ചെമ്മീൻ വാങ്ങിക്കുമ്പോള്‍ അത് 'ഫ്രഷ്' ആണോ എന്നറിയാൻ ചെയ്യാവുന്നത്...
പ്രത്യേകിച്ച് മീൻ- ഇറച്ചി പോലുള്ളവ വാങ്ങിക്കുമ്പോഴാണ് അധികപേര്‍ക്കും കാലപ്പഴക്കം വലിയ പ്രശ്നമാകുന്നതും, ആശയക്കുഴപ്പം അനുഭവപ്പെടുന്നതും. പലര്‍ക്കും ഇത് പരിശോധിച്ച് മനസിലാക്കാനുള്ള അറിവുമുണ്ടായിരിക്കില്ല.
നമ്മള്‍ കടകളില്‍ പോയി വാങ്ങിക്കുന്ന ഭക്ഷണസാധനങ്ങള്‍, അത് ഏതുമാകട്ടെ- അവയുടെ 'ഫ്രഷ്നെസ്' അല്ലെങ്കില്‍ പഴക്കം സംബന്ധിച്ച് ആധികാരികമായ അറിവ് നമുക്ക് ഉണ്ടായിരിക്കില്ലല്ലോ. ഇതുകൊണ്ട് തന്നെ പലപ്പോഴും ഭക്ഷണസാധനങ്ങള്‍ വാങ്ങി ഏതാനും മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ക്കുള്ളില്‍ വരെ കേടായിപ്പോവുകയും ചെയ്യാം.
പ്രത്യേകിച്ച് മീൻ- ഇറച്ചി പോലുള്ളവ വാങ്ങിക്കുമ്പോഴാണ് അധികപേര്‍ക്കും കാലപ്പഴക്കം വലിയ പ്രശ്നമാകുന്നതും, ആശയക്കുഴപ്പം അനുഭവപ്പെടുന്നതും. പലര്‍ക്കും ഇത് പരിശോധിച്ച് മനസിലാക്കാനുള്ള അറിവുമുണ്ടായിരിക്കില്ല.
ഇത്തരത്തില്‍ ഏറ്റവുമധികം ആരാധകരുള്ള സീഫുഡായ ചെമ്മീൻ ഫ്രഷ് ആണോ അല്ലയോ എന്ന് മനസിലാക്കാനുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
തല പരിശോധിക്കുക...
ചെമ്മീൻ പഴക്കം ചെന്നതാണോ അല്ലയോ എന്ന് തിരിച്ചറിയാൻ ആദ്യം ഇതിന്‍റെ തലയൊന്ന് പരിശോധിക്കാവുന്നതാണ്. തല തൊട്ടുനോക്കുമ്പോള്‍ തല ഉടലില്‍ നിന്ന് പെട്ടെന്ന് വേര്‍പെട്ട് പോകുന്നുണ്ട് എങ്കില്‍ മനസിലാക്കാം, ചെമ്മീൻ പഴക്കമുള്ളതാണ്. നേരെ മറിച്ച്, തല പിടിച്ചുനോക്കുമ്പോള്‍ അത് ബലമായി തന്നെ ഇരിക്കുന്നുണ്ടെങ്കില്‍ ചെമ്മീൻ ഫ്രഷ് ആണെന്നും മനസിലാക്കാം.
നിറം...
ചെമ്മീൻ സാധാരണഗതിയില്‍ വെള്ള നിറത്തിലും ചുവന്ന നിറത്തിലും ഉള്ളത് കാണാറുണ്ട്. ഈ രണ്ട് നിറവുമല്ലാതെ കടുത്ത നിറത്തില്‍ കാണുകയാണെങ്കില്‍ ആ ചെമ്മീൻ പഴക്കം ചെന്നതാണെന്ന് മനസിലാക്കാം. അതുപോലെ തന്നെ ഫ്രഷ് ചെമ്മീനാണെങ്കില്‍ നിറത്തിനൊപ്പം തിളക്കവും കാണാം.
ഘടന...
ചെമ്മീനിന്‍റെ ഘടനയും ഇതിന്‍റെ ഫ്രഷ്നെസ് മനസിലാക്കാൻ പരിശോധിക്കാവുന്നതാണ്. ചെമ്മീനിന്‍റെ പുറംഭാഗത്ത് നമുക്കറിയാം, കട്ടിയുള്ള തോടാണുണ്ടാവുക. തൊട്ടുനോക്കുമ്പോള്‍ ഈ തോട് കട്ടിയോടെ തന്നെ ഇരിക്കുന്നുണ്ടെങ്കില്‍ ചെമ്മീൻ ഫ്രഷ് ആണെന്ന് മനസിലാക്കാം. അല്‍പം 'സോഫ്റ്റ്' ആയിട്ടും, തൊടുമ്പോള്‍ അമര്‍ന്നുപോകുന്ന അവസ്ഥയിലുമാണെങ്കില്‍ അത് അത്ര നന്നല്ല എന്നും മനസിലാക്കാം.
ഗന്ധം...
ചെമ്മീനിന് സാധാരണഗതിയില്‍ അല്‍പം ഗന്ധമുണ്ടാകും. എന്നാല്‍ നമുക്ക് മൂക്ക് പൊത്താൻ തോന്നിക്കും വിധത്തില്‍ രൂക്ഷഗന്ധമുണ്ടെങ്കില്‍ ആ ചെമ്മീൻ വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം ഇത് ഫ്രഷ് അല്ല എന്നാണ് ഈ ഗന്ധത്തിന്‍റെ അര്‍ത്ഥം.
കുത്തുകള്‍...
ചെമ്മീനില്‍ ചെറിയ കുത്തുകളോ പാടുകളോ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത് ഫ്രഷ് അല്ല എന്നാണ് സാരമാക്കുന്നത്. എന്നാലിത് കൊണ്ട് മാത്രം ചെമ്മീനിന്‍റെ ഫ്രഷ്നെസ് വിലയിരുത്താതെ മുകളില്‍ സൂചിപ്പിച്ച മറ്റ് ഘടകങ്ങള്‍ കൂടി പരിശോധിക്കുക.