ആപ്പിള്‍ ഐഫോണ്‍ ഇന്ത്യയില്‍ നിന്നും നിര്‍മ്മിക്കുമ്പോള്‍ ശരിക്കും നേട്ടം ആര്‍ക്ക്?
ആപ്പിള്‍ തങ്ങളുടെ ചൈനയിലെ ഉത്പാദനം പടിപടിയായി കുറയ്ക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും അതില്‍ ട്രംപ് സര്‍ക്കാറിന്‍റെ സമ്മര്‍ദ്ദവും, അടുത്തിടെ ഉണ്ടായ കൊറോണ മഹാമാരിയുടെ പ്രത്യഘാതങ്ങളും ഒക്കെ കൂടിച്ചേരുന്നു.
ആപ്പിള്‍ അതിന്‍റെ ഏറ്റവും പുതിയ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഐഫോണ്‍ എസ്ഇ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു എന്നത് തന്നെയാണ്. ഇപ്പോള്‍ അതിനൊപ്പം പുതിയ നാല് മോഡല്‍ കൂടി ഇന്ത്യയില്‍ നിന്നും നിര്‍മ്മിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചിരിക്കുകയാണ്. തങ്ങളുടെ നിര്‍മ്മാണ പങ്കാളികളായ ഫോക്സ്കോണ്‍, വിസ്ട്രോണ്‍ എന്നിവയുമായി ചേര്‍ന്നാണ് ആപ്പിള്‍ ഇത് സാധ്യമാക്കുന്നത്.
എപ്പോള്‍ മുതല്‍ ഇത് ആരംഭിച്ചു?
ശരിക്കും 2017 മുതല്‍ ഇന്ത്യയില്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ അസംബിള്‍ ചെയ്യുന്നുണ്ട്. ഈ ഫോണ്‍ ഇന്ത്യയില്‍ ആപ്പിളിന്‍റെ ജനപ്രിയ മോഡലുകളില്‍ ഒന്നായിരുന്നു. കാരണം അതിന്‍റെ വിലക്കുറവ് തന്നെയാണ്. പിന്നീട് 2018ല്‍ ആപ്പിള്‍ ഐഫോണ്‍ 6എസ് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചു. പിന്നീട് 2019 ല്‍ ആപ്പിള്‍ ഐഫോണ്‍ 7 ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചു. ഇതെല്ലാം നടന്നത് ബംഗലൂരുവിലെ വിസ്ട്രോണ്‍ പ്ലാന്‍റിലായിരുന്നു.
ഇന്ത്യയില്‍ എത്തുന്ന സമയത്ത് തന്നെ ആപ്പിള്‍ ഐഫോണ്‍ എസ്ഇ, 6 എസ്, ഐഫോണ്‍ 7 എന്നിവ ഇറങ്ങിയിട്ട് രണ്ട് വര്‍ഷത്തിലേറെ ആയിരുന്നു. എന്നാല്‍ വിലകുറഞ്ഞ ഐഫോണുകള്‍ തേടുന്ന ആപ്പിള്‍ ഐഫോണ്‍ ഇക്കോ സിസ്റ്റത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ഇത് ആകര്‍ഷിച്ചിരുന്നു. ഇത് ആപ്പിളിന് ഇന്ത്യയിലെ വിപണിയില്‍ നല്ല രീതിയില്‍ വിറ്റഴിക്കാനും സാധിച്ചു.
പിന്നീട് 2019 എത്തുമ്പോള്‍ ചെന്നൈയിലെ ഫോക്സ് കോണ്‍ പ്ലാന്‍റിലും ലോക ടെക് ഭീമന്‍ തങ്ങളുടെ ഫോണുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഐഫോണ്‍ XR ആണ് അവിടെ നിര്‍മ്മിച്ചിരുന്ന ഫോണ്‍. ഇന്ത്യപോലുള്ള വിപണികളെ ലക്ഷ്യമാക്കി ആപ്പിള്‍ ഇറക്കിയ ഫോണ്‍ ആയിരുന്നു ഐഫോണ്‍ XR എന്നാണ് അന്ന് ടെക് ലോകം വിലയിരുത്തിയത്.
2020 ആയപ്പോള്‍ ഐഫോണ്‍ 11 ന്‍റെ നിര്‍മ്മാണം, അതായത് ആപ്പിള്‍ ഐഫോണിന്‍റെ ഏറ്റവും പുതിയ മോഡലിന്‍റെ നിര്‍മ്മാണവും ചെന്നൈ ഫോക്സ്കോണ്‍ പ്ലാന്‍റില്‍ ആരംഭിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എപ്രിലില്‍ വിപണിയില്‍ എത്തിയ ഐഫോണ്‍ എസ്ഇ 2020 യുടെ നിര്‍മ്മാണം ആപ്പിള്‍ ബംഗലൂരു പ്ലാന്‍റില്‍ ആരംഭിക്കുന്നത്. അതായത്, ഇന്ത്യന്‍ വിപണിയില്‍ നേരിട്ട് നിര്‍മ്മാണം നടത്തുന്ന ആപ്പിള്‍ ഫോണുകള്‍ പഴയതാണ് എന്ന വിമര്‍ശനം ആപ്പിള്‍ അവസാനിപ്പിക്കുന്നു എന്ന് ചുരുക്കം.
അതിനിടയില്‍ 2019 ല്‍ ആപ്പിള്‍ ഐഫോണ്‍ എസ്ഇ പഴയമോഡലിന്‍റെയും, ഐഫോണ്‍ 6 എസിന്‍റെയും നിര്‍മ്മാണം ഇന്ത്യയില്‍ നിര്‍ത്തി. ഇവ വിപണിയില്‍ നിന്നും പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്.
'മെയ്ക്ക് ഇന്‍ ഇന്ത്യ' വില കുറയ്ക്കുമോ?
ആപ്പിളിന് ആഗോള വില നിലവാര തന്ത്രം പ്രയോഗത്തില്‍ വരുത്തുന്ന ഒരു കമ്പനിയാണ്. എന്നാല്‍ ചിലപ്പോള്‍ പ്രദേശിക വിപണികള്‍ക്ക് വേണ്ടി ചില ചെറിയ മാറ്റങ്ങള്‍ ആപ്പിള്‍ അതില്‍ വരുത്താറുമുണ്ട്. ഒപ്പം ഹാര്‍ഡ് വെയര്‍ എവിടെ നിര്‍മ്മിക്കുന്നു എന്നതും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ ആപ്പിള്‍ ഐഫോണ്‍ വില ഇവിടെ അസംബിള്‍ ചെയ്താലും കുറയാന്‍ സാധ്യതയില്ലെന്ന് പറയാനും ചില കാരണങ്ങളുണ്ട്.
ഒന്ന് - ആപ്പിള്‍ ഈ ഫോണുകള്‍ ഇവിടെ അസംബിള്‍ ചെയ്യുകയാണ്, അതിനാല്‍ ആപ്പിളിന് ഇതിനാവശ്യമായ ഭാഗങ്ങള്‍ വിതരണം ചെയ്യാന്‍ പ്രദേശിക വിതരണക്കാര്‍ ഇല്ല. അതിനാല്‍ തന്നെ ശരിക്കും നിര്‍മ്മാണ ചിലവ് വലുതായി കുറയുന്നില്ല.
രണ്ട് - ഇപ്പോഴും ആപ്പിളിന്‍റെ ചില പ്രോഡക്ടുകള്‍ക്ക് രാജ്യത്തുള്ള ആവശ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഉത്പാദനം ഇന്ത്യന്‍ യൂണിറ്റുകളില്‍ നടക്കുന്നില്ല. അതിനാല്‍ തന്നെ ഐഫോണ്‍ ഇറക്കുമതി ഇപ്പോഴും നടക്കുന്നു. അതിനാല്‍ തന്നെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' ഐഫോണുകള്‍ മറ്റൊരു വിലയില്‍ വില്‍ക്കുക സാധ്യമല്ല.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ രാജ്യത്തെ കസ്റ്റംസ് ഡ്യൂട്ടിയിലും മറ്റും വന്ന മാറ്റം ചിലപ്പോള്‍ 'മെയ്ക്ക് ഇന്‍ ഇന്ത്യ' ഐഫോണുകളുടെ നിര്‍മ്മാണം വര്‍ദ്ധിക്കുന്ന മുറയ്ക്ക് ആപ്പിള്‍ വിലക്കുറവ് രൂപത്തില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിച്ചേക്കും എന്നും സൂചനയുണ്ട്.
ചൈനയില്‍ നിന്നും പുറത്തുചാടാന്‍ ശ്രമിക്കുന്ന ആപ്പിള്‍
ആപ്പിള്‍ തങ്ങളുടെ ചൈനയിലെ ഉത്പാദനം പടിപടിയായി കുറയ്ക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമായും അതില്‍ ട്രംപ് സര്‍ക്കാറിന്‍റെ സമ്മര്‍ദ്ദവും, അടുത്തിടെ ഉണ്ടായ കൊറോണ മഹാമാരിയുടെ പ്രത്യഘാതങ്ങളും ഒക്കെ കൂടിച്ചേരുന്നു. എന്നാല്‍ ചൈനയില്‍ നിന്നും എല്ലാം പറിച്ചെറിഞ്ഞ് ആപ്പിള്‍ ഇന്ത്യയില്‍ വന്ന് നിര്‍മ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാനും വയ്യ. ഇന്ത്യയില്‍ വിവിധ പ്രോഡക്ടുകളുടെ അസംബിള്‍ യൂണിറ്റുകള്‍ തുടങ്ങി. ഇന്ത്യന്‍ വിപണിയിലേക്ക് ആവശ്യമായ ഉത്പാദനത്തിന് പുറമേ, മറ്റ് ചില ഭാവി സാധ്യതയുള്ള വിപണികളിലേക്കുള്ള കയറ്റുമതിയുമാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്.
ചൈനയില്‍ ഉണ്ടായിരുന്ന ആപ്പിളിന്‍റെ മാക് പ്രോ യൂണിറ്റ് പൂര്‍ണ്ണമായും അമേരിക്കയിലേക്ക് മാറ്റിയത് 2019ലാണ്. അന്ന് ഓസ്റ്റണില്‍ സ്ഥാപിച്ചത് 3 ദശലക്ഷം ചതുരശ്ര അടിയുള്ള നിര്‍മ്മാണ യൂണിറ്റാണ്. ഇതിന് ചിലവ് വന്നത് ഒരു ശതകോടി അമേരിക്കന്‍ ഡോളറും. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ആപ്പിളിന്‍റെ നിര്‍മ്മാണങ്ങളില്‍ ഭാവിയില്‍ പ്രതീക്ഷിക്കാം.
അതേ സമയം ഈ ആഴ്ചയില്‍ മറ്റൊരു ശ്രദ്ധേയമായ കാര്യവും നടന്നു. ആപ്പിളിന്‍റെ നിര്‍മ്മാണ പങ്കാളികളായ ഫോക്സ്കോണ്‍ മെക്സിക്കോയില്‍ പുതിയ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. അമേരിക്ക ലക്ഷ്യമാക്കിയുള്ള ഫോണ്‍ നിര്‍മ്മാണമാണ് ലക്ഷ്യം. കൌതുകരമായ കാര്യം അവിടെ ആപ്പിള്‍ പ്രോഡക്ടുകള്‍ അല്ല മറ്റ് ബ്രാന്‍റുകളാണ് നിര്‍മ്മിക്കുന്നത് എന്നതാണ്. തായ്വാന്‍ കമ്പനിയാണ് ഫോക്സ്കോണ്‍.