രക്തസമ്മര്‍ദ്ദം മുതല്‍ വിളര്‍ച്ച വരെ; അറിയാം ബീറ്റ്റൂട്ടിന്‍റെ ഗുണങ്ങള്‍...
ധാരാളം വിറ്റമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍ സി, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റമിന്‍ എ, ബി 6, സി, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്.
കാണുന്ന ഭംഗി പോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്‌റൂട്ട് എന്നാല്‍ പ്രകൃതിയുടെ പോഷക കലവറ തന്നെയാണ്. ധാരാളം വിറ്റമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ഇവ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
രണ്ട്...
പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ട് പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ബീറ്റ്‌റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. നൈട്രേറ്റുകൾ രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാല്‍ രക്തസമ്മർദ്ദം കുറയ്ക്കുന്നതും ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാനും ഇവ സഹായിക്കും.
മൂന്ന്...
കരളിന്‍റെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് കഴിക്കാം. അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീറ്റി റിപ്പോര്‍ട്ട് ചെയ്തത് ബീറ്റ്‌റൂട്ട് കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്‌സിഡന്റ് സമ്മര്‍ദം കുറയ്ക്കുന്നതിനും സഹായിക്കും എന്നാണ്.
നാല്...
ബീറ്റ്റൂട്ട് അയേണിന്റെ മികച്ച സ്രോതസ്സാണ്. അതിനാല്‍ വിളര്‍ച്ച അഥവാ അനീമിയ തടയാന്‍ ബീറ്റ്റൂട്ട് പതിവായി കഴിക്കാം.
അഞ്ച്...
ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും.
ആറ്...
ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും ബീറ്റ്റൂട്ട് ഏറേ സഹായിക്കും. വിറ്റാമിന്‍ സി പോലെ ചര്‍മ്മ സംരക്ഷണത്തിന് അത്യാവശ്യമായ പോഷകങ്ങള്‍ ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. മുഖക്കുരു, മുഖത്തെ ചുളിവുകൾ, കറുത്ത പാടുകള്‍, കരുവാളിപ്പ് തുടങ്ങിയവ അകറ്റാനും ചര്‍മ്മം തിളങ്ങാനും, നിറം വയ്ക്കാനും ബീറ്റ്‌റൂട്ട് കൊണ്ടുളള ഫേസ് പാക്കുകളും ഉപയോഗിക്കാം.
ഏഴ്...
കണ്ണിന് ചുറ്റുമുള്ള കറുത്തപാട് അകറ്റാനും ബീറ്റ്‌റൂട്ട് സഹായിക്കും. ഇതിനായി ആവശ്യത്തിന് ബീറ്റ്റൂട്ട് ജ്യൂസിൽ തുല്യമായ അളവിൽ തേനും പാലും ചേർത്ത് മികസ് ചെയ്യുക. ശേഷം ഈ മിശ്രിതം കോട്ടൺ തുണിയിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കണം. 15 മിനിറ്റിനുശേഷം മാറ്റാം. ഇത് പതിവായി ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ സഹായിക്കും.
എട്ട്...
ചുണ്ടുകള്‍ക്ക് നിറം വയ്ക്കാനും ബീറ്റ്‌റൂട്ട് സഹായിക്കും. ഇതിനായി ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമായി മുറിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഒന്ന് തണുത്ത് കഴിയുമ്പോൾ ഈ കഷ്ണം ചുണ്ടില്‍ ഉരസുക. ചുണ്ടുകള്‍ക്ക് ആകർഷകത്വം കൂടാനും നിറം വർധിക്കാനും ഇത് സഹായിക്കും. ബീറ്റ്റൂട്ടിന്റെ കഷ്ണമെടുത്ത് അതിൽ പഞ്ചസാര പുരട്ടി ചുണ്ടിൽ ഉരയ്ക്കുന്നതും ഫലം നല്‍കും.
Also Read: മുഖത്തെ ചുളിവുകള്‍ മുതല്‍ കറുത്ത പാടുകള്‍ വരെ; അറിയാം റോസ് വാട്ടറിന്‍റെ ഗുണങ്ങള്‍...