മലയാളികൾക്ക് മുന്നിൽ പന്തുരുട്ടാൻ മെസി, അര്‍ജന്‍റീന ടീമിനൊപ്പം കേരളത്തിലേക്ക്; വേദി പരിഗണിക്കുന്നത് കൊച്ചിയിൽ
മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരം : ഫുട്ബോൾ ആരാധകരുടെ ആകാംക്ഷകൾക്കും കാത്തിരിപ്പുകൾക്കും വിരാമം. ലിയോ എന്ന ലിയോണൽ മെസ്സി ഇനി മലയാളികൾക്ക് മുന്നിൽ പുല്‍ത്തകിടിയിൽ പന്തുരുട്ടും. ഏറെ നാളായുള്ള കാത്തിരിപ്പിന് ഇനി ഒരു വർഷം മാത്രമേ ബാക്കിയുളളു. പ്രദർശന മല്‍സരത്തിനായി അടുത്ത വർഷം എത്തുന്ന അര്ജന്‍റീന ടീമിനൊപ്പം മെസിയും ഉണ്ടാകുമെന്ന് മന്ത്രി വി അബ്ദുറഹ്മാനാണ് സ്ഥിരീകരിച്ചത്.
സൂപ്പർ താരം ലിയോണൽ മെസി അടക്കം അർജന്റീന ടീമാകും കേരളത്തിലേക്ക് വരികയെന്ന് തിരുവനന്തപുരുത്ത് വാർത്താ സമ്മേളനത്തിൽ മന്ത്രി അബ്ദുറഹ്മാൻ അറിയിച്ചു. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം കേരളത്തിൽ വെച്ച് മത്സരം നടക്കും. ലയണൽ മെസി പങ്കെടുക്കും. കൊച്ചി നെഹ്റു സ്റ്റേഡിയമാണ് മത്സരത്തിന് വേദിയായി പ്രധാനമായും പരിഗണിക്കുന്നത്.
എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരും. മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ. അത് കൊണ്ടാണ് മഞ്ചേരി സ്റ്റേഡിയം ഒഴിവാക്കി കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
ഫിഫ കലണ്ടർ പ്രകാരം ഒക്ടോബർ, നവംബർ മാസങ്ങളിലേ ഒഴിവുള്ളൂ. താമസിയാതെ തന്നെ അർജന്‍റീന ഫുട്ബോൾ ഫെഡറേഷന്‍റെയും ഫിഫയുടെയും ഉദ്യോഗസ്ഥർ തയ്യാറെടുപ്പുകൾ വിലയിരുത്താൻ കേരളത്തിലെത്തും. മത്സരത്തിന്റെ തിയ്യതി, സ്റ്റേഡിയം തുടങ്ങിയ കാര്യങ്ങൾ ഇതിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. വിദേശ ടീമിനെ തന്നെ ഏതിരാളിയായി എത്തിക്കാനാണ് ആലോചന.
അഴിഞ്ഞാട്ടം തുടരാന്‍ മെസി! 2026 ലോകകപ്പ് കളിക്കുമെന്നുള്ള ഉറപ്പ് നല്‍കി ഇതിഹാസതാരം