Ramadan 2023 : നോമ്പുതുറ സ്പെഷ്യൽ ; എളുപ്പം തയ്യാറാക്കാം രുചികരമായ കോഴി അട
വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇനി എങ്ങനെയാണ് രുചികരമായ കോഴി അട തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...
മലബാറിന്റെ തനത് നാലുമണി പലഹാരമാണ് കോഴി അട. കൊതിപ്പിക്കുന്ന രുചിയുള്ള ഈ വിഭവം നോമ്പുതുറ പലഹാരങ്ങളിൽ ഒന്നാമനാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഇനി എങ്ങനെയാണ് രുചികരമായ കോഴി അട തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...
വേണ്ട ചേരുവകൾ...
എല്ലില്ലാത്ത ചിക്കൻ 500 ഗ്രാം
അരിപ്പൊടി 1 കപ്പ്
സവാള 2 ഇടത്തരം വലിപ്പമുള്ളത്
പച്ചമുളക് രണ്ടെണ്ണം
ഇഞ്ചി- വെളുത്തുള്ളി ചതച്ചത് 1 ടേബിൾ സ്പൂൺ
കുരുമുളക് ഒന്നര ടേബിൾ സ്പൂൺ
മുളക് പൊടി 1 ടേബിൾ സ്സ്പൂൺ
മഞ്ഞൾപൊടി 1 ടീസ്പൂൺ
ഗരംമസാലപൊടി 1/2 ടീസ്പൂൺ
പെരുംജീരകം 1 ടീസ്പൂൺ
എണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
കഴുകി വൃത്തിയാക്കിയ എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങളിലേക്ക് മുളക്പൊടി മഞ്ഞൾപൊടി അര ടേബിൾ സ്പൂൺ ചതച്ച കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടുക. ചുവടു കട്ടിയുള്ള ഒരു പത്രത്തിൽ മസാല പുരട്ടിവെച്ച ചിക്കനും അരക്കപ്പ് വെള്ളവും ചേർത്ത് വേവിക്കാൻ വെയ്ക്കുക.(കുക്കറിൽ വേവിക്കണം എന്ന് നിർബന്ധമില്ല ). ചിക്കൻ വേവുന്ന സമയംകൊണ്ട് അടയുണ്ടാക്കാനുള്ള മാവ് തയാറാക്കാം. നേർമയിൽപൊടിച്ച അരിമാവിലേക്ക് ചൂടുവെള്ളവും ഉപ്പും കുറച്ച് എണ്ണയും ചേർത്ത് കൈയിൽവെച്ചു ഉരുട്ടാനുള്ള പാകത്തിൽ കുഴച്ചെടുക്കുക. ഒരു നനഞ്ഞ തുണികൊണ്ട് ഈ മാവിനെ പൊതിഞ്ഞു 10മിനിറ്റ് മാറ്റിവെക്കുക. പാകത്തിന് വെന്ത ചിക്കൻ കഷ്ണങ്ങൾ തണുത്ത ശേഷം കൈകൊണ്ട് ചെറുതായി പൊടിച്ചെടുക്കുക. ഒരു പാനിൽ എണ്ണയൊഴിച്ചു പെരുംജീരകം പൊട്ടിച്ചശേഷം ചെറുതായി അരിഞ്ഞ സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. പച്ചമണം മാറി സവാള വെന്തുവരുന്ന സമയത്ത് പൊടിച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കുക. ഗരംമസാലപൊടിയും ആവശ്യമെങ്കിൽ ഉപ്പും കൂടെ ചേർത്തുകൊടുക്കാം. നേരത്തെ മാറ്റിവെച്ച ഒരു ടേബിൾ സ്പൂൺ കുരുമുളക് തരുതരുപ്പായി പൊടിച്ചതും കൂടി ചേർത്തിളക്കി തീ ഓഫ് ചെയ്തതിനു ശേഷം തണുക്കാനായി മാറ്റി വെയ്ക്കാം. നാലായിമുറിച്ച വാട്ടിയ വാഴയിലയിലേക്ക് എണ്ണ തടവി കുഴച്ചുവെച്ച അരിമാവ് കൈകൊണ്ട് കനംകുറച്ച് പരത്തി ഉള്ളിൽ ചിക്കൻകൂട്ട് നിറച്ചു പൊതിഞ്ഞെടുക്കുക. വശങ്ങൾ വിട്ടുപോകാതിരിക്കാൻ പ്രതേകം ശ്രദ്ധിക്കുക. കാൽഭാഗം വെള്ളംനിറച്ച അപ്പചെമ്പിൽ വെച്ച് 20-25മിനുട്ട് വരെ വേവിച്ചെടുക്കുക. രുചികരമായ കോഴിയട തയ്യാർ. Serving instruction :ഒരു അടയെ ഇലയോടുകൂടി രണ്ടായി മുറിച്ചു വിളമ്പുക.
ശ്രദ്ധിക്കുക...
കുരുമുളകിന്റെ എരിവും സ്വാദുമാണ് ചിക്കൻകൂട്ടിൽ പ്രധാനം. അത്രയും എരിവ് വേണ്ടാത്തവർക്ക് കുരുമുളകിന്റെ അളവ് കുറയ്ക്കാവുന്നതാണ്.
തയ്യാറാക്കിയത്:
അഭിരാമി, തിരുവനന്തപുരം