നഗ്നമായ ഉടലുകള്‍, അതുവരെ കാണാത്ത കാഴ്‍ചകള്‍; അന്നത്തെ കാലത്ത് ഈ പെണ്‍ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍
1922 -ലാണ് സോവിയറ്റ് യൂണിയനില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ജര്‍മ്മൈന്‍ ക്രുള്‍ എന്ന ഫോട്ടോഗ്രാഫര്‍ ബര്‍ലിനില്‍ വന്നിറങ്ങുന്നത്. ബോള്‍ഷെവിക് വിരുദ്ധ വികാരം വച്ചുപുലര്‍ത്തി എന്നതായിരുന്നു അവള്‍ക്കെതിരെയുള്ള കുറ്റം. നാടുവിടുമ്പോള്‍ അവളുടെ കൂടെ കാമുകന്‍ സാമുവല്‍ ലെമിറ്റും ഉണ്ടായിരുന്നു. എന്നാല്‍, അയാളും പിന്നീട് അവളെ ഉപേക്ഷിക്കുകയാണുണ്ടായത്. ക്രുള്‍ എത്തിച്ചേരുന്ന സമയം ബെര്‍ലിന്‍ ഒരു നവോത്ഥാനത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. ജര്‍മ്മന്‍ എക്സ്പ്രഷനിസ്റ്റ് പെയിന്‍റിംഗ്, ജംഗിയന്‍ ഫിലോസഫി തുടങ്ങി സകലമേഖലകളും ഊര്‍ജ്ജിതമായ കാലം. ഒരു ബൊഹീമിയന്‍ സ്വഭാവമായിരുന്നു ക്രുളിന്. അതുകൊണ്ടുതന്നെ ആ നഗരം അവള്‍ക്ക് യോജിച്ചത് തന്നെയായിരുന്നു. ആധുനിക ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന സ്വതന്ത്രയായ സ്ത്രീയായിരുന്നു അവര്‍. പരമ്പരാഗതമായ സങ്കല്‍പങ്ങളെയും പുരുഷാധിപത്യത്തെയും വെല്ലുവിളിക്കുന്ന പ്രകൃതമായിരുന്നു അവളുടേത്. ശരിക്കും ഫോട്ടോഗ്രഫിയില്‍ എന്തായിരുന്നു ക്രുളിന്‍റെ സംഭാവന? ആരായിരുന്നു അവര്‍?
'ആ സമയത്ത് ഞാനെന്തെങ്കിലും പുതുതായി ഉണ്ടാക്കാന്‍ ശ്രമിച്ചു. അങ്ങനെയാണ് ചില നഗ്നമായ ചിത്രങ്ങളെടുക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്' എന്നാണ് തന്‍റെ ഓര്‍മ്മക്കുറിപ്പുകളില്‍ ക്രുള്‍ താന്‍ പകര്‍ത്തിവെച്ച ചിത്രങ്ങളെ കുറിച്ച് പറഞ്ഞത്. രഹസ്യപ്പൊലീസ് അറസ്റ്റ് ചെയ്‍തതിനുശേഷം ബെര്‍ലിനിലേക്കും പിന്നീട് പാരിസിലേക്കുമുള്ള യാത്രകളെല്ലാം അവള്‍ സര്‍ഗ്ഗാത്മകമായി സമ്പന്നമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പോകുന്നിടത്തെല്ലാം തന്‍റെ ക്യാമറയും അവള്‍ കൊണ്ടുപോയി. ഓരോ നഗരങ്ങളും പകര്‍ത്തി. ഒപ്പം നഗ്നമായ സ്ത്രീ ഉടലുകളും സ്വവര്‍ഗാനുരാഗത്തെ പ്രതിഫലിപ്പിക്കുന്ന ചില നഗ്നചിത്രങ്ങളും പകര്‍ത്തപ്പെട്ടു. ഇതെല്ലാം അവളെ കലയുടെ ലോകത്ത് സജീവമായി നിലനില്‍ക്കാനനുവദിച്ചു.
ഫാഷന്‍, ഫോട്ടോ ജേണലിസം, പരസ്യം തുടങ്ങിയ മേഖലകളിലെ അവളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ക്രുള്‍, അലക്സാണ്ടര്‍ റോഡ്‍ചെങ്കോ, ലോസ്‍ലോ മൊഹോലി നാഗി എന്നിവര്‍ രൂപം കൊടുത്ത 'ന്യൂ വിഷന്‍ മൂവ്മെന്‍റി'ന്‍റെ ഭാഗമായി. എന്നാല്‍, 20 -ാം നൂറ്റാണ്ടിലെ, സമകാലികരായ മറ്റ് സ്ത്രീ ഫോട്ടോഗ്രാഫര്‍മാരെപ്പോലെ തന്നെ അവള്‍ക്കും പുരുഷന്മാരായ എതിരാളികളുടെ പ്രശംസയോ അത്രയും സ്ഥാനമോ കിട്ടിയിരുന്നില്ല. എങ്കിലും 2015 -ല്‍ പാരിസില്‍ നടന്ന ഫോട്ടോ പ്രദര്‍ശനവും അതേത്തുടര്‍ന്നുണ്ടായ പുസ്‍തകവും അവരുടെ സ്ഥാനം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടതിന് തെളിവായിരുന്നു.
എല്ലാക്കാലത്തും സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ജീവിതമായിരുന്നു അവളുടേത്. കുട്ടിക്കാലം തൊട്ടുള്ള യാത്ര, അവസാനകാലമായപ്പോഴേക്കും യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയിലും എല്ലാം അവരെത്തി. ഈസ്റ്റ് പ്രഷ്യയില്‍ 1897 -ലാണ് ക്രുള്‍ ജനിച്ചത്. പിന്നീട് 1912 ആയപ്പോഴേക്കും അവളുടെ കുടുംബം മ്യൂണിച്ചില്‍ താമസമാക്കി. അവിടെ വച്ചാണ് അവള്‍ ഫോട്ടോഗ്രഫി പഠിക്കുന്നതും 1919 -ല്‍ സ്വന്തം സ്റ്റുഡിയോ തുടങ്ങുന്നതും.
ഇടതുപക്ഷ രാഷ്ട്രീയവുമായി ബന്ധമുള്ള കലാകാരന്മാരും ബുദ്ധിജീവികളും ക്രുളിന്റെ സാമൂഹിക വലയത്തിൽ ഉൾപ്പെടുന്നു. ജർമ്മൻ വിപ്ലവകാലത്ത് പീപ്പിൾസ് സ്റ്റേറ്റ് ഓഫ് ബവേറിയയുടെ പ്രധാനമന്ത്രിയായ കുർട്ട് ഐസ്‌നർ അതിലൊരാളായിരുന്നു. ക്രുൾ തന്റെ പോർട്രെയിറ്റ് സ്റ്റുഡിയോയിലേക്ക് പുതിയ ജീവിതവുമായി കാലുകുത്തിയ അതേവർഷം ഐസ്‌നർ കൊല്ലപ്പെട്ടു. അടുത്ത വർഷം ജർമ്മൻ-ഓസ്ട്രിയൻ അതിർത്തിയിലൂടെ കമ്മ്യൂണിസ്റ്റുകളെ കടത്തിയതിന് ഫോട്ടോഗ്രാഫറായ ക്രുളിനെ മ്യൂണിച്ചില്‍ നിന്നും നാടുകടത്തി. സ്റ്റുഡിയോ ജോലിക്കൊപ്പം തന്നെ അവള്‍ തന്‍റെ കാമുകനൊപ്പം മോസ്‍കോയിലുമെത്തിയിരുന്നു. വ്ലാദിമിര്‍ ലെനിനും ട്രോട്‍സ്‍കിയും സംസാരിക്കുന്നുവെന്ന് അറിഞ്ഞ് അത് കേള്‍ക്കാനെത്തിയതായിരുന്നു അവള്‍. ആ സമയത്ത് അവള്‍ നാടുകടത്തപ്പെട്ടിരുന്നില്ല. പിന്നെയും ഒരു കൊല്ലം കൂടി കഴിഞ്ഞാണ് അവള്‍ നാടുകടത്തപ്പെടുന്നത്.
എന്നാല്‍, അതുവരെയുണ്ടായിരുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം മറക്കും വിധത്തില്‍ ബെര്‍ലിന്‍ അവളെ ചേര്‍ത്തുപിടിച്ചു. അവള്‍ ഒരു സ്റ്റുഡിയോ നോക്കിനടത്തുകയും നഗ്നതയെയും സെല്‍ഫ് പോര്‍ട്രെയ്റ്റുകളെ കുറിച്ചും പഠിക്കാനാരംഭിക്കുകയും ചെയ്‍തു. അവള്‍, സഹോദരി ബെര്‍ത്തെ, സുഹൃത്ത് ഫ്രിയ, പിന്നെയും പേര് വെളിപ്പെടുത്തപ്പെട്ടിട്ടില്ലാത്ത മറ്റൊരു സ്ത്രീ എന്നിവരുടെ ചിത്രങ്ങള്‍ പകര്‍ത്തി.
1922 -നും 1924 -നും ഇടയില്‍ ക്രുള്‍ തന്‍റെ നഗ്നര്‍, പെണ്‍സുഹൃത്തുക്കള്‍ ('Nudes','Girlfriends') എന്നീ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.
ബെർലിൻ ഒരു പുരോഗമന നഗരമായിരുന്നുവെങ്കിലും, അശ്ലീലവും കലയും തമ്മിലുള്ള നഗരത്തിന്റെ നിയമപരമായ പരിധിയിലായിരുന്നു ക്രുളിന്റെ പ്രവർത്തനം. അക്കാലത്ത്, ലക്ഷക്കണക്കിന് പോസ്റ്റ്കാർഡ് വലുപ്പത്തിലുള്ള ലൈംഗിക ചിത്രങ്ങൾ ജർമ്മനിയിൽ രഹസ്യമായി വില്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, അതില്‍നിന്നും വ്യത്യസ്‍തമായ ഉയര്‍ന്ന കലാമൂല്യമുള്ള തന്റെ ചിത്രങ്ങളെ വേർതിരിച്ചറിയാനായി പ്രിന്‍റ് സൈസിലുള്ള കാന്‍വാസ് പോലെയുള്ള പേപ്പറാണ് ചിത്രങ്ങളച്ചടിക്കാന്‍ ക്രുള്‍ തെരഞ്ഞെടുത്തിരുന്നത്.
ശരീരത്തിന്‍റെയും വസ്ത്രങ്ങളുടെ വിവിധ തലങ്ങള്‍, നഗ്നമായ ഉടല്‍ തുടങ്ങിയവയെല്ലാം ക്രുളിന്‍റെ ഫോട്ടോഗ്രഫിയില്‍ വിഷയങ്ങളായി. അതുവരെ നഗ്നതയില്‍ അശ്ലീലമെന്ന് മാത്രം കണ്ട് കാഴ്‍ച്ചക്കാരനെ ആകര്‍ഷിച്ചിരുന്ന നിരോധിത അശ്ലീലചിത്രങ്ങളില്‍ നിന്നും വ്യത്യസ്‍തമായി നഗ്നതയുടെ സൗന്ദര്യവും രാഷ്ട്രീയവും ഉള്‍ച്ചേരുന്നതായിരുന്നു ക്രുളിന്‍റെ ചിത്രങ്ങള്‍.
സ്വന്തം ലൈംഗിക സാദ്ധ്യതകളെ സംബന്ധിച്ചിടത്തോളം, ക്രുളിന്‍റെ ജീവിതത്തില്‍ പുരുഷന്മാരുമായുള്ള ഒന്നിലധികം ബന്ധങ്ങളും വിവാഹിതയായ എൽസ എന്ന സ്ത്രീയുമായുള്ള ഒരൊറ്റ ബന്ധവും വിവരിക്കുന്നുണ്ട്. 1926 -ൽ ക്രുൾ ബെർലിനിൽ നിന്ന് ആംസ്റ്റർഡാമിലേക്കും പിന്നീട് പാരിസിലേക്കും പോയതിനുശേഷവും അവരുടെ ബന്ധം തുടർന്നു. പിന്നീട് ക്രുള്‍ വിവാഹം ചെയ്‍ത ഡച്ച് ചലച്ചിത്ര നിർമ്മാതാവ് ജോറിസ് ഇവൻസിനെ കാണാൻ തുടങ്ങിയപ്പോഴും അവള്‍ എല്‍സയുമായുള്ള ബന്ധം തുടരുന്നുണ്ട്. 'ഞാനൊരിക്കലും ഒരു സ്ത്രീയെ പ്രണയിച്ചിരുന്നില്ല. പക്ഷേ, എല്‍സയുമായൊത്തുള്ള നേരങ്ങളുടെ സന്തോഷം വളരെ വലുതായിരുന്നു. അവളൊരിക്കലും എന്നെ ഉപേക്ഷിച്ചില്ല' എന്നാണ് ക്രുള്‍ തന്‍റെ ഓര്‍മ്മക്കുറിപ്പില്‍ എഴുതിയത്. 'ഞങ്ങളെ ആരെങ്കിലും ലെസ്‍ബിയന്‍ എന്ന് വിളിച്ചു കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ ചിരിക്കാറാണ്. എല്‍സ വളരെ ആഴമുള്ളൊരു സ്ത്രീയായിരുന്നു. മാത്രവുമല്ല, ഞങ്ങളുടെ ബന്ധത്തില്‍ ശരീരത്തിന് അത്രയൊന്നും പ്രാധാന്യമുണ്ടായിരുന്നില്ല. അതിനേക്കാളൊക്കെ ഒരുപാട് അപ്പുറമായിരുന്നു നമ്മുടെ ബന്ധം' എന്നും അവര്‍ പറഞ്ഞിരുന്നു.
പാരിസിലാകട്ടെ ഫാഷനും പരസ്യവുമെല്ലാം വിട്ട് വേറൊരു മേഖലയിലാണ് ക്രുള്‍ കൈവച്ചത്. ഫ്രഞ്ച് മാഗസിനായ VU -വിന് വേണ്ടി അവള്‍ പ്രവര്‍ത്തിച്ചു. ഫോട്ടോ സ്റ്റോറി കൊടുത്തു തുടങ്ങിയ ആദ്യ മാഗസിനുകളില്‍ ഒന്നായിരുന്നു അത്. 1928 -ല്‍ തുടങ്ങിയ ഈ മാഗസിന്‍റെ ഉദ്ഘാടന പതിപ്പുകള്‍ തൊട്ട് ക്രുള്‍ അതിനൊപ്പം ജോലി ചെയ്യുന്നുണ്ടായിരുന്നു. ലൂസിയന്‍ വോഗല്‍ അടക്കമുള്ള പ്രശസ്‍തര്‍ക്കൊപ്പം അവര്‍ ജോലി ചെയ്‍തു. വോഗലാണ് അവളെ ഈഫല്‍ ടവര്‍ പകര്‍ത്താനായി പറഞ്ഞുവിടുന്നത്. ഒപ്പം 'ഒരു പോസ്റ്റുകാര്‍ഡ് ദൃശ്യമായിരിക്കരുത് തനിക്ക് പകര്‍ത്തിത്തരുന്നത്' എന്നും അദ്ദേഹം അവളോട് പറഞ്ഞു. എന്നാല്‍, അദ്ദേഹത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് സാധാരണ ദൃശ്യത്തില്‍ കവിഞ്ഞ് പല വ്യത്യസ്‍ത ആംഗിളുകളില്‍ ജീവനുള്ള ചിത്രങ്ങള്‍ തന്നെ അവള്‍ നല്‍കി. VU അത് പ്രസിദ്ധീകരിക്കുകയും ചെയ്‍തു.
1928 -ൽ ക്രുൾ അവരുടെ ഫോട്ടോ പുസ്‍തകമായ 'മെറ്റലി'ൽ ഇവ ഉൾപ്പെടുത്തി. റോട്ടർഡാം, മാർസെയിൽ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ നിന്നുള്ള ക്രെയിനുകൾ, പാലങ്ങൾ, വാസ്‍തുവിദ്യ എന്നിവ മെറ്റലില്‍ കാണാം. പലപ്പോഴും പ്രകാശം, നിഴൽ, രൂപം എന്നിവയുടെ അമൂർത്തമായ വിസ്‍ഫോടനങ്ങള്‍ തന്നെയായിരുന്നു അവയെല്ലാം. ഗംഭീരം എന്നല്ലാതെ വേറൊന്നും പറയാനില്ലാത്തത്രയും മികച്ച ചിത്രങ്ങളായിരുന്നു അതെന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍, 1929 -ല്‍ നടന്ന 'ഫില്‍ഫോ ഫോര്‍ ഷോര്‍ട്ട്' എന്ന ഫോട്ടോ പ്രദര്‍ശനമാണ് അവളുടെ ചിത്രങ്ങളെ കുറച്ചുകൂടി പ്രശസ്‍തമാക്കിയതും അത് ചര്‍ച്ചയാവുന്നതും.
ഇതിനെല്ലാമിടയിലും സാഹസികതയും പുതുമയും ഇഷ്‍ടപ്പെട്ടിരുന്ന ക്രുള്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. പാരിസില്‍ വെച്ച് ഫോട്ടോ പുസ്‍തകങ്ങള്‍ പ്രസിദ്ധീകരിച്ചശേഷം അവള്‍ രണ്ടാം ലോക മഹായുദ്ധത്തിനു മുമ്പുള്ള വർഷങ്ങളിൽ മോണ്ടെ കാർലോയിലേക്ക് മാറി. തുടർന്ന് ആഫ്രിക്കയിലെ ഫ്രീ ഫ്രഞ്ച് ഫോഴ്‍സസിൽ ഒരു പ്രവർത്തകയും ഫോട്ടോ ജേണലിസ്റ്റുമായി ചേർന്നു. യുദ്ധത്തെത്തുടർന്ന്, ഓറിയന്‍റൽ ഹോട്ടലിന്‍റെ സഹ ഉടമയായും ക്രോൾ ബാങ്കോക്കിൽ ഒരു ലേഖികയായും ജോലി തുടർന്നു. കുറച്ചു കാലം, അവർ ഉത്തരേന്ത്യയിലെ ടിബറ്റൻ സന്യാസിമാരുടെ ഇടയിൽ താമസിക്കുന്നതിനായി ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്നു. അതിന്റെ ഫലമായി മറ്റൊരു മോണോഗ്രാഫ്: ടിബറ്റൻസ് ഇൻ ഇന്ത്യ (1968) പിറവികൊണ്ടു.
നാല് ഭൂഖണ്ഡങ്ങളിൽ താമസിക്കുകയും ഫോട്ടോഗ്രാഫിയില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയും ചെയ്‍ത ക്രുൾ 1985 -ൽ സ്വന്തം നാടായ ജർമ്മനിയിൽ വച്ച് മരിച്ചു. ഒരു പരിധിയും ഇല്ലാത്ത സ്ത്രീയായിരുന്നു അവര്‍. അവര്‍ എവിടെയും സ്വയം തളച്ചിട്ടില്ല, തന്നെ തളച്ചിടാന്‍ ആരെയും അനുവദിച്ചുമില്ല. ഒപ്പം തന്‍റെ ഇഷ്‍ടത്തിലേക്ക് യാത്ര ചെയ്‍തുകൊണ്ടേയിരുന്നു.