'എമ്പുരാന്‍, ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നം'; കാരണം വിശദീകരിച്ച് ആന്‍റണി പെരുമ്പാവൂര്‍

2025 മാര്‍ച്ച് 27 നാണ് ചിത്രത്തിന്‍റെ റിലീസ്

antony perumbavoor explains why empuraan is long cherished dream of aashirvad cinemas mohanlal prithviraj sukumaran

മലയാളത്തിലെ എക്കാലത്തെയും ബിഗ് കാന്‍വാസ് ചിത്രങ്ങളിലൊന്നാണ് വരാനിരിക്കുന്ന എമ്പുരാന്‍, പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫറിന്‍റെ സീക്വല്‍. മലമ്പുഴയില്‍ ഇന്ന് പുലര്‍ച്ചെ 5.35 ന് സിനിമയുടെ ചിത്രീകരണത്തിന് അവസാനമായി. 2025 മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ആശിര്‍വാദ് സിനിമാസിനെ സംബന്ധിച്ച് എമ്പുരാന്‍ അത്രയും പ്രാധാന്യമുള്ള ഒരു പ്രോജക്റ്റ് ആവുന്നത് എന്തുകൊണ്ടെന്ന് പറയുകയാണ് നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍. ആശിര്‍വാദിന്‍റെ 25 വര്‍ഷത്തെ സ്വപ്‍നമാണ് എമ്പുരാനിലൂടെ യാഥാര്‍ഥ്യമാവുന്നതെന്ന് അദ്ദേഹം പറയുന്നു.

എല്ലാവരും ശ്രദ്ധിക്കുന്ന ഒരു ചിത്രം എന്നതിലുപതി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്ന് സൃഷ്ടിക്കണമെന്നാണ് ഇക്കാലമത്രയും ഞങ്ങള്‍ ആ​ഗ്രഹിച്ചത്. വ്യക്തിപരമായി ഞാന്‍ ഏറ്റവും താലോലിച്ച ആ​ഗ്രഹവും അതായിരുന്നു. ഈ പ്രോജക്റ്റോട് ആ സ്വപ്നം ഞങ്ങള്‍ നേടിയെടുത്തതായി ഞാന്‍ കരുതുന്നു. മോഹന്‍ലാല്‍ സാര്‍ ഏറ്റവും മികച്ച നടനാണെന്നാണ് എപ്പോഴും എന്‍റെ വിശ്വാസം. പൃഥ്വിരാജ് സുകുമാരന്‍ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളും. കഴിവുറ്റ ഈ രണ്ട് പേരെയും ഒരുമിപ്പിച്ച്, മുരളി ​ഗോപിയുടെ തിരക്കഥയുടെ മികവില്‍ എത്തുന്ന ചിത്രം ​ഗംഭീരമായ ഒന്നായിരിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കഴിഞ്ഞ 14 മാസങ്ങളിലായി ഞങ്ങളുടെ സംഘത്തിലെ ഓരോരുത്തരുടെയും അര്‍പ്പണവും അധ്വാനവുമാണ് ഈ സിനിമ. ലാല്‍ സാറിനോടും പൃഥ്വിരാജിനോടും എനിക്ക് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഈ പ്രതിഭകളുടെ സം​ഗമത്തിലൂടെ അല്ലായിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. അവസാനമായി ഈ ചിത്രം പ്രേക്ഷകഹൃദയങ്ങളിലേക്ക് എത്തി അതിന്‍റെ നിയോ​ഗം സാക്ഷാത്കരിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്‍റെ കുടുംബത്തിന്‍റെയും എമ്പുരാന്‍ ടീമിന്‍റെയും നിങ്ങള്‍ പ്രേക്ഷകരുടെയും അകമഴിഞ്ഞ പിന്തുണയില്ലാതെ ഈ സ്വപ്നം സാധ്യമാകുമായിരുന്നില്ല. ഈ സ്വപ്നം യാഥാര്‍ഥ്യമാവുമ്പോള്‍ നിങ്ങളുടെ പ്രാര്‍ഥനകളില്‍ ഞങ്ങളെ വീണ്ടും ഒപ്പം കൂട്ടണമെന്ന് അഭ്യര്‍ഥിക്കുന്നു, ചിത്രം പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള കുറിപ്പില്‍ ആന്‍റണി പെരുമ്പാവൂര്‍ എഴുതി. സഹനിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിനും ആന്‍റണി നന്ദി പറയുന്നുണ്ട്. അതേസമയം പ്രേക്ഷകരെ സംബന്ധിച്ച് ഇനി 117 ദിനങ്ങളുടെ കാത്തിരിപ്പാണ് ഉള്ളത്. 

ALSO READ : മധു ബാലകൃഷ്‍ണന്‍റെ ആലാപനം; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios