11 -ാം വയസില്‍ വീട്ടില്‍നിന്നും പുറത്ത്, പിന്നെ പോരാട്ടം; സിനിമ തോല്‍ക്കും നര്‍ത്തകിയുടെ ജീവിതത്തിനു മുന്നില്‍
നിറഞ്ഞുകവിഞ്ഞ സദസ്സിനു മുന്നിൽ അവര്‍ ഭരതനാട്യത്തിന്‍റെ ചുവടുകൾ വെക്കുകയാണ്. കാണികൾ ശ്വാസമടക്കി വിസ്‍മയത്തോടെ ആ നൃത്തം ആസ്വദിക്കുന്നു. ഒരു ട്രാൻസ് ജെൻഡർ ആയതിനാൽ പതിനൊന്നാമത്തെ വയസ്സിൽ വീട്ടിൽനിന്നു പുറത്താക്കപ്പെട്ടവൾ ഇന്ന് ലോകം വണങ്ങുന്ന നർത്തകിയായി മാറി. അതിനുപിന്നിൽ അവളുടെ കണ്ണീരും, മുറിവുകളും ഉണ്ട്, അതിലെല്ലാമുപരി ഒന്നിനും കീഴ്‌പ്പെടാത്ത ശക്തമായ ഒരു മനസ്സും. ഇത് നര്‍ത്തകി നടരാജിന്‍റെ ജീവിതമാണ്. വെറും നര്‍ത്തകി നടരാജ് അല്ല. പദ്‍മ പുരസ്‍കാരം വരെ നേടിയ ഡോ. നര്‍ത്തകി നടരാജ്. അവരുടെ ജീവിതം അറിയാം. ആ ഭാവങ്ങള്‍ കാണാം.
"ഭരതനാട്യം ആർട്ടിസ്റ്റ് എന്ന നിലയിലുള്ള എന്‍റെ യോഗ്യതയ്ക്കാണ് ഈ അവാർഡ് ലഭിച്ചത്. എല്ലാ ദുഖങ്ങളും മറികടന്നു വിജയത്തിലെത്തുകയായിരുന്നു. ഇപ്പോൾ പരിചയമില്ലാത്ത ആളുകൾ പോലും എന്നെ തിരിച്ചറിയുന്നു” -വെന്ന് തലയുയര്‍ത്തിപ്പിടിച്ച് പറയാന്‍ ഇന്ന് 55 -കഴിഞ്ഞ നര്‍ത്തകിക്ക് പറ്റും. സംഗീത നാടക അക്കാദമി അവാർഡ് (2011), കലൈലാമാണി അവാർഡ് (2007) എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ നർത്തകിക്ക് ലഭിച്ചിട്ടുണ്ട്. മധുരയിലെ നാർത്തകി നൃത്യ കലാലയം, ചെന്നൈയിലെ വെള്ളിയമ്പലം ട്രസ്റ്റ് സ്‍കൂൾ ഓഫ് ഡാൻസ് തുടങ്ങിയ രണ്ട് നൃത്ത വിദ്യാലയങ്ങളും അവര്‍ നടത്തുന്നുണ്ട്. അവിടെ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനൊപ്പം കലാപരമായി കഴിവുള്ള എന്നാല്‍, പിന്നോക്ക പശ്ചാത്തലങ്ങളിൽ നിന്നുവരുന്ന കുട്ടികളെയും പഠിപ്പിക്കുന്നു.
സിനിമാകഥയേക്കാൾ വിചിത്രമാണ് നർത്തകിയുടെ ജീവിതം. തമിഴ്‌നാട് സർക്കാരിന്‍റെ പതിനൊന്നാം ക്ലാസ് പാഠപുസ്‍തകത്തിൽ നര്‍ത്തകിയുടെ ജീവിതകഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ അതിശയിക്കാനില്ല... കാരണം അത്രയേറെ തീവ്രമാണ് അവരുടെ ജീവിതാനുഭവം. മധുരയിലെ ഒരു തമിഴ് കുടുംബത്തിലാണ് നർത്തകിയെന്ന നടരാജ് ജനിച്ചത്. 10 വയസ്സ് തികഞ്ഞപ്പോഴാണ് താൻ ജനിച്ചത് തെറ്റായ ശരീരത്തിലാണെന്ന് നർത്തകിക്ക് മനസ്സിലായത്. സ്വാഭാവികമായും, ഒരു 10 വയസുകാരന്‍റെ വേവലാതി മാത്രമായി കണ്ട് കുടുംബം അതിനെ അവഗണിച്ചു. തുടർന്ന് നര്‍ത്തകിയെ ഒരു പുരുഷനെപ്പോലെ നടക്കാനും കനത്ത ശബ്ദത്തിൽ സംസാരിക്കാനും ആൺകുട്ടികളുമായി ഗെയിമുകൾ കളിക്കാനും നിർബന്ധിച്ചു. കുടുംബം അവളെ സാമൂഹിക മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഒരു പുരുഷനാക്കി മാറ്റാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു.
“എനിക്ക് ഒരിക്കലും കുട്ടിക്കാലം ഉണ്ടായിരുന്നില്ല. പോരാട്ടവും അവഗണനയും നിറഞ്ഞതായിരുന്നു അത്. ഞാൻ മാതാപിതാക്കളോട് എന്‍റെ ദുഃഖം പങ്കുവച്ചപ്പോൾ അവർ ഞെട്ടിപ്പോയി. എന്നോട് അവർക്കുള്ള അസന്തുഷ്ടിയും, ദുഃഖവും, ദേഷ്യവും അവർ പ്രകടിപ്പിക്കാൻ തുടങ്ങി. മറ്റ് ആൺകുട്ടികളെപ്പോലെ നീയും പെരുമാറണമെന്ന് ആളുകൾ പറയുമ്പോൾ പലപ്പോഴും എനിക്കത് മനസ്സിലാക്കാൻ പോലും സാധിച്ചില്ല. മൂക്കിലൂടെ ശ്വസിക്കരുതെന്നും കണ്ണുകളിലൂടെ കാണരുതെന്നും പറയുന്ന പോലെ ഞാൻ ഞാനായി ഇരിക്കരുതെന്ന് അവർ ഓർമിപ്പിച്ചു കൊണ്ടിരുന്നു” നര്‍ത്തകി ഓര്‍ക്കുന്നു.
അവര്‍ക്ക് ഭീഷണിയും, പരിഹാസവും നിരന്തരം നേരിടേണ്ടി വന്നു. ആകെ ഉള്ള ആശ്വാസം നൃത്തമായിരുന്നു. ക്ലാസിക്കൽ നൃത്തത്തോടുള്ള നര്‍ത്തകിയുടെ സ്നേഹമാരംഭിച്ചത് സിനിമയിലൂടെ ആയിരുന്നു. നടിയും നർത്തകിയുമായ വൈജയന്തിമലയുടെ നൃത്തം ആ മൂന്നു വയസുകാരിയെ അത്ഭുതപ്പെടുത്തി. എല്ലാ കുട്ടികളെയും പോലെ, നർത്തകിയും കണ്ണാടിക്ക് മുന്നിൽ നിൽക്കുകയും നൃത്തചലനങ്ങൾ അനുകരിക്കുകയും ചെയ്തു. അക്കാലത്ത്, സിനിമകളിൽ ധാരാളം ക്ലാസിക്കൽ നൃത്തങ്ങൾ ഉൾപ്പെടുത്തുമായിരുന്നു. "ഞാൻ വൈജയന്തിമലയുടെ വലിയ ആരാധികയാണ്. അവരുടെ അഭിനയത്തേക്കാൾ, നൃത്തത്തിലൂടെയുള്ള അവരുടെ കുറ്റമറ്റ പ്രകടനങ്ങളാണ് എന്നെ ആകർഷിച്ചത്" നർത്തകി പറയുന്നു.
ഭരതനാട്യം പ്രധാനമായും സ്ത്രീകൾക്കുള്ളതായി കണക്കാക്കപ്പെട്ടിരുന്നതിനാൽ, മാതാപിതാക്കളുടെ എതിർപ്പ് വീണ്ടും ഉയർന്നു. "എന്നെ ഉപേക്ഷിക്കുക എന്നതാണ് ഏറ്റവും നല്ല വഴി എന്ന് അവർ കരുതി. എനിക്ക് 11 വയസ്സുള്ളപ്പോൾ എന്നെ അവർ വീട്ടിൽ നിന്ന് പുറത്താക്കി" വേദനയോടെ അവര്‍ ഓര്‍ക്കുന്നു. ലോകം മുഴുവൻ അവർക്കെതിരായപ്പോഴും, നര്‍ത്തകിയുടെ ഉത്തമസുഹൃത്തായ ശക്തി അവളുടെ കൂടെത്തന്നെ നിന്നു. "എന്നെ ഒരിക്കലും കൈവിടാത്ത ശക്തിയെപ്പോലെ ഒരു സുഹൃത്തുണ്ടായതാണ് എന്‍റെ ഏറ്റവും വലിയ സന്തോഷം. എല്ലാ പോരാട്ടങ്ങളെയും ഞങ്ങൾ ഒരുമിച്ച് നേരിട്ടു. അന്നുമുതൽ അവൾ എന്‍റെ കുടെയുണ്ട്. ഞങ്ങൾ പലവിധ ജോലികൾ ചെയ്‍തു. ഞങ്ങൾക്ക് ഭക്ഷണം പോലും കിട്ടാത്ത ദിവസങ്ങളുണ്ടായിരുന്നു. ഞങ്ങളെ ഉൾക്കൊള്ളാൻ തയ്യാറായ ഞങ്ങളുടെ അഭ്യുദയകാംക്ഷികളുടെ സ്ഥലങ്ങളിൽ ഞങ്ങൾ താമസിച്ചു. ക്ഷേത്രങ്ങളിലും ചെറിയ ചടങ്ങുകളിലും ഭരതനാട്യം അവതരിപ്പിക്കാൻ തുടങ്ങി. അതിൽനിന്ന് കിട്ടിയ പണം ഉപയോഗിച്ച് ഞങ്ങൾ സ്‍കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി” നർത്തകി പറയുന്നു.
ജീവിതം അപ്രതീക്ഷിത വിസ്‍മയങ്ങളുടെ ഒരു തുടർകഥയാണ്. ക്ഷേത്രങ്ങളിലും ചടങ്ങുകളിലും പ്രാദേശിക സംഘങ്ങൾക്കൊപ്പം പ്രകടനം നടത്തുന്നതിനിടയിൽ പ്രശസ്‍ത ഭരതനാട്യം നർത്തകൻ കിട്ടപ്പ പിള്ളയെ കുറിച്ച് നർത്തകി കേൾക്കാൻ ഇടയായി. അദ്ദേഹം വൈജയന്തിമലയുടെ ഗുരു ആയിരുന്നു. 80 -കളിലാണ് നർത്തകിക്ക് അദ്ദേഹത്തെയൊന്ന് നേരിട്ട് കാണാൻ സാധിച്ചത്. അതിശയകരമെന്നു പറയട്ടെ, ഒരു ചെറിയ കുട്ടി ഭരതനാട്യം പഠിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം കേട്ടിരുന്നു. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ അദ്ദേഹം അവളെ നൃത്തം പഠിപ്പിക്കാമെന്ന് സമ്മതിച്ചു. "നാളെ വരൂ. ക്ലാസ് ആരംഭിക്കാം. ഗുരുജിയുടെ ഈ വാക്കുകൾ എന്‍റെ കാതുകളിൽ സംഗീതമായിരുന്നു, അതേദിവസം ഞാൻ ചെന്നൈയിൽ നിന്ന് മധുരയിലേക്ക് തിരിച്ചു. അങ്ങനെ എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ചതും മറക്കാനാവാത്തതുമായ ഒരു ഘട്ടം ആരംഭിച്ചു” അവര്‍ ഓർമ്മിക്കുന്നു.
ഏറ്റവും പ്രയാസമേറിയ നൃത്തരൂപങ്ങളിലൊന്നാണ് ഭരതനാട്യം എങ്കിലും നർത്തകിയുടെ അർപ്പണബോധവും നൃത്തത്തോടുള താല്പര്യവും അവളെ അതിൽ സഹായിച്ചു. ഒരു ട്രാൻസ്‌ജെൻഡർ ഭരതനാട്യം അവതരിപ്പിക്കുന്നത് നമ്മുടെ സമൂഹത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒരു കാലത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നതെന്നോര്‍ക്കണം. പരിഹാസവും അപമാനങ്ങളും അവളുടെ കൂട്ടുകാരായി. ഒരുപക്ഷേ അവൾ മറ്റുള്ളവരെക്കാൾ കഠിനമായി പരിശ്രമിച്ചതിന്‍റെ കാരണവും ഇതായിരിക്കാം.
കാലങ്ങൾ കഴിഞ്ഞപ്പോൾ അവളുടെ കഴിവുകൾ സ്വയം സംസാരിക്കുവാൻ തുടങ്ങി. സമൂഹത്തിലുള്ള എല്ലാ എതിർപ്പുകളെയും ധിക്കരിച്ച് അവൾ മുന്നോട്ടുനീങ്ങി. നൃത്തജീവിതത്തിൽ നാലു പതിറ്റാറ്റാണ്ടുകൾ പിന്നിട്ട അവരിന്ന് ലോകത്തെല്ലായിടത്തും തന്‍റെ നൃത്തമവതരിപ്പിക്കാനായി സഞ്ചരിക്കുന്നു. നര്‍ത്തകിയുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം, ഒടുക്കം അവര്‍ അവളെ സ്വീകരിച്ചു. “അന്നത്തെ യാഥാസ്ഥിതിക സമൂഹത്തിന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ എന്‍റെ കുടുംബത്തിന് അന്ന് കഴിഞ്ഞില്ല. പക്ഷേ, ഇപ്പോൾ ഞങ്ങൾ പരസ്പരം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു” അവര്‍ ചിരിച്ചുകൊണ്ട് പറയുന്നു.