ഒരു വര്‍ഷം ഇഡ്ഡലി വാങ്ങാന്‍ മാത്രമായി യുവാവ് ചെലവാക്കിയത് 6 ലക്ഷം രൂപ
8428 പ്ലേറ്റ് ഇഡ്ഡലിയാണ് ഇയാള്‍ വാങ്ങിയത്. ബെംഗലുരുവിലും ചെന്നൈയിലും നിന്ന് ഇയാള്‍ ഇഡ്ഡലി വാങ്ങിയിട്ടുണ്ട്
ഹൈദരബാദ്: ഇഷ്ടമുള്ള ഭക്ഷണത്തിന് വേണ്ടി എത്ര പണം വേണമെങ്കിലും ചിലവിടാന്‍ തയ്യാറുള്ള ആളുകളുണ്ട്. അത്തരത്തിലുള്ള ഒരാളെക്കുറിച്ച് തുറന്ന് പറച്ചിലുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗ്ഗി. ഹൈദരബാദ് സ്വദേശിയായ യുവാവാണ് താരം. ഒരു വര്‍ഷത്തിനുള്ളില്‍ ആറ് ലക്ഷം രൂപയാണ് ഇയാള്‍ ഭക്ഷണത്തിനായി ചെലവിട്ടത്. അതും ഒരു വിഭവത്തിന് വേണ്ടി മാത്രമെന്നതാണ് ശ്രദ്ധേയമായ വസ്തുത. പല സമയങ്ങളിലായി സ്വന്തം ആവശ്യത്തിനും സുഹൃത്തുക്കള്‍ക്കുമായി ആറ് ലക്ഷം രൂപയാണ് ഇയാള്‍ ഇഡ്ഡലി വാങ്ങാന്‍ മാത്രം സ്വിഗ്ഗിയില്‍ ചെലവഴിച്ചിരിക്കുന്നത്.
8428 പ്ലേറ്റ് ഇഡ്ഡലിയാണ് ഇയാള്‍ വാങ്ങിയത്. ബെംഗലുരുവിലും ചെന്നൈയിലും നിന്ന് ഇയാള്‍ ഇഡ്ഡലി വാങ്ങിയിട്ടുണ്ട്. 2022 മാര്‍ച്ച് 30 മുതല്‍ 2023 മാര്ച്ച് 25 വരെയുള്ള കാലയളവിനുള്ളിലാണ് ഇത്. ദക്ഷിണേന്ത്യന്‍ ഭക്ഷണമായ ഇഡ്ഡലിക്കുള്ള വന്‍ ഡിമാന്‍റ് വിശദമാക്കുന്നതാണ് സ്വിഗ്ഗി പുറത്ത് വിട്ട കണക്കുകള്‍. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ മാത്രം 33 ദശലക്ഷം പ്ലേറ്റ് ഇഡ്ഡലിയാണ് സ്വിഗ്ഗി ഡെലിവറി ചെയ്തിട്ടുള്ളത്. ബെംഗലുരു, ചെന്നൈ, ഹൈദരബാദ് എന്നീ നഗരങ്ങളാണ് ഇഡ്ഡലി ആവശ്യക്കാരില്‍ മുന്നിലുള്ളത്. മുംബൈ, കോയമ്പത്തൂര്‍, പൂനെ, വിശാഖപട്ടണം, ദില്ലി, കൊല്‍ക്കത്ത, കൊച്ചി തുടങ്ങിയ നഗരങ്ങളും ഈ പട്ടികയില്‍ പിന്നാലെയുണ്ട്.
രാവിലെ 8 മണി മുതല്‍ 10 മണി വരെയുള്ള സമയത്താണ് ഏറ്റവുമധികം ഇഡ്ഡലിക്ക് ആവശ്യക്കാരുള്ളത്. ചൈന്നൈ, കോയമ്പത്തൂര്‍, ബെംഗലുരു, മുംബൈ നഗരങ്ങളില്‍ രാത്രി ഭക്ഷണമായും ഇഡ്ഡലി ആവശ്യപ്പെടുന്നവരുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. എല്ലാ നഗരങ്ങളിലും സാധാരണ ഇഡ്ഡലിയാണ് ഏറ്റവും അധികം ആവശ്യക്കാരുള്ളത്. ബെംഗലുരു നഗരത്തില്‍ റവ ഇഡ്ഡലിക്കും ആവശ്യക്കാരേറെയാണ്. നെയ്യും ഇഡ്ഡലി പൊടിയും ആവശ്യപ്പെടുന്നവരില്‍ ഏറിയ പങ്കും തമിഴ്നാട് ആന്ധ്ര പ്രദേശില്‍ നിന്നുള്ളവരാണ്. എങ്കിലും സ്വിഗ്ഗിയില്‍ ഏറ്റവുമധി കം ആവശ്യക്കാരുള്ള പ്രഭാത ഭക്ഷണം മസാല ദോശയാണ്. വിവിധ ചട്ണികളും, വിവിധ സാമ്പാറ്‍ ഇനങ്ങള്‍ക്കും സ്വിഗ്ഗിയില്‍ ആവശ്യക്കാരേറെയുണ്ട്.