ആ വൈറല്‍ ചിത്രത്തിന് പിന്നില്‍... ; ഫോട്ടോഗ്രാഫര്‍ അരുണ്‍ ചന്ദ്രബോസ് സംസാരിക്കുന്നു
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മാധ്യമങ്ങളുടെയും കൂടെ ഉല്‍സവമായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ചലനങ്ങളും വിട്ടുപോവാതെ പകര്‍ത്താന്‍ മാധ്യമങ്ങള്‍ മല്‍സരിച്ച കാലം. ഒന്നിലേറെ ഫോട്ടോഗ്രാഫര്‍മാരുമായാണ് നമ്മുടെ പത്രങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കവര്‍ ചെയ്തത്. എന്നിട്ടും, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നനാള്‍, നമ്മുടെ മിക്ക പത്രങ്ങളും ഒന്നാം പേജില്‍ ആഘോഷമായി പ്രസിദ്ധീകരിച്ചത് തങ്ങളുടെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത പടമായിരുന്നില്ല. തെരഞ്ഞെടുപ്പ് വിജയം നല്‍കിയ ആഘോഷാരവങ്ങള്‍ക്കിടയില്‍, വിജയിച്ച യു ഡി എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് സ്വന്തം വീടിന്‍റെ ഏകാന്തതയില്‍, ഇപ്പോള്‍ കൂടെയില്ലാത്ത ഭര്‍ത്താവ് പി ടി തോമസിന്‍റെ ചിത്രത്തിന് മുന്നില്‍ ഉള്ളുലഞ്ഞു നില്‍ക്കുന്ന ഒരു ഗംഭീര ചിത്രമായിരുന്നു. സ്വന്തം ഫോട്ടോഗ്രാഫര്‍മാര്‍ നിറഞ്ഞു നിന്ന് മികച്ച പടങ്ങള്‍ പകര്‍ത്തിയിട്ടും പല പത്രങ്ങളും, ആരാണ് പകര്‍ത്തിയത് എന്നു പോലും പറയാതെയാണ് ആ ഫോട്ടോഗ്രാഫ് ഗംഭീരമായി പ്രസിദ്ധീകരിച്ചത്. ആരായിരുന്നു ആ ഫോട്ടോഗ്രാഫര്‍? ഇത്രയേറെ ക്യാമറക്കണ്ണുകള്‍ ഒന്നിച്ചു കണ്‍തുറന്നിട്ടും, ആ തെരഞ്ഞെടുപ്പിന്‍റെ ഐക്കണ്‍ ചിത്രമായി മാറിയ ആ ഫോട്ടോ പകര്‍ത്തിയത് ആരായിരുന്നു?
ആ ചിത്രം പ്രസിദ്ധീകരിച്ച പത്രങ്ങളില്‍ മംഗളം മാത്രമാണ് ആരാണ് ആ ഫോട്ടോഗ്രാഫറെന്ന് അടയാളപ്പെടുത്തിയത്. അത് അരുണ്‍ ചന്ദ്രബോസ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ പടമായിരുന്നു. അരുണ്‍ കൊച്ചിയിലെ വാര്‍ത്താചിത്ര മേഖലയില്‍ പുതിയ ആളല്ല. 22 വര്‍ഷം മനോരമയടക്കം കേരളത്തിലെ വിവിധ മാധ്യമങ്ങളില്‍ ന്യൂസ് ഫോട്ടോ ജേര്‍ണലിസ്റ്റ് കൂടിയായിരുന്ന അരുണ്‍ ചന്ദ്രബോസ് ഇപ്പോള്‍ വാര്‍ത്താ ഏജന്‍സികള്‍ക്ക് വേണ്ടി ചിത്രങ്ങളെടുക്കുകയാണ്. മറ്റൊരു കൗതുകം കൂടിയുണ്ട്. പി ടി തോമസിന്‍റെ ഒഫീഷ്യല്‍ ഫോട്ടോഗ്രാഫറായിരുന്നു അരുണ്‍. ഇപ്പോള്‍ ഉമാ തോമസിന്‍റെയും.
എങ്ങനെയാണ് ആ ചിത്രം പിറന്നത്? ആ നിമിഷം ഉമ തോമസ് ഏതേത് വികാരനിര്‍ഭരമായ അവസ്ഥകളിലൂടെയാണ് കടന്നുപോയത്? അരുണ്‍ ചന്ദ്രബോസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് ആ കഥ പറയുകയാണ്:
''എല്ലാ ദിവസവും പ്രചാരണത്തിന് ഇറങ്ങുന്നതിന് തൊട്ട് മുമ്പ് 'പി ടിയുടെ അടുത്ത് പോയിട്ട് വരാം' എന്ന് പറഞ്ഞ് ചേച്ചി അദ്ദേഹത്തിന്‍റെ ചിത്രം വച്ചിരിക്കുന്ന മുറിയില്‍ പോയി ഒരു നിമിഷം നില്‍ക്കും. പെരിയാറിലും തിരുനെല്ലിയിലും ഗംഗയിലും തന്‍റെ ചിതാഭസ്മം നിമജ്ജനം ചെയ്യണമെന്നായിരുന്നു പി ടിയുടെ ആഗ്രഹം. പെരിയാറിലും തിരുനെല്ലിയിലും ചിതാഭസ്മം നിമജ്ജം ചെയ്തു. ഗംഗയില്‍ നിമജ്ജനം ചെയ്യാനായി സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം പി ടി ഉപയോഗിച്ചിരുന്ന ആ മുറിയില്‍ അദ്ദേഹത്തിന്‍റെ ചിത്രത്തിന് സമീപത്തായി ഒരു കെടാവിളക്കിന് സമീപമാണ് സൂക്ഷിച്ചിരിക്കുന്നത്. അതിന് മുമ്പില്‍ പോയി ഒരു നിമിഷം കണ്ണടച്ച് നിന്നതിന് ശേഷം മാത്രമാണ് ഉമ ചേച്ചിയുടെ ഓരോ പ്രചാരണ ദിവസവും ആരംഭിക്കുന്നത്.''-അരുണ്‍ പറഞ്ഞു തുടങ്ങുന്നു.
''അന്ന് തെരഞ്ഞെടുപ്പ് റിസള്‍ട്ട് അറിയുന്നതിനായി മഹാരാജാസ് കോളേജിലേക്ക് പോകുന്നതിന് മുമ്പും ഉമ ചേച്ചി ആ ചിതാഭസ്മത്തിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ച ശേഷമാണ് ഇറങ്ങിയത്. തെരഞ്ഞെടുപ്പ് വിജയം അറിഞ്ഞ് പ്രവര്‍ത്തകരുടെ ആഹ്‌ളാദ പ്രകടങ്ങള്‍ക്കെല്ലാം ഒടുവില്‍ രാത്രി ഏതാണ്ട് ഏഴരയോടെയാണ് ഞങ്ങള്‍ തിരിച്ച് വീട്ടിലെത്തുന്നത്. അപ്പോഴും വീട്ടില്‍ ആഹ്‌ളാദ പ്രകടനത്തിനെത്തിയ വന്‍ ജനാവലിയുണ്ടായിരുന്നു. വീട്ടിലെത്തിയ ഉടനെ പി ടിയുടെ അടുത്ത് പോയിട്ട് വരാമെന്ന് പറഞ്ഞ് ചേച്ചി പടികള്‍ കയറി. പടികള്‍ കയറുമ്പോള്‍ തന്നെ ചേച്ചി വിതുമ്പുന്നുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ തന്നെ അവര്‍ വിങ്ങിപ്പൊട്ടി. മുറിയിലേക്ക് കയറിയതും പി ടിയുടെ ചിതാഭസ്മത്തില്‍ കെട്ടിപിടിച്ച് അവര്‍ കരച്ചിലാരംഭിച്ചു. അപ്പോഴും ഞാന്‍ ചില ചിത്രങ്ങളെടുത്തിരുന്നു. ഒടുവില്‍, എല്ലാവരും കൂടി ചേച്ചിയെ പിടിച്ച് മാറ്റിയപ്പോള്‍ ആ ഷെല്‍ഫില്‍ ചാരി നിന്ന് ചേച്ചി പൊട്ടിക്കരയാന്‍ തുടങ്ങി. സ്വാഭാവികമായും ഒരു ന്യൂസ് ഫോട്ടാഗ്രാഫറായ ഞാന്‍ ആ കാഴ്ചകള്‍ ഒപ്പിയെടുത്തു. ആ ചിത്രത്തിന്റെ വാര്‍ത്താപ്രധാന്യത്തെ കുറിച്ച് മറ്റാരെക്കാളും എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ആ ചിത്രം പിറ്റേന്ന് പല പത്രങ്ങളുടെയും ഒന്നാം പേജില്‍ അച്ചടിച്ച് വന്നതും.''-അരുണ്‍ തുടരുന്നു.
പിറ്റേന്ന് ചിത്രം പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതിനെ കുറിച്ച് അരുണ്‍ ചേച്ചിയോട് പറഞ്ഞു. ചെറിയൊരു നിശ്ശബ്ദതയ്ക്ക് ശേഷം അവര്‍ അരുണിനോട് ഇങ്ങനെ പറഞ്ഞു:''ഒരു പാട് പേര് വിളിച്ചു... ചിത്രം കണ്ട് കരഞ്ഞതായി.'
''ആ സംഭാഷണം അവിടെ മുറിഞ്ഞു. പി ടിയും അങ്ങനെ തന്നെയായിരുന്നു. നമുക്ക് ഒരു ജോലി തന്നിട്ടുണ്ട്. അത് ഭംഗിയായി ചെയ്യുമെന്ന് പി ടിയ്ക്ക് അറിയാം. അദ്ദേഹം ഒരിക്കലും അത്തരം കാര്യങ്ങളില്‍ ഇടപെട്ടിരുന്നില്ല. ഉമാ തോമസും അങ്ങനെ തന്നെയാണ്.''-അരുണ്‍ ഓര്‍ക്കുന്നു.
പ്രീഡിഗ്രി പഠനത്തിന് ശേഷം ഫോട്ടോഗ്രഫിയുമായി നടക്കുമ്പോഴാണ് മനോരമയിലെ ഇപ്പോഴത്തെ ഫോട്ടോ എഡിറ്റര്‍ ഇ വി ശ്രീകുമാര്‍, എന്നെ മനോരമയിലേക്ക് ക്ഷണിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ മൂപ്പരുടെ ചിത്രങ്ങളുടെ ആരാധകനായിരുന്നു ഞാനും. അങ്ങനെ, മട്ടാഞ്ചേരിയില്‍ വച്ച് നടന്ന ഒരു യുവജനോത്സവത്തിന് ശ്രീചേട്ടന്‍റെ അസിസ്റ്റന്‍റായി ഞാനും ന്യൂസ് ഫോട്ടോഗ്രഫിയുടെ ഭാഗമായി. തുടര്‍ന്ന് 11 വര്‍ഷത്തോളം മനോരമയില്‍ കൊച്ചി സ്ട്രിങ്ങര്‍ ആയിരുന്നു. അവിടെ നിന്ന് ഡക്കാന്‍ ക്രോണിക്കിള്‍ ആരംഭിക്കുമ്പോള്‍ ശ്രീചേട്ടന്‍ വഴി തന്നെയാണ് അവിടെയും കയറുന്നത്. പിന്നീട് അവിടെ നിന്നും ഇറങ്ങി. ഇപ്പോള്‍ എഎഫ്‍പി എന്ന ഫോട്ടോ ഏജന്‍സിക്ക് വേണ്ടി ജോലി ചെയ്യുന്നു.
നിപ, പ്രളയം, കൊവിഡ്, കോഴിക്കോട് വിമാനാപകടം എന്നിങ്ങനെ അടുത്ത കാലത്ത് കേരളം അനുഭവിച്ചതെല്ലാം എഎഫ്‍പിക്ക് വേണ്ടി എടുത്തതും അവയൊക്കെ ലോകം കണ്ടതും എന്‍റെ ചിത്രങ്ങളിലൂടെയായിരുന്നു. തകര്‍ന്ന് കിടക്കുന്ന എയര്‍ ഇന്ത്യ വിമാനത്തിന് മുകളിലൂടെ ലാന്‍റ് ചെയ്യാനായി മറ്റൊരു വിമാനം പറന്നുവരുന്നത് പോലുള്ള ചിത്രങ്ങള്‍ അന്താരാഷ്ട്രാതലത്തില്‍ തന്നെ ശ്രദ്ധനേടിയ ചിത്രങ്ങളാണ്.
കേരളത്തിലെ പ്രളയ ചിത്രമെന്ന പേരില്‍ വിദേശരാജ്യങ്ങളിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട പല ചിത്രങ്ങളും എഎഫ്‍പിക്ക് ഞാന്‍ നല്‍കിയ ചിത്രങ്ങളായിരുന്നു. ഗാഡിയന്‍, വാഷിങ്ങ്ടണ്‍ പോസ്റ്റ്, ചൈനയിലെ പത്രങ്ങള്‍... അങ്ങനെ ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിലെ നിരവധി പത്രങ്ങളിലും ഓണ്‍ലൈനുകളിലും പ്രസിദ്ധീകരിച്ച് വന്നതും ഞാനെടുത്ത ചിത്രങ്ങളാണ്. കേരളത്തിലെ കൊവിഡ് വ്യാപനങ്ങളും പ്രതിരോധവും വാഷിംഗ്ടണ്‍ പോസ്റ്റും ഗാഡിയനും ബൈലൈന്‍ വച്ച് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിനിടെയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ പി ടിയുടെ പേഴ്സണല്‍ ഫോട്ടോഗ്രഫറായി എത്തുന്നത്. ലോക്കല്‍ ബോഡി ഇലക്ഷനില്‍ ഞാന്‍ തന്നെയാണ് ഒട്ടുമിക്ക പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെയും ഫോട്ടോഷൂട്ട് നടത്തിയിരുന്നത്. ഏതാണ്ട് നൂറോളം സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍ ഡിസൈനിന് വേണ്ടി ഫോട്ടോഷൂട്ട് നടത്തുന്നതിനിടെയാണ് പി ടി തോമസ് എന്നെ വിളിക്കുന്നത്. "അരുണ്‍... ഞാന്‍, പി ടി തോമസ്. എനിക്കൊന്ന് കാണണം." അത് മാത്രമായിരുന്നു ആദ്യത്തെ ഞങ്ങളുടെ സംഭാഷണം. ഫോട്ടോഷൂട്ടിന്‍റെ തിരക്കൊക്കെ കഴിഞ്ഞ് ഞാനൊരു ദിവസം അദ്ദേഹത്തിന്‍റെ വീട്ടിലെത്തി.
ഉമ ചേച്ചിയെയാണ് അദ്ദേഹം ആദ്യം പരിചയപ്പെടുത്തുന്നത്. "ഉമ, ഇത് അരുണ്‍. അരുണാകും ഇനി എന്‍റെ ഫോട്ടോഷൂട്ടും വീഡിയോയും എല്ലാം നോക്കുന്നത്. " എന്ന് പറഞ്ഞാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. തികഞ്ഞ ഒരു കുടുംബാന്തരീക്ഷമായിരുന്നു അവിടെ. അദ്ദേഹം മണ്ഡലത്തില്‍ ചെയ്തിരുന്നതും ഇനി ചെയ്യേണ്ടതും രാഷ്ട്രീയവും എന്ന് വേണ്ട പി ടി തോമസ് എന്ന വ്യക്തിയുടെ ജീവിതത്തിലെ സര്‍വ്വകാര്യങ്ങളും ഉമ ചേച്ചിയും അറിഞ്ഞു കൊണ്ടാണ് നടന്നിരുന്നത്. വീട്ടുകാര്യങ്ങളും കേരള രാഷ്ട്രീയവും അവിടെ രണ്ടായിരുന്നില്ല, ഒന്ന് തന്നെയായിരുന്നു. പി ടി തോമസിന്‍റെ നിഴലെന്ന് പറഞ്ഞ് ഉമ തോമസിനെ ഒരു അരികിലേക്ക് ഒതുക്കി നിറുത്തുന്നത് വെറും രാഷ്ട്രീയ നേട്ടത്തിനായുള്ള നീക്കം മാത്രമാണെന്ന് എനിക്ക് പറയാന്‍ കഴിയും... അരുണ്‍ തുടര്‍ന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതലാണ് ഞാന്‍, പി ടി തോമസിന്‍റെ പേഴ്സണല്‍ ഫോട്ടോഗ്രാഫാറാകുന്നത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്ക് 'രാഷ്ട്രീയ വ്യക്തത' ഉണ്ടായത് കൊണ്ട് മാത്രമായില്ല. മറിച്ച് മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം പതിയണം. അത് വ്യക്തിയുടെ രാഷ്ട്രീയ വ്യക്തതയ്ക്കും അപ്പുറത്തുള്ള കാഴ്ചയുടെ ഒരു കാര്യമാണ്. അക്കാര്യമാണ് തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഓരോ ഫോട്ടോഗ്രാഫറും ശ്രദ്ധിക്കുന്നത്. പി ടി മറ്റ് രാഷ്ട്രീയക്കാരില്‍ നിന്നും നിലപാടുകള്‍ കൊണ്ട് വ്യത്യസ്തനാണ്.
എന്തിന്, ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹമൊരിക്കലും വെള്ള വസ്ത്രങ്ങളല്ലാതെ മറ്റൊരു നിറവും ഉപയോഗിച്ചിരുന്നില്ല. വൈറ്റ് ആന്‍റ് വൈറ്റ് ഇഷ്ടപ്പെടുന്ന മനുഷ്യനാണ് അദ്ദേഹം. അങ്ങനെ തെരഞ്ഞെടുപ്പിന് വേണ്ടി സാമൂഹ്യമാധ്യമങ്ങള്‍ക്കും ഫ്ലക്സുകള്‍ക്കുമായി ഒരു കളര്‍ ഷര്‍ട്ടിട്ട ചിത്രം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ തന്നെ അദ്ദേഹം അത് നിസരിച്ചു. പിന്നെ, ഞങ്ങളുടെ എല്ലാവരുടെയും ഏറെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അത്തരം പോസ്റ്റര്‍ ചിത്രങ്ങള്‍ക്കായി അദ്ദേഹം കളര്‍ ഷര്‍ട്ടിട്ട് പോസ് ചെയ്തത്.
ആ വീട്ടില്‍ വെറുമൊരു ഫോട്ടോഗ്രാഫര്‍ എന്നതിനേക്കാള്‍ ഒരു അംഗമെന്ന തരത്തിലായിരുന്നു നമ്മളെ കരുതിയിരുന്നത്. പി ടിയുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ഈ കരുതല്‍ ആ വീട്ടില്‍ നിന്നും അനുഭവിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പി ടിയും ഉമയും മാത്രമല്ല, ആ വീട്ടിലെ എല്ലാ അംഗങ്ങളും അങ്ങനെ തന്നെയാണ് പെരുമാറിയിരുന്നതും ഇപ്പോഴും നമ്മളെ കരുതുന്നതും. ഒരു ജേഷ്ഠ സഹോദരന്‍ എന്ന് തരത്തിലാണ് പി ടി എല്ലാവരോടും പെരുമാറിയിരുന്നത്. അതുകൊണ്ട് തന്നെയാണ് പി ടിയുടെ മരണ സമയത്ത് അദ്ദേഹത്തെ ഒരു നോക്ക് കാണാന്‍ അത്രയേറെ ജനം എത്തിചേര്‍ന്നതും.
രാവിലെ ആറ് മണിക്കാണ് പി ടിയുടെ യാത്രകള്‍ ആരംഭിക്കുന്നത്. അത് അവസാനിക്കുന്നതാകട്ടെ വൈകീട്ട് 12 മണിയോടെ വീട്ടില്‍ കയറുമ്പോഴാകും. ഈ സമയങ്ങളിലെല്ലാം പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ഏതാണ്ട് ഒരു മാസക്കാലത്തോളം അദ്ദേഹത്തോടൊപ്പം നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സമയങ്ങളില്‍ അദ്ദേഹം നമ്മളുമായി പങ്കുവയ്ക്കാത്തതായി ഒന്നും തന്നെയുണ്ടായിരുന്നില്ല. അതോടൊപ്പം നമ്മുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ചോദിച്ചറിയുകയും ചെയ്യും.
എല്ലാ കാര്യങ്ങളും നമ്മളോട് പറയുമ്പോഴും സ്വന്തം നിലപാടുകളില്‍ ഒരു വിട്ട് വീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിനിടെ ഒരു ദിവസം അദ്ദേഹം പ്രസ് മീറ്റ് വിളിക്കണമെന്ന് പറഞ്ഞു. അതുവരെയുള്ള എല്ലാ കാര്യങ്ങളും കൃത്യമായിട്ടായിരുന്നു പോയിരുന്നത്. പിന്നെ പെട്ടെന്ന് എന്തിനാണ് ഒരു പ്രസ് മീറ്റ് എന്ന് ചോദിച്ചപ്പോഴാണ് കടമ്പ്രയാര്‍ മലിനീകരണവുമായി ബന്ധപ്പെട്ടാണെന്ന് പ്രസ് മീറ്റെന്ന് അദ്ദേഹം പറഞ്ഞത്. രണ്ട് തവണ അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ഞാന്‍ ശ്രമം നടത്തി. തെരഞ്ഞെടുപ്പിനിടെ അതൊരു വിഷയമാക്കിയാല്‍ തിരിച്ചടിക്കുമോ എന്നായിരുന്നു എന്‍റെ ഭയം.. അരുണ്‍ തുടര്‍ന്നു.
എന്നാല്‍ പി ടി, പ്രസ് മീറ്റില്‍ ഉറച്ച് നിന്നു. പിന്നേറ്റ് പ്രസ് മീറ്റില്‍ കടമ്പ്രയാര്‍ മലിനീകരണത്തിനെതിരെ വിശദമായി തന്നെ അദ്ദേഹം സംസാരിച്ചു. തിരിച്ച് വാഹനത്തിലെത്തിയപ്പോള്‍, 'അരുണേ, എന്‍റെ മനസിപ്പോള്‍ ശാന്തമാണ്. എനിക്ക് പറയാനുള്ളത് ഞാന്‍ പൊതുസമൂഹത്തോട് പറഞ്ഞു. ഇപ്പോഴാണ് എനിക്ക് സ്വസ്ഥത കിട്ടിയത്.' എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോ എന്നത് പി ടിയുടെ വിഷയമല്ലായിരുന്നു. മറിച്ച്, തന്‍റെ നിലാപട് എന്താണെന്ന് ജനങ്ങള്‍ അറിയണമെന്നത് അദ്ദേഹത്തിന്‍റെ നിര്‍ബന്ധമായിരുന്നു, അതിന്‍റെ തിരിച്ചടി എന്ത് തന്നെയായാലും.
കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും പി ടി തോമസ് എങ്ങനെയാണ് വാര്‍ഡ് തലം മുതല്‍ പ്രവര്‍ത്തകരെ സജ്ജമാക്കുന്നതെന്ന് കണ്ട് പഠിക്കേണ്ടതുണ്ട്. പ്രചാരണം അവസാനിപ്പിച്ച് രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ട് മണിക്കും തിരിച്ചെത്തിയ ശേഷമാകും അദ്ദേഹം ബൂത്തുതല മീറ്റിങ്ങുകള്‍ പലപ്പോഴും വിളിച്ച് കൂട്ടുക. ആ ബൂത്ത് മീറ്റിങ്ങുകളില്‍ ഏത് പാതി രാത്രിയിലാണെങ്കിലും പ്രവര്‍ത്തകരെല്ലാവരും പങ്കെടുക്കും. അരൂര്, ഷാനിമോള്‍ ഉസ്മാന്‍റെ വിജയത്തിന് പിന്നിലും പിടിയുടെ ഈ ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തനമാണെന്ന് നിസംശയം പറയാന്‍ കഴിയും. നിരന്തരം മീറ്റിങ്ങുകള്‍ വിളിച്ച് പ്രവര്‍ത്തകരെ ഉത്തേജിപ്പിച്ച് തെരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു.
2021 ല്‍ കേരളം മുഴുവന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമെത്തി. എന്നാല്‍, ഇരുവരും തൃക്കാക്കര മണ്ഡലത്തില്‍ മാത്രം പ്രചാരണത്തിന് എത്തിയില്ല. സ്വാഭാവികമായും ഞാന്‍ ഇക്കാര്യം അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹത്തിന്‍റെ മറുപടി, 'അരുണേ, രാഹുല്‍ ഗാന്ധിയും പ്രയങ്കാ ഗാന്ധിയും മണ്ഡലത്തിലെത്തുമ്പോള്‍ അതിനായി മാത്രം നാല് ദിവസം നമ്മുടെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കേണ്ടിവരും. അതായത് ആ നാല് ദിവസം നമ്മുടെ പ്രവര്‍ത്തനം നിലയ്ക്കും. പകരം ആ നാല് ദിവസം നമ്മുക്കായി പ്രവര്‍ത്തിച്ചാല്‍ പത്ത് വോട്ടെങ്കിലും കൂടുതല്‍ ലഭിക്കും. " എന്നായിരുന്നു. ദേശീയ നേതാക്കള്‍ മണ്ഡലത്തിലെത്തിയാലും ഇല്ലെങ്കിലും മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായും വിശ്വസിച്ചിരുന്നു. നേതൃത്വങ്ങളെക്കാള്‍ കൂടുതല്‍ സ്വന്തം അണികളിലായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം. അത് തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ വിജയത്തിന് പിന്നിലും.
പി ടിയുടെ അസാന്നിധ്യം ഉമാ തോമസ് മറികടന്നെന്ന് പറയാന്‍ പറ്റില്ല. പ്രചാരണത്തിനിടെ മണ്ഡലത്തിലെ ആളുകള്‍ ചേച്ചിയുടെ അടുത്ത് വന്ന് പി ടിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കും. അവര്‍ക്ക് മുന്നില്‍ ചിരിച്ച് കൊണ്ട് നില്‍ക്കുന്ന ഉമ തോമസ് എന്ന സ്ഥാനാര്‍ത്ഥി, പ്രചാരണ വാഹനത്തില്‍ കയറിയാല്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മകളില്‍ വിങ്ങിപ്പൊട്ടി കരയുകയാകും. അവരുടെ ബന്ധത്തിന്‍റെ ആഴം അങ്ങനെയായിരുന്നു.
പിന്നെ, പ്രചാരണ വാഹനം നിര്‍ത്തി ഞങ്ങളെല്ലാവരും ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ചാണ് ചേച്ചിയെ അടുത്ത പ്രചാരണ സ്ഥലത്തേക്ക് കൊണ്ട് പോയിരുന്നത്. ഒന്നും രണ്ടും തവണയല്ല, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിരവധി തവണ ഇത് പോലെ പി ടി ചെയ്ത ഉപകാരങ്ങളെ കുറിച്ചും പിടിയുടെ സ്നേഹത്തെ കുറിച്ചും മണ്ഡലത്തിലെ ആളുകള്‍ ചേച്ചിയോട് പങ്കുവയ്ക്കും. അപ്പോഴൊക്കെ ഇത് തന്നെയാണ് അവസ്ഥ. ഒരോ ദിവസവും ഇത്തരത്തില്‍ നിരവധി തവണ ഞങ്ങള്‍ക്ക് വാഹനം നിര്‍ത്തി ചേച്ചിയെ സമാധാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്.
പി ടി തോമസ് എല്ലാവര്‍ക്കും സുപരിചിതനായ വ്യക്തിയാണ് അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ ചിത്രമെടുക്കുമ്പോള്‍ മുഖം ബ്ലോ അപ്പ് ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍, ഉമാ തോമസ് അങ്ങനെയല്ല, കേരള രാഷ്ട്രീയത്തില്‍ പുതിയ മുഖമാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ ആ മുഖം പെട്ടെന്ന് പതിയാനായി അല്‍പം ബ്ലോ അപ്പ് ചെയ്തിട്ടുണ്ട്. അത് ഒരു തെരഞ്ഞെടുപ്പ് ഫോട്ടോ സ്ട്രാറ്റജി കൂടിയാണ്.
നിലപാടുകളുടെ പേരില്‍ ഒരു പാട് നഷ്ടങ്ങള്‍ സംഭവിച്ച ഒരാളാണ് പി ടി. എന്നാല്‍, അത്തരം നഷ്ടങ്ങള്‍ പി ടിക്ക് ഒരിക്കലും ഒരു നഷ്ടമായി തോന്നാതിരുന്നത് ഉമാ തോമസിനെ പോലുള്ള ഒരാള്‍ കൂടെയുള്ളത് കൊണ്ടാണ്. പി ടിയ്ക്ക് ഉണ്ടായിരുന്ന പല ഗുണങ്ങളും ഉമാ തോമസിലും കാണാന്‍ കഴിയും. പലപ്പോഴും നമ്മളെ പ്രകോപിതനാക്കുന്ന പലതിനോടും ഉമാ തോമസ് അവര്‍ക്ക് മാത്രം സാധ്യമാകുന്ന പ്രത്യേകമായ നിര്‍മമതയോടും സ്നേഹത്തോടും സമീപിക്കുന്നത് പ്രചാരണത്തിന് ഇടയ്ക്ക് നിരവധി തവണ കണ്ടിട്ടുണ്ട്.
പി ടിയുടെ പ്രവര്‍ത്തനങ്ങളെല്ലാം സ്വന്തമായ ടൈംടേബിള്‍ അനുസരിച്ചായിരിക്കും നടക്കുന്നത്. അത് അദ്ദേഹത്തിന്‍റെ അച്ചടക്കത്തിന്റെയും ജീവിത രീതിയുടെയും ഭാഗമാണ്. എന്നാല്‍, ഉമ ചേച്ചിയിലെത്തുമ്പോള് ഈ അച്ചടക്കത്തെയും ടൈംടേബിളിനെയും വളരെ കൂളായി തന്നെ അവര്‍ കൈകാര്യം ചെയ്യുന്നത് കാണാം. പി ടിയോടുള്ള സ്നേഹം മാത്രമമാണ് ഉമ ചേച്ചിയെ ബാധിക്കുന്ന ഏക കാര്യമാണെന്നാണ് തോന്നിട്ടുള്ളത്. പി ടിയുടെ കരുത്ത് ഉമ ചേച്ചിയുടെ സാന്നിധ്യം തന്നെയായിരുന്നു.
19 -ാമത്തെ വയസില്‍ ന്യൂസ് ഫോട്ടോഗ്രഫി രംഗത്തെത്തിയ ആളാണ് ഞാന്‍. 22 വര്‍ഷമായി ന്യൂസ് ഫോട്ടോഗ്രഫി രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. അതിന്‍റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴും. അതായത്, നമ്മളുടെ കാഴ്ചകളെല്ലാം ന്യൂസ് ഫോട്ടോഗ്രഫി കാഴ്ചകളാണെന്ന് പറഞ്ഞാലും തെറ്റില്ല. അത് ശീലത്തിന്റെ ഭാഗമാണ്. അതിപ്പോള്‍ ഒരു ഏതൊരു വിഷയമെടുക്കാനായി ക്യാമറയുമായി പോകുമ്പോഴും , എന്തിന് യാത്ര ചെയ്യുമ്പോഴും നടക്കുമ്പോള്‍ പോലും കാണുന്ന കാഴ്ചകളെ ന്യൂസ് ഫോട്ടോയുടെ കാഴ്ചയിലൂടെയാണ് കാണുന്നത്. അത് പ്രഫഷണലിസത്തിന്റെ ഭാഗമാണ്. അത്തരമൊരു അവസ്ഥയില്‍, അത്തരത്തിലൊരു ചിത്രം കാണുമ്പോള്‍ അത് ക്യാമറയില്‍ പകര്‍ത്താനായിരിക്കും ഏതൊരു ന്യൂസ് ഫോട്ടോഗ്രാഫറുടെയും ആദ്യത്തെ ശ്രമം. അതിനെ അംഗീകരിക്കേണ്ടവര്‍ക്ക് അംഗീകരിക്കാം. ട്രോളാന്‍ തോന്നുന്നവര്‍ക്ക് ട്രോളാം. എങ്കിലും എന്‍റെ ജോലി ഞാന്‍ തുടരുക തന്നെ ചെയ്യും അരുണ്‍ ചന്ദ്ര ബോസ് പറഞ്ഞു നിര്‍ത്തി.
(തയ്യാറാക്കിയത്: കെ ജി ബാലു)