ഫ്രിഡ, വരയും വരയിലെ വേദനകളും വിപ്ലവവും; ചിത്രങ്ങള്‍ കാണാം
ഇന്ന് ജൂലൈ ആറ്. ലോക പ്രശസ്‍ത ചിത്രകാരി ഫ്രിഡ കാഹ്‍ലോയുടെ ജന്മദിനമാണിന്ന്. സെല്‍ഫ് പോര്‍ട്രെയിറ്റുകളും മനുഷ്യവേദനകളും വരച്ച് അവയിലൂടെ ലോകത്തിന്‍റെ വേദനയായ ചിത്രകാരിയാണ് ഫ്രിഡ. മെക്സിക്കന്‍ വിപ്ലവത്തിന് സാക്ഷ്യം വഹിച്ച കമ്മ്യൂണിസ്റ്റ് അനുഭാവി. സര്‍റിയലിസ്റ്റ് എന്ന് വിളിക്കപ്പെട്ട ചിത്രങ്ങളാണ് ഫ്രിഡ വരച്ചത്. എന്നാല്‍, ഫ്രിഡയ്ക്ക് തന്‍റെ ചിത്രങ്ങളെ കുറിച്ച് തന്‍റേതുമാത്രമായ കാഴ്‍ചപ്പാടുകളുണ്ടായിരുന്നു. ഫ്രിഡയും വരയിലെ വേദനകളും... ചിത്രങ്ങള്‍ കാണാം.
1907 ജൂലൈ ആറിനാണ് മെക്സിക്കോയിലെ കോയകാനില്‍ ഫ്രിഡ കാഹ്‍ലോ ജനിച്ചത്. കമ്മ്യൂണിസ്റ്റ് അനുഭാവമുള്ള കുടുംബത്തിലാണ് അവളുടെ ജനനം. 'എന്‍റെ അമ്മ വിപ്ലവകാരികള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഞാന്‍ കണ്ടിരുന്നു, തെരുവിലെ വെടിയൊച്ചകള്‍ എന്‍റെ കാതുകള്‍ കേട്ടിരുന്നു...' എന്ന് ഫ്രിഡ തന്നെ എഴുതിയിരുന്നു. പ്രൈമറി സ്കൂള്‍ പൂര്‍ത്തിയാക്കിയ ശേഷം 1922 -ലാണ് ഫ്രിഡ Escuela Nacional Preparatoria (National Preparatory School) ചേരുന്നത്. 2000 വിദ്യാര്‍ത്ഥികളില്‍ 35 പെണ്‍കുട്ടികളിലൊരാളായി അവിടെ പഠിക്കാന്‍ ചേര്‍ന്നു അവളും. Los Cachuchas എന്ന പൊളിറ്റിക്കല്‍ ഗ്രൂപ്പിലെ അംഗമായിരുന്നു ഫ്രിഡ. ഒമ്പതംഗങ്ങളുള്ള ഗ്രൂപ്പിലെ സജീവസാന്നിധ്യം. അരാജകത്വത്തിന്‍റെ വഴിയായിരുന്നു സംഘത്തിന്... അതില്‍ പഠനവും വരയും വായനയും ചര്‍ച്ചയും കലഹവും എല്ലാം നടന്നു.
എന്നാല്‍, പ്രതീക്ഷിക്കാത്ത ഒരു അപകടം എന്നേക്കുമായി അവളുടെ ജീവിതം മാറ്റി. 1925 സപ്‍തംബര്‍ ഏഴിനായിരുന്നു അത്. വീട്ടിലേക്ക് സ്‍കൂളില്‍ നിന്ന് മടങ്ങും വഴി അവളും കൂട്ടുകാരനും സഞ്ചരിച്ച ബസ് ഒരു ട്രാമുമായി കൂട്ടിയിടിച്ചു. പലരും തല്‍ക്ഷണം മരിച്ചു. പക്ഷേ, ഫ്രിഡയും കൂട്ടുകാരനും രക്ഷപ്പെട്ടു. എന്നാല്‍, ആ അപകടം ഫ്രിഡയെ എന്നേക്കുമായി തളര്‍ത്തിക്കളഞ്ഞു. മൂന്നുമാസമാണ് അനങ്ങാതെ അവള്‍ കിടന്നുപോയത്. എന്നാല്‍, അത് വരയിലേക്കുള്ള അവളുടെ യാത്രയുടെ തുടക്കമായിരുന്നു. ഫ്രിഡ തന്നെ പറഞ്ഞതുപോലെ ഒരുപക്ഷേ, ആ അപകടമായിരിക്കാം എന്നെയൊരു ചിത്രകാരിയാക്കിയത്.
അച്ഛന്‍ കൊടുത്ത ഓയില്‍ പെയിന്‍റിന്‍റെ ബോക്സാണ് അവള്‍ക്ക് വരയിലേക്ക് വഴി തെളിച്ചത്. അതില്‍ വരച്ചുതുടങ്ങി അവള്‍. കിടക്കയില്‍ കിടന്ന് അച്ഛനുണ്ടാക്കിക്കൊടുത്ത ബോര്‍ഡിലാണ് വര. ആ വരകളെല്ലാം പിന്നീട് വലിയ വലിയ വരകളിലേക്കുള്ള യാത്രയായി. അപകടത്തെ തുടര്‍ന്ന് സാധാരണ ജീവിതം നയിക്കുക പ്രയാസമായിരിക്കും എന്ന് ആദ്യമേ അവള്‍ മനസിലാക്കിയിരുന്നൂ. ആ നോവുകളെല്ലാം അവള്‍ വരച്ചുവെച്ചു.
1927 -ലാണ് അവള്‍ പിന്നീട് വിവാഹം കഴിക്കുന്ന റിവേരയെ കണ്ടുമുട്ടുന്നത്. ചിത്രകാരനും കമ്മ്യൂണിസ്റ്റുമായിരുന്ന റിവേരയെ അവള്‍ കാണുന്നത് തന്‍റെ ചിത്രമെങ്ങനെയുണ്ട് എന്നറിയാനായിട്ടാണ്. ആ ചിത്രം കണ്ടമാത്രയില്‍ത്തന്നെ അദ്ദേഹം അവളിലെ ചിത്രകാരിയെ തിരിച്ചറിയുകയും ചെയ്തു. പിന്നീട് ആ പരിചയം പ്രണയത്തിലേക്ക് വഴിവെച്ചു. ഫ്രിഡയേക്കാള്‍ 21 വയസ്സിന് മൂത്തതായിരുന്നു റിവേര. അതൊന്നും ആ പ്രണയത്തിന് തടസമായില്ല. 1928 -ല്‍ അവള്‍ മെക്സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1929 -ല്‍ റിവേരയും അവളും വിവാഹിതരായി.
എന്നാല്‍, ചില അസ്വാരസ്യങ്ങളെല്ലാം അവരുടെ ബന്ധത്തില്‍ വന്നുചേര്‍ന്നു. വരയുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് നടത്തിയ യാത്ര അതില്‍ പ്രധാനമായിരുന്നു. റിവേരയ്ക്ക് അത് ഇഷ്ടമായെങ്കിലും ഫ്രിഡയെ അത് മടുപ്പിച്ചു. ഇരുവരുടെയും തുറന്ന ബന്ധങ്ങളും മറ്റും ആ അസ്വാരസ്യം കൂട്ടി. എന്നാല്‍, അവരുടെ ബന്ധം തകരാന്‍ കാരണമായത് റിവേരയ്ക്ക് ഫ്രിഡയുടെ സഹോദരിയുമായി ഉണ്ടായിരുന്ന ബന്ധമാണ് അവര്‍ തമ്മില്‍ അകലാന്‍ കാരണമായത്. അതിനുമുമ്പും ഇരുവര്‍ക്കും വേറെയും പ്രണയബന്ധങ്ങളുണ്ടായിരുന്നുവെങ്കിലും ഇത് ഫ്രിഡയ്ക്ക് ക്ഷമിക്കാനാവുമായിരുന്നില്ല.
അത് ഫ്രിഡയെ ആകെ ഉലച്ചുകളഞ്ഞു. സ്വന്തം മുടിമുറിച്ച് തകര്‍ന്നവളെപ്പോലെയിരിക്കുന്ന ഫ്രിഡയുടെ ഈ ചിത്രം അവര്‍ ഈ സമയത്തെ വരച്ചുചേര്‍ത്തതാണ്. റിവേരയുമായി പിരിഞ്ഞ് ഒരുമാസമായപ്പോഴാണ് ഫ്രിഡ തന്‍റെ മുടി മുറിച്ചു കളയുന്നത്. മുടിയില്ലാത്ത അയഞ്ഞ ഷര്‍ട്ടും പാന്‍റും സ്യൂട്ടും (പരമ്പരാഗത മെക്സിക്കന്‍ വസ്ത്രം) ധരിച്ച തന്‍റെ രൂപം അവള്‍ പെയിന്‍റ് ചെയ്തു. ഒരു കയ്യില്‍ കത്രികയുണ്ടായിരുന്നു, നിലത്ത് മുറിച്ചെറിഞ്ഞ മുടികളും. ചതിക്കപ്പെട്ടതിന്‍റെ വേദന, വേര്‍പിരിയേണ്ടി വന്നതിന്‍റെ വിങ്ങല്‍ എന്നതിനുമപ്പുറം ഫ്രിഡ സ്വയം തിരിച്ചറിഞ്ഞ, സ്വാതന്ത്ര്യം നേടിയ കാലം എന്നാണ് ലോകം ആ പെയിന്‍റിങ്ങിലൂടെ അവളെ വിളിച്ചത്.ഫ്രിഡയുടെ ജീവിതത്തിലെ ഏറ്റവും ഭ്രാന്തന്‍ ദിവസങ്ങളായിരുന്നു അത്. മാനസികമായുണ്ടായ തകര്‍ച്ചയെ മറികടക്കാനായി അവര്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂയോര്‍ക്കിലേക്ക് പോയി.
എന്നാല്‍, 1940 -ല്‍ ഫ്രിഡയും റിവേരയും തമ്മില്‍ വീണ്ടും വിവാഹിതരായി. അവര്‍ തമ്മിലുള്ള കെമിസ്ട്രി അത്തരത്തിലൊന്നായിരുന്നു. ഒരുപക്ഷേ, അവര്‍ക്കൊഴികേ ലോകത്തിലെ മറ്റാര്‍ക്കും മനസിലാവാത്ത പോലെ കോംപ്ലിക്കേറ്റഡായ ഒന്ന്.
ഫ്രിഡ ഒരുപാട് വരച്ചു. അതില്‍ ആത്മവേദനയും ശരീരത്തിന്‍റെ നിസ്സഹായതയും സ്വാതന്ത്ര്യവും ഉരുകിപ്പോകലും എല്ലാമെല്ലാം ഉള്‍ച്ചേര്‍ത്തു. ലോകം അവളുടെ ചിത്രങ്ങളെ അന്ന് സര്‍റിയലിസ്റ്റ് എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍, അത് ഫ്രിഡ തന്നെ തള്ളിക്കളഞ്ഞു. സ്വന്തം ചിത്രങ്ങളെ കുറിച്ച് അവര്‍ പറഞ്ഞത്, 'എനിക്കേറ്റവും നന്നായി അറിയാവുന്നത് എന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ എന്നെത്തന്നെ വരക്കുന്നത്' എന്നാണ്. 1954 ജൂലൈ 11 -ന് നാല്‍പ്പത്തിയേഴാമത്തെ വയസ്സില്‍ അവര്‍ മരിച്ചു.
വേദനയും ആത്മസംഘര്‍ഷങ്ങളുമായിരുന്നു ഫ്രിഡയിലെക്കാലത്തും നിലനിന്നിരുന്നത്. അവരുടെ എല്ലാ പെയിന്‍റിങ്ങുകളുടേയും ഭാവവും അതായിരുന്നു. ദ ബ്രോക്കണ്‍ കോളം, ഹെന്‍റി ഫോര്‍ഡ് ഹോസ്പിറ്റല്‍, പോര്‍ട്രെയിറ്റ് വിത്ത് ക്രോപ്പ്ഡ് ഹെയര്‍ എന്നിവയിലെല്ലാം അത് വ്യക്തമാണ്. പലതരം പീഡകളിലൂടെ കടന്നുപോയതാണ് ഫ്രിദയുടെ മനസ്സും ശരീരവും. രോഗം കൊണ്ടും, ആത്മസംഘര്‍ഷം കൊണ്ടും അവ എല്ലാക്കാലത്തും വേദനയനുഭവിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് അമ്മയാവാനുള്ള സാധ്യതയിനിയില്ലായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുവെങ്കിലും ഗര്‍ഭിണിയാവുകയും അത് അലസുകയും ചെയ്തു. അതുപോലും വരയായി മാറി. 'ഞാനെന്നെ വരയ്ക്കുന്നത് എനിക്കേറ്റവും അടുത്തറിയാവുന്നത് എന്നെയാണ് എന്നതുകൊണ്ടാണ്' എന്നാണ് അവരെപ്പോഴും പറഞ്ഞത്. ഞാന്‍ എന്നതുകൊണ്ട് അവരെപ്പോഴും വരയിലൂടെ സംവദിക്കാന്‍ ശ്രമിച്ചത് 'ഞാനെന്ന സ്ത്രീ' യെയാണ്. വേദനിക്കുന്ന, വിപ്ലവം തുടിക്കുന്ന, സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന സ്ത്രീ.