ആന്ദ്രെ പിർലോ പുറത്ത്, യുവന്റസിൽ അലെഗ്രിക്ക് രണ്ടാമൂഴം
സീസണിൽ യുവന്റസ് ഇറ്റാലിയൻ കപ്പും ഇറ്റാലിയൻ സൂപ്പർ കപ്പും ജയിച്ചെങ്കിലും സീരി എ-യിലെയും ചാമ്പ്യൻസ് ലീഗിലെയും മോശം പ്രകടനമാണ് പരിശീലകനെന്ന നിലയിൽ പിർലോക്ക് തിരിച്ചടിയായത്.
റോം: സീരി എ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് പരിശീലകൻ ആന്ദ്രേ പിർലോയെ പുറത്താക്കി ഇറ്റാലിയൻ ക്ലബ്ബായ യുവന്റസ്. മുൻ പരിശീലകനായ മാസിമിലാനോ അലെഗ്രിയെയാണ് യുവന്റസ് പിർലോയുടെ പിൻഗാമിയായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇറ്റാലിയൻ ലീഗിൽ യുവന്റസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
സീസണിൽ യുവന്റസ് ഇറ്റാലിയൻ കപ്പും ഇറ്റാലിയൻ സൂപ്പർ കപ്പും ജയിച്ചെങ്കിലും സീരി എ-യിലെയും ചാമ്പ്യൻസ് ലീഗിലെയും മോശം പ്രകടനമാണ് പരിശീലകനെന്ന നിലയിൽ പിർലോക്ക് തിരിച്ചടിയായത്. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പോർച്ചുഗീസ് ക്ലബ്ബായ എഫ് സി പോർട്ടോയോടാണ് യുവെ തോറ്റത്. സീരി എയിലും കിരീടം കൈവിട്ടതോടെയാണ് പരിശീലകനെ പുറത്താക്കാൻ യുവന്റസ് തീരുമാനിച്ചത്. നേരത്തെ യുവന്റസ് പരിശീലകനായിരുന്ന സരിയെ പുറത്താക്കിയാണ് പിർലോ ടീമിന്റെ പരിശീലകനാവുന്നത്.
സിനദീൻ സിദാൻ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ റയൽ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്ക് അലെഗ്രിയെ പരിഗണിച്ചിരുന്നു. എന്നാൽ റയലിന്റെ വാഗ്ദാനം നിരസിച്ചാണ് അലെഗ്രി തന്റെ പഴയ തട്ടകത്തിലേക്ക് മൂന്നു വർഷ കരാറിൽ തിരിച്ചു വരുന്നത്. 2014 മുതൽ 2019 വരെ യുവന്റസിനെ പരിശീലിപ്പിച്ച അലെഗ്രിക്ക് കീഴിൽ ടീം 11 കിരീടങ്ങൾ നേടി. ഇതിൽ അഞ്ച് സീരി എ വിജയങ്ങളുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.