ചോറും ചിക്കനും മട്ടണും വിളമ്പിയ വൈറൽ 'കുമാരി ആന്റി' കട പൂട്ടി, അത് വേണ്ടെന്ന് മുഖ്യമന്ത്രി, ഉണ്ണാൻ കടയിലെത്തും
സോഷ്യൽ മീഡിയ താരം 'കുമാരി ആന്റി'യുടെ ഭക്ഷണശാല ഹൈദരാബാദ് പൊലീസ് പൂട്ടിച്ച സംഭവത്തിൽ ഇടപെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
ഹൈദരാബാദ്: സോഷ്യൽ മീഡിയ താരം 'കുമാരി ആന്റി'യുടെ ഭക്ഷണശാല ഹൈദരാബാദ് പൊലീസ് പൂട്ടിച്ച സംഭവത്തിൽ ഇടപെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മദാപ്പൂരിലെ ഐടിസി കോഹനൂർ ജംക്ഷന് സമീപം മിതമായ നിരക്കിൽ നോൺ വെജ് ഭക്ഷണ വിൽപ്പന നടത്തിയ സായ് കുമാരി അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. പല തരം വെറൈറ്റി ചോറും ചിക്കനും മട്ടണും അടക്കമുള്ള നോൺ വെജ് കറികളും അടങ്ങുന്ന മെനുവിലൂടെ ആയിരുന്നു കുമാരി ആന്റിയുടെ കട ജനപ്രീതി നേടിയത്.
ആന്ധ്രാപ്രദേശിലെ ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ സിപി സർക്കാർ, പ്രതിപക്ഷ നേതാവ് നാരാ ചന്ദ്രബാബു നായിഡുവിനും, ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാണിനും കുമാരി ആന്റിയുടെ സ്റ്റാൾ അടച്ചുപൂട്ടുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ചതോടെ വിഷയം രാഷ്ട്രീയ ചര്‍ച്ചയ്ക്കും വഴിയൊരുക്കി. ആന്ധ്രാപ്രദേശിലെ ഗുഡിവാഡ സ്വദേശിനിയായ സായ് കുമാരിക്ക് ജഗൻ മോഹൻ റെഡ്ഡി സര്‍ക്കാര്‍ വീട് കൈമാറിയതോടെയാണ് അവരുടെ തെലങ്കാനയിലുള്ള കടയ്ക്ക് പൂട്ട് വീണതെന്നായിരുന്നു ആരോപണം.
എന്നാൽ, സോഷ്യൽ മീഡിയയിൽ താരമായതോടെ ഭക്ഷണം കഴിക്കാനും, വീഡിയോ പകര്‍ത്താനുമായി നിരവധി പേര്‍ കുമാരി ആന്റിയെ തേടിയെത്തിയതാണ് നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. വലിയ തിരക്കുള്ള റോഡിന്റെ സൈഡിൽ നിന്ന് കട മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നും അതുവരെ തുറക്കരുതെന്നും പൊലീസ് നിര്‍ദേശിക്കുകയായിരുന്നു. ഗതാഗത തടസമുണ്ടാക്കിയതിന് കേസും രജിസ്റ്റര്‍ ചെയ്തു. യാത്രക്കാരുടെ നിരവധി പരാതികൾ ഉണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു.
എന്നാൽ, കുമാരിക്കും അവരുടെ ഭക്ഷണശാലയ്‌ക്കുമെതിരെ നടപടിയെടുക്കരുതെന്ന് രേവന്ത് റെഡ്ഡി ബുധനാഴ്ച പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. സംസ്ഥാനത്ത് ചെറുകിട വ്യവസായങ്ങൾ വികസിക്കണമെന്നും, അതിനാൽ ഇത്തരം സ്ഥാപനങ്ങൾക്ക് പിന്തുണ നൽകണമെന്നും നിര്‍ദേശിച്ച മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കുമാരിക്കെതിരായ പൊലീസ് കേസ് പുനഃപരിശോധിക്കാൻ ഡിജിപിയെ ചുമതലപ്പെടുത്തുകയും ചെയ്തു. അവര്‍ക്ക് ഇഷ്ടമുള്ളിടത്ത് സ്റ്റാൾ നടത്താൻ അനുവദിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളിൽ പറയുന്നത്. ഇതിന് പുറമെ, മുഖ്യമന്ത്രി ഉടൻ കുമാരിയുടെ സ്റ്റാൾ സന്ദർശിക്കുമെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏറെ ആരാധകരുള്ള കുമാരി ആന്റിയുടെ കട പൂട്ടിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയര്‍ന്ന വ്യാപക പ്രതിഷേധം പിന്നാലെ മുഖ്യമന്ത്രിക്കുള്ള പ്രശംസയായി മാറി.
നിങ്ങള്‍ ആരോഗ്യമുള്ളവരാണോ? എങ്കില്‍ ഈ സ്വഭാവസവിശേഷതകള്‍ കാണും...