പഞ്ചസാരയില്‍ മായമുണ്ടോ? കണ്ടെത്താന്‍ വഴിയുണ്ട്; വീഡിയോ
പഞ്ചസാരയിൽ ചേർക്കുന്ന പ്രധാന മായങ്ങളിലൊന്ന് യൂറിയ ആണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇത് ശരീരത്തിനെ ദോഷകരമായി ബാധിക്കും.
മൈദയില്‍ മായം കലര്‍ത്തിയിട്ടുണ്ടോ എന്ന് അറിയാനുള്ള വഴി അടുത്തിടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ (social media) പ്രചരിച്ചത്. ഇപ്പോഴിതാ പഞ്ചസാരയിലും (sugar) ഇത്തരത്തില്‍ മായമുണ്ടോ എന്നറിയാനുള്ള വഴിയാണ് വൈറലാകുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ (FSSAI, എഫ്എസ്എസ്എഐ) ആണ് പഞ്ചസാരയിലെ മായം (Adulteration In Sugar) പരിശോധിക്കേണ്ട വിധം പങ്കുവച്ചത്.
പഞ്ചസാരയിൽ ചേർക്കുന്ന പ്രധാന മായങ്ങളിലൊന്ന് യൂറിയ ആണെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇത് ശരീരത്തിനെ ദോഷകരമായി ബാധിക്കും. പഞ്ചസാരയിൽ മായമുണ്ടോ എന്ന് തിരിച്ചറിയാനുള്ള വിധം വീഡിയോ രൂപത്തിലാണ് എഫ്എസ്എസ്എഐ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
അതിനായി ഒരു ടീസ്പൂണ്‍ പഞ്ചസാര എടുക്കുക. ഇത് ഒരു ഗ്ലാസ് വെള്ളത്തിൽ അലിയിക്കുക. പഞ്ചസാര നന്നായി അലിഞ്ഞതിനുശേഷം വെള്ളം മണത്തുനോക്കുക. അമോണിയയുടെ രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ പഞ്ചസാരയിൽ യൂറിയ കലർത്തിയിട്ടുണ്ടെന്ന് ഉറപ്പിക്കാം.
ഇതിനുമുമ്പ് ചായപ്പൊടിയിലെ മായം കണ്ടെത്തുന്ന വിധവും എഫ്എസ്എസ്എഐ പങ്കുവച്ചിരുന്നു. അതിനായി ലിറ്റ്മസ് പേപ്പറില്‍ കുറച്ച് ചായപ്പൊടി എടുത്തശേഷം അതിലേയ്ക്ക് മൂന്നോ നാലോ തുള്ളി വെള്ളം ഒഴിക്കുക. കുറച്ച് സമയം കാത്തിരുന്നശേഷം ചായപ്പൊടി ലിറ്റ്മസ് പേപ്പറില്‍നിന്ന് മാറ്റുക. ചായപ്പൊടിയില്‍ മായം ഒന്നും കലര്‍ന്നിട്ടില്ലെങ്കില്‍ ലിറ്റ്മസ് പേപ്പറില്‍ വളരെ നേരിയ അളവില്‍ നിറം പിടിച്ചിട്ടുണ്ടാകും. മായം കലര്‍ന്നതാണെങ്കില്‍ കറപോലെ ഇരുണ്ട നിറം പടര്‍ന്നിട്ടുണ്ടാകും.
Also Read: മൈദയിൽ മായമുണ്ടോ? അറിയാൻ ഇതാ ഒരു വഴി; വീഡിയോ വൈറല്‍