ആര്‍ക്കാണ് 'മസാല ജിലേബി' വേണ്ടത്'; വിചിത്ര കോമ്പോയെന്ന് സോഷ്യല്‍ മീഡിയ
അതിമധുരമുള്ള ഇന്ത്യന്‍ പലഹാരമാണ് ജിലേബി. അതില്‍ മസാല ചേര്‍ക്കരുതെന്നും ഇത്തരത്തിലൊരു കോമ്പിനേഷന്‍ ഉണ്ടാക്കിയതിന് ആളുകള്‍ നിങ്ങളോട് ക്ഷമിക്കുകയില്ലെന്നുമൊക്കെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
സ്ട്രീറ്റ് ഫുഡില്‍ നടത്തുന്ന പല തരത്തിലുള്ള പരീക്ഷണങ്ങളുടെ വീഡിയോകള്‍ കുറച്ചധികം നാളായി സോഷ്യല്‍ മീഡിയയിലൂടെ നാം കാണുന്നുണ്ട്. ചില വിചിത്രമായ പരീക്ഷണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇരയാവുകയും ചെയ്തു. പ്രത്യേകിച്ച്, ഒരു ചേര്‍ച്ചയുമില്ലാത്ത രുചികളുടെ വിചിത്രമായ പല 'കോമ്പിനേഷനു'കളും ആണ് ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ വാരികൂട്ടുന്നത്.
ഇപ്പോഴിതാ വിചിത്രമായ 'മസാല ജിലേബി' കോമ്പോയാണ് വിപണിയിലെത്തിയിരിക്കുന്നത്. രാജ്യത്തെ അറിയപ്പെടുന്ന വ്യവസായ സംരംഭകനായ മയൂര്‍ സെജ്പാലാണ് തന്റെ ട്വിറ്ററിലൂടെ ഈ വിചിത്രമായ മസാല ജിലേബിയുടെ ചിത്രം പങ്കുവച്ചത്. ഒരു പ്ലേറ്റ് നിറയെ മഞ്ഞ നിറത്തിലുള്ള മസാല ജിലേബിയാണ് ചിത്രത്തില്‍ കാണുന്നത്. 'ആര്‍ക്കാണ് ഈ കോമ്പോ വേണ്ടത്' എന്ന അടിക്കുറിപ്പോടെയായിരുന്നു മയൂര്‍ ഈ ചിത്രം പങ്കുവച്ചത്.
അതിമധുരമുള്ള ഇന്ത്യന്‍ പലഹാരമാണ് ജിലേബി. അതില്‍ മസാല ചേര്‍ക്കരുതെന്നും ഇത്തരത്തിലൊരു കോമ്പിനേഷന്‍ ഉണ്ടാക്കിയതിന് ആളുകള്‍ നിങ്ങളോട് ക്ഷമിക്കുകയില്ലെന്നുമൊക്കെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ജിലേബി പോലുള്ളൊരു ഭക്ഷണത്തിനെ ഇങ്ങനെ നശിപ്പിക്കുന്നതെന്നും എങ്ങനെ ഇത്തരത്തിലുള്ള കോംബോ പരീക്ഷിക്കാനെല്ലാം തോന്നുന്നുവെന്നും പലരും ചോദിക്കുന്നു. ഇതിനോടകം 22,000 വ്യൂസും 73 ലൈക്കുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം, അടുത്തിടെ നോര്‍ത്ത് ഇന്ത്യന്‍ വിഭവമായ ആലൂ സബ്ജിയോടൊപ്പം ജിലേബി പരീക്ഷിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫൂഡ് ബ്ലോഗര്‍ പോസ്റ്റ് ചെയ്ത ചെയ്ത വീഡിയോയും വൈറലായിരുന്നു. മധുരയിലെ വൃന്ദാവനില്‍ വളരെ പ്രസിദ്ധമായ കോമ്പിനേഷനാണിത്. ചൂട് ആലൂ സബ്ജി ഒരു പീസ് ജിലേബിയിലേയ്ക്ക് ഒഴിക്കുന്നതും വീഡിയോയില്‍ കാണാം. ഇത് രുചിച്ചുനോക്കുന്ന വ്ളോഗര്‍ക്ക് പക്ഷേ വലിയ അഭിപ്രായവ്യത്യാസമൊന്നും ഇതിനോട് വന്നിട്ടില്ല. രുചി കുഴപ്പമില്ല എന്ന തരത്തിലുള്ള അഭിപ്രായമാണ് കഴിച്ചുനോക്കിയ ശേഷം ഇവര്‍ വീഡിയോയിലൂടെ അറിയിക്കുന്നത്.
Also Read: ഫ്രൂട്ട് ചായ തയ്യാറാക്കി യുവാവ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ