ബിരിയാണിയില്‍ വ്യത്യസ്തമായ പരീക്ഷണം; പ്രതിഷേധവുമായി ബിരിയാണിപ്രേമികള്‍
ഓരോ പ്രദേശത്തും ബിരിയാണി തനതായ തരത്തിലാണ് തയ്യാറാക്കാറ്. ഈ തനത് രുചികളില്‍ ഏറ്റവും മികച്ചത് ഏതാണെന്ന വിഷയത്തിലാണ് അധികവും തര്‍ക്കങ്ങളുണ്ടാകാറ്. ഇതിനിടെ ബിരിയാണിയില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ചിലരെയും കാണാം. ഇവരും ബിരിയാണിപ്രേമികളുടെ ഭാഗത്ത് നിന്ന് കൊടിയ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്
ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഏറ്റവുമധികം ആരാധകരുള്ളത് ബിരിയാണിക്ക് തന്നെയാണെന്ന് നിസംശയം പറയാം. നമ്മുടെ നാട്ടില്‍ ബിരിയാണിക്കുള്ള പേരും പെരുമയും ഡിമാന്‍ഡുമെല്ലാം ഇത് സൂചിപ്പിക്കുന്നുണ്ട്. അടുത്തിടെയായി പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളില്‍ പലതും നടത്തിയ സര്‍വേകളും ഇന്ത്യക്കാരുടെ ബിരിയാണിപ്രേമത്തെ വെളിവാക്കുന്നതാണ്.
ഇത്രയും പ്രിയമുള്ള ഭക്ഷണമായതിനാല്‍ തന്നെ ബിരിയാണിയുടെ പേരില്‍ തര്‍ക്കമുണ്ടാകുന്നതും പതിവാണ്. ഓരോ പ്രദേശത്തും ബിരിയാണി തനതായ തരത്തിലാണ് തയ്യാറാക്കാറ്. ഈ തനത് രുചികളില്‍ ഏറ്റവും മികച്ചത് ഏതാണെന്ന വിഷയത്തിലാണ് അധികവും തര്‍ക്കങ്ങളുണ്ടാകാറ്.
ഇതിനിടെ ബിരിയാണിയില്‍ വമ്പന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ചിലരെയും കാണാം. ഇവരും ബിരിയാണിപ്രേമികളുടെ ഭാഗത്ത് നിന്ന് കൊടിയ വിമര്‍ശനങ്ങള്‍ നേരിടാറുണ്ട്. ഇപ്പോഴിതാ 'സ്‌ട്രോബെറി ബിരിയാണി' തയ്യാറാക്കിയ ഒരു പാക്കിസ്ഥാനി യുവാവിനെതിരെ ഇത്തരത്തില്‍ ട്വിറ്ററില്‍ വലിയ പ്രതിഷേധമാണ് ബിരിയാണിപ്രേമികളുയര്‍ത്തുന്നത്.
പരീക്ഷണം ആവാം, എന്നാല്‍ ബിരിയാണിയെ അതിന്റെ സവിശേഷമായ രുചിയില്‍ നിന്ന് മാറ്റി മറ്റൊന്നാക്കുന്ന പരീക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും, അങ്ങനെ തയ്യാറാക്കുന്ന വിഭവത്തെ ബിരിയാണിയെന്ന് വിളിക്കാനാകില്ലെന്നുമാണ് ബിരിയാണിപ്രേമികളുടെ വാദം. സാദ് എന്ന പാക്കിസ്ഥാനി യുവാവ്, തന്റെ തന്നെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീട്ടില്‍ തയ്യാറാക്കിയ 'സ്‌ട്രോബെറി ബിരിയാണി'യുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
സാധാരണ ബിരിയാണി തയ്യാറാക്കുന്നത് പോലെ തന്നെ റൈസും മസാലയും മീറ്റും ചേര്‍ത്ത് തന്നെയാണ് സാദും ബിരിയാണി തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഏറ്റവും മുകളിലായി സ്‌ട്രോബെറികള്‍ നിരത്തിവച്ച് അത് 'സ്‌ട്രോബെറി ബിരിയാണി' ആക്കിയിരിക്കുകയാണ് അദ്ദേഹം. തുടര്‍ന്ന് നിങ്ങളുടെ അഭിപ്രായങ്ങളറിയാന്‍ ആകാക്ഷയോടെ കാത്തിരിക്കുന്നുവെന്നും അദ്ദേഹം കുറിച്ചിരിക്കുന്നു.
നിരവധി പേരാണ് ഈ ചിത്രം പങ്കുവച്ചുകൊണ്ട് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ബര്‍ഗറും ഐസ്‌ക്രീമും പോലെയോ പൈനാപ്പിളും പിസയും പോലെയോ 'വിചിത്രമായ' കോംബോ ആണ് സ്‌ട്രോബെറിയും ബിരിയാണിയും എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഏതായാലും ബിരിയാണിയില്‍ തൊട്ടുകളിച്ചാല്‍ സോഷ്യല്‍ മീഡിയയില്‍ ബിരിയാണിപ്രേമികള്‍ കലാപം തന്നെ സൃഷ്ടിക്കുമെന്നതിന് പുതിയ തെളിവാകുകയാണ് വൈറലായ 'സ്‌ട്രോബെറി ബിരിയാണി' വിമര്‍ശനങ്ങള്‍.
Also Read:- ഇതാ അടുത്തൊരു പാചക പരീക്ഷണം കൂടി; രണ്ട് വിഭവങ്ങളെയും നശിപ്പിച്ചുവെന്ന് വിമര്‍ശനം!...