റിലെ ആദ്യ സ്ഥാനക്കാർ ഇവരാണ്:
1. മുകേഷ് അംബാനി (88.7 ബില്യൺ ഡോളർ)
2. ഗൗതം അദാനി (25.2 ബില്യൺ ഡോളർ)
3. ശിവ് നാടാർ (20.4 ബില്യൺ ഡോളർ)
4. രാധാകിഷൻ ദമാനി (15.4 ബില്യൺ ഡോളർ)
5. ഹിന്ദുജ സഹോദരന്മാർ (12.8 ബില്യൺ ഡോളർ)
6. സൈറസ് പൂനവല്ല (11.5 ബില്യൺ ഡോളർ)
7. പല്ലോഞ്ചി മിസ്ട്രി (11.4 ബില്യൺ ഡോളർ)
8. ഉദയ് കൊട്ടക് (11.3 ബില്യൺ ഡോളർ)
9. ഗോഡ്രെജ് കുടുംബം (11 ബില്ല്യൺ ഡോളർ)
10. ലക്ഷ്മി മിത്തൽ (10.3 ബില്യൺ ഡോളർ)
11. സുനിൽ മിത്തൽ (10.2 ബില്യൺ ഡോളർ)
12. ദിലീപ് ഷാങ് വി (9.5 ബില്യൺ ഡോളർ)
13. ബർമൻ കുടുംബം (9.2 ബില്യൺ ഡോളർ)
14. കുമാർ ബിർള (8.5 ബില്യൺ ഡോളർ)
15. അസിം പ്രേംജി (7.9 ബില്യൺ ഡോളർ)
16. ബജാജ് കുടുംബം (7.4 ബില്യൺ ഡോളർ)
17. മധുക്കർ പരേഖ് (7.2 ബില്യൺ ഡോളർ)
18. കുൽദീപും ഗുർബച്ചൻ സിംഗ് ദിംഗ്രയും (6.8 ബില്യൺ ഡോളർ)
19. സാവിത്രി ജിൻഡാൽ (6.6 ബില്യൺ ഡോളർ)
20. മുരളി ഡിവി (6.5 ബില്യൺ ഡോളർ)