'എന്‍റെ ശരീരത്തില്‍ നിങ്ങള്‍ക്കെന്തും ചെയ്യാം' ; വ്യത്യസ്‍തമായ പരീക്ഷണം നടത്തിയ കലാകാരി
ഓരോ കലാകാരന്മാരും ശ്രദ്ധിക്കപ്പെടുന്നത് വ്യത്യസ്‍തമായി എന്തെങ്കിലും ചെയ്യുമ്പോഴാണ്. അവരുടെ ഓരോ സൃഷ്‍ടിയും ഓരോ പരീക്ഷണങ്ങളായിരിക്കും. നാം സാധാരണമെന്ന് ചിന്തിക്കുന്ന ഒരു കാര്യത്തെ മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടുപോകാൻ അവർക്ക് തങ്ങളുടെ സൃഷ്ടികളിലൂടെ കഴിയുന്നു. ഇതുവരെ ആരും ചെയ്യാൻ ധൈര്യപ്പെടാത്ത ഒരു പരീക്ഷണമാണ് കലാകാരിയായ, യുഗോസ്ലാവിയയിൽ ജനിച്ച മറീന അബ്രമോവിക് ചെയ്‍തത്. അവര്‍ സ്വയം “പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി " എന്നാണ് വിശേഷിപ്പിച്ചിരുന്നത്. 1974 -ലാണ് ഏറ്റവും അപകടകരമായ ഒരു കലാപരീക്ഷണം അവർ അവതരിപ്പിച്ചത്. റിഥം 0 എന്ന് വിളിക്കുന്ന അത് ഏതൊരു കലാകാരനും ഇതുവരെ നടത്തിയിട്ടുള്ള എല്ലാത്തിൽ നിന്നും തികച്ചും വ്യത്യസ്‍തമായിരുന്നു.
1946 നവംബർ 30 -ന് യുഗോസ്ലാവിയയിലെ ബെൽഗ്രേഡിലാണ് മറീന അബ്രമോവിക് ജനിച്ചത്. അമ്മയുടെ കർശനമായ മേൽനോട്ടത്തിലാണ് അവൾ വളർന്നത്. 29 വയസ്സ് വരെ രാത്രി പത്തുമണിക്ക് ശേഷം വീട്ടിൽ നിന്ന് പുറത്തുപോകാൻ അവൾക്ക് അനുവാദമുണ്ടായിരുന്നില്ല. ഒരു കലാകാരിയാകാൻ ആഗ്രഹിച്ച അവൾ, ബെൽഗ്രേഡിലെ ആർട്‌സ് യൂണിവേഴ്‌സിറ്റിയിലാണ് പഠിച്ചത്. പഠിക്കുന്ന സമയത്തും പിന്നീട് പഠിപ്പിക്കുമ്പോഴും റിഥം 0, ആർട്ടിസ്റ്റ് ഈസ് പ്രസന്റ് എന്നിവയുൾപ്പെടെയുള്ള നിരവധി പ്രകടനങ്ങൾ അവൾ അവതരിപ്പിച്ചിട്ടുണ്ട്.
പറഞ്ഞുവന്നത് റിഥം 0 നെ കുറിച്ചാണ്. 1974 -ൽ നേപ്പിൾസിലെ സ്റ്റുഡിയോ മോറയിൽ മറീന അവതരിപ്പിച്ച ആറ് മണിക്കൂർ നീണ്ട കലാസൃഷ്ടിയാണ് റിഥം 0. പ്രകടനത്തിനിടയിൽ, അവൾ നിശ്ചലമായി നിൽക്കും. അതേസമയം പ്രേക്ഷകർക്ക് തോന്നുന്നതെല്ലാം അവളെ ചെയ്യാം. എന്ത് ചെയ്‍താലും അവൾ പ്രതികരിക്കാതെ അതേനിലയിൽ അനക്കമില്ലാതെ തുടരും. മറീനയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും അറിയപ്പെടുന്നതുമായ പ്രകടനങ്ങളിലൊന്നാണ് റിഥം 0. ഒരു പെര്‍ഫോര്‍മറും പ്രേക്ഷകനും തമ്മിലുള്ള ബന്ധത്തിന്റെ പരിധി പരിശോധിക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം.
ചലനരഹിതമായി പ്രേക്ഷകർക്ക് മുന്നിൽ നിൽക്കുകയും അവളുടെ ശരീരത്തിൽ ഇഷ്ടമുള്ളതൊക്കെ ചെയ്യാൻ അനുവദിക്കുകയും ചെയ്‍തുകൊണ്ട്, സ്വീകാര്യമെന്ന് കരുതുന്നവയുടെ പരിധി കണക്കാക്കാൻ അവൾ ആഗ്രഹിച്ചു. സമൂഹത്തിന്റെ മനഃശാസ്ത്രം പഠിക്കാനും കൂടി വേണ്ടിയാണ് അവൾ ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. പ്രകടനത്തിൽ ആദ്യമായി സദസ്സിനു മുന്നിൽ മറീന 72 വസ്‍തുക്കൾ വച്ചു. അതിൽ എല്ലാം ഉൾപ്പെട്ടു. ചിലത് ആനന്ദം നൽകുന്നതാണെങ്കിൽ, ചിലത് വേദനിപ്പിക്കുന്നതോ, കൊല്ലുന്നതോ ആയിരുന്നു. ഈ വസ്‍തുക്കളിൽ ഇഷ്ടമുള്ളത് അവളിൽ ഉപയോഗിക്കാൻ പ്രേക്ഷകരെ അവൾ അനുവദിച്ചു.
72 വസ്തുക്കളിൽ ഒരു റോസ്, ഒരു തൂവൽ, പെർഫ്യൂം, തേൻ, റൊട്ടി, മുന്തിരി, വീഞ്ഞ്, ഒലിവ് ഓയിൽ, കത്രിക, കത്തി, ഒരു മെറ്റൽ ബാർ, ഒരു തിര നിറച്ച തോക്ക് എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു. അതിന് മുകളിൽ അവൾ ഇങ്ങനെ എഴുതി: “മേശപ്പുറത്ത് 72 വസ്‍തുക്കളുണ്ട്. അതിലേതെങ്കിലുമൊന്ന് നിങ്ങൾക്ക് ഉപയോഗിക്കാം. ഞാനാണ് ഉന്നം. ഈ കാലയളവിൽ നടക്കുന്ന എന്തിനും ഞാൻ പൂർണ ഉത്തരവാദിയാണ്. ദൈർഘ്യം: 6 മണിക്കൂർ (രാത്രി 8 മുതൽ 2 വരെ) ”
പ്രകടനത്തിനിടയിൽ, അവളുടെ ശരീരത്തിൽ എന്ത് ചെയ്യാനും, ഏത് വസ്‍തുക്കൾ ഉപയോഗിക്കാനും പ്രേക്ഷകരെ അവൾ അനുവദിച്ചു. തുടക്കത്തിൽ, പ്രേക്ഷകർ എളിമയോടും ജാഗ്രതയോടും കൂടി പ്രതികരിച്ചു. പക്ഷേ, പതുക്കെ പതുക്കെ അവർ കൂടുതൽ അക്രമണകാരികളായി. പ്രകടനത്തിന്‍റെ അവസാനത്തോടെ, അവളുടെ വസ്ത്രങ്ങൾ ആളുകൾ കീറിമുറിച്ചു, റോസിന്റെ മുള്ളുകൾ അവളുടെ വയറ്റിൽ കുത്തി ഇറക്കി. മനുഷ്യന്റെ പെരുമാറ്റ രീതികൾ മനസ്സിലാക്കാനുള്ള ഒരു പരീക്ഷണമായിരുന്നു അത്. തുടക്കത്തിൽ വളരെ മര്യാദയോടെ, സൗമ്യമായി പെരുമാറിയ ആളുകൾ, അവൾക്ക് റോസാപ്പൂക്കളും ചുംബനങ്ങളും നൽകി. കുറച്ചു കഴിഞ്ഞപ്പോൾ, അത് ആക്രമണാത്മകമാകാൻ തുടങ്ങി, ആരോ അവളുടെ തലയിൽ വെടിവെക്കാനായി തോക്കുമായി ചെന്നപ്പോൾ മറ്റൊരാൾ വന്ന് അത് എടുത്തുകൊണ്ടുപോയി.
ആരോ അവളുടെ ശരീരം മുഴുവൻ തൊട്ടു. ഒരാൾ അവളുടെ കൈകൾ വായുവിലേക്ക് വലിച്ചെറിഞ്ഞു. ആരോ അവളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്‍പർശിച്ചു. മൂന്നാം മണിക്കൂറിൽ റേസർ ബ്ലേഡുകൾ ഉപയോഗിച്ച് അവളുടെ വസ്ത്രങ്ങളെല്ലാം മുറിച്ചു. നാലാം മണിക്കൂറിൽ അതേ ബ്ലേഡുകൾ അവളുടെ ചർമ്മത്തിൽ ഉരയാൻ തുടങ്ങി. ഏതോ ഒരാൾ അവളുടെ തൊണ്ടയിൽ മുറിപ്പാടുണ്ടാക്കി ആ രക്തം കുടിച്ചു. അവളുടെ ശരീരം നിരവധി ലൈംഗികാതിക്രമങ്ങളെ നേരിട്ടു.
ആരെങ്കിലും അവളെ ബലാൽസംഗം ചെയ്‌താൽ പോലും അതിനെ ചെറുക്കാൻ അവൾക്കാകുമായിരുന്നില്ല. ആറ് മണിക്കൂറിനുശേഷം പ്രകടനത്തിന്റെ അവസാനം മറീന സദസ്സിനിടയിലൂടെ നടക്കാൻ തുടങ്ങി. എല്ലാവരും അവളെ അഭിമുഖീകരിക്കാൻ കഴിയാതെ അവളിൽ നിന്ന് ഒഴിഞ്ഞ് മാറി. മറീന ചെയ്‌തത് ഒറ്റനോട്ടത്തിൽ പരിഹാസ്യമായി തോന്നുമെങ്കിലും, മനുഷ്യമനസ്സിൽ ഉറങ്ങി കിടക്കുന്ന തിന്മയുടെ ആരും കാണാത്ത ഒരു മുഖമാണ് ആ പരിപാടിയിലൂടെ അവർ തുറന്ന് കാട്ടിയത്. അതുതന്നെയായിരുന്നു ആ കലാകാരിയുടെ ലക്ഷ്യവും. അവസരം കിട്ടിയാല്‍ അക്രമിക്കുന്ന മനുഷ്യരിലേക്കാണ്
അവരുടെ പ്രകടനം വിരല്‍ ചൂണ്ടിയത്.
പിന്നീടും നിരവധി കലാപ്രകടനങ്ങള്‍ അവര്‍ നടത്തി. കലാമേഖലയിലെ പ്രസിദ്ധമായ പേരും സാന്നിധ്യവുമാണ് മറീന. നിരവധി പുരസ്‍കാരങ്ങളും ഈ കലാകാരിയെ തേടിയെത്തിയിട്ടുണ്ട്.