'ഇന്ന് ഇതേ ഭക്ഷണം കഴിച്ചാല്‍ എത്ര രൂപ കൊടുക്കണം!'; രസകരമായ പോസ്റ്റ്
പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴാകട്ടെ, തീപിടിച്ച വിലയാണ് മിക്കവര്‍ക്കും തലവേദന. കൊടുക്കുന്ന പണത്തിന് ആവശ്യമായത്ര അളവില്ലാതിരിക്കുക, ഗുണമേന്മയില്ലാതിരിക്കുക എന്നിങ്ങനെയുള്ള പരാതികളെല്ലാം എപ്പോഴും ഹോട്ടല്‍ ഭക്ഷണങ്ങളെ ചൊല്ലി ഉയരാറുണ്ട്.
പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാൻ ഇന്ന് നമുക്ക് സാധ്യമല്ല. ഏതെങ്കിലുമൊരു അവസരത്തില്‍ ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കാത്തവര്‍ ഇന്ന് ഇല്ല എന്നുതന്നെ പറയാം. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ കഴിയുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും. മുൻകാലങ്ങളില്‍ കഴിയുന്നതും വീട്ടില്‍ തന്നെ ഭക്ഷണം വച്ച് കഴിക്കുകയും ജോലിസ്ഥലത്തേക്ക് കൊണ്ടുപോവുകയുമെല്ലാം ചെയ്യുന്നതായിരുന്നു പതിവ്. എന്നാലിപ്പോള്‍ തിരക്കേറിയ ജീവിതസാഹചര്യങ്ങളുടെ ഭാഗമായി ഈ ഭക്ഷണസംസ്കാരവും മാറിവന്നിരിക്കുകയാണ്.
പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോഴാകട്ടെ, തീപിടിച്ച വിലയാണ് മിക്കവര്‍ക്കും തലവേദന. കൊടുക്കുന്ന പണത്തിന് ആവശ്യമായത്ര അളവില്ലാതിരിക്കുക, ഗുണമേന്മയില്ലാതിരിക്കുക എന്നിങ്ങനെയുള്ള പരാതികളെല്ലാം എപ്പോഴും ഹോട്ടല്‍ ഭക്ഷണങ്ങളെ ചൊല്ലി ഉയരാറുണ്ട്.
നാമിന്ന് വലിയ വില കൊടുത്ത് വാങ്ങിക്കഴിക്കുന്ന പല വിഭവങ്ങള്‍ക്കും വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്തായിരുന്നിരിക്കും വിലയെന്ന് എപ്പോഴെങ്കിലും ഓര്‍ത്തുനോക്കിയിട്ടുണ്ടോ? അല്‍പം പ്രായമുള്ളവര്‍ ഇടയ്ക്കെങ്കിലും ഇക്കാര്യങ്ങള്‍ പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും.
ഇപ്പോഴിതാ 37 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഹോട്ടല്‍ ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് 2013ല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ എത്തിയതാണ്. ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണെന്ന് പറയാം. ദില്ലിയിലെ ഒരു ഹോട്ടലാണ് ഈ പഴയ ബില്ല് പങ്കുവച്ചിരിക്കുന്നത്.
ഷാഹി പനീറും, ദാല്‍ മക്കാനിയും, റയ്ത്തയും ചപ്പാത്തിയുമാണ് ബില്ലിലുള്ള വിഭവങ്ങള്‍. ഷാഹി പനീറിന് എട്ട് രൂപയാണ്. ദാല്‍ മക്കാനിക്കും റെയ്ത്തയ്ക്കും അഞ്ച് രൂപയുമാണ് വില. ഇതിന് പുറമെ എട്ട് രൂപയ്ക്ക് ചപ്പാത്തിയുമാണ് വാങ്ങിയിരിക്കുന്നത്. ആകെ 26.30 ആണ് ബില്ലിലെ തുക. രണ്ടോ മൂന്നോ പേര്‍ കഴിച്ചതിന്‍റെയാകാം ഈ ബില്ല്. ഇന്ന് 26 രൂപയ്ക്ക് നമുക്കൊരുപക്ഷേ ഒരു ചായയും ചെറുകടിയും കിട്ടുമായിരിക്കും. അല്ലെങ്കില്‍ ചെറിയൊരു പാക്കറ്റ് ചിപ്സ്. ഇതില്‍ കൂടുതല്‍ കാര്യമായൊന്നും ഈ തുകയ്ക്ക് നമുക്ക് വാങ്ങിക്കാൻ സാധ്യമല്ല.
പഴയ ഹോട്ടല്‍ ബില്ല് കൗതുകപൂര്‍വം നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. ഇന്ന് ഈ പണത്തിന് എന്ത് വാങ്ങിക്കാൻ സാധിക്കുമെന്ന് തന്നെയാണ് ഏവരും അത്ഭുതപൂര്‍വം ചോദിക്കുന്നത്.
Also Read:- 62 ലക്ഷത്തിന്‍റെ ജീൻസ്; അമ്പരക്കേണ്ട, ഇതിന് പിന്നിലൊരു കഥയുണ്ട്...