പീച്ചിങ്ങ കൊണ്ട് രുചികരമായ തീയൽ തയ്യാറാക്കിയാലോ...
പീച്ചിങ്ങ കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പീച്ചിങ്ങ കൊണ്ട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ തീയൽ തയ്യാറാക്കിയാലോ...
ഒരു മരുന്ന് പോലെ കഴിക്കാവുന്ന പീച്ചിങ്ങ കൊണ്ട് വളരെ രുചികരമായ തീയൽ തയ്യാറാക്കാം. നാരുകളാല്‍ സമ്പുഷ്ടമാണ് പീച്ചിങ്ങ. ഇത് ശരീരത്തിലെ അമിത കലോറി എരിച്ചു കളയുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഭാരം കൂടിയവർ പീച്ചിങ്ങ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. പീച്ചിങ്ങ കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പീച്ചിങ്ങ കൊണ്ട് ചോറിനൊപ്പം കഴിക്കാൻ പറ്റിയ തീയൽ തയ്യാറാക്കിയാലോ...
വേണ്ട ചേരുവകൾ...
പീച്ചിങ്ങ അര കിലോ
നാളികേരം അര മുറി
മല്ലി 3 സ്പൂൺ
മുളക് പൊടി 3 സ്പൂൺ
കാശ്മീരി മുളക് പൊടി 2 സ്പൂൺ
ജീരകം 1 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
പുളി ഒരു നാരങ്ങാ വലിപ്പം
കായ പൊടി അര സ്പൂൺ
കറിവേപ്പില 2 തണ്ട്
ചെറിയ ഉള്ളി 10 എണ്ണം
എണ്ണ 4 സ്പൂൺ
കടുക് ഒരു സ്പൂൺ
ചുവന്ന മുളക് 2 എണ്ണം
തയ്യാറാക്കുന്ന വിധം...
പീച്ചിങ്ങ തോൽ കളഞ്ഞു ഉള്ളിലുള്ള മൃദുവായ ഭാഗം ചെറിയ കഷ്ണങ്ങൾ ആയി അരിഞ്ഞു എടുക്കുക. ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക്, നാല് സ്പൂൺ എണ്ണ ഒഴിച്ച് നാളികേരം ചിരകിയത് ചേർത്ത്, നന്നായി വറുത്തു എടുക്കുക, അതിലേക്ക്, ജീരകം, മല്ലി, മുളക് പൊടി, കാശ്മീരി ചില്ലി എന്നിവ കൂടെ ചേർത്ത് വീണ്ടും വറുക്കുക. ഒരു തണ്ട് കറിവേപ്പില കൂടെ ചേർത്ത് വറുത്തു മാറ്റുക.
മറ്റൊരു ചീന ചട്ടിയിൽ എണ്ണ, കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ വറുത്തു അതിലേക്കു പീച്ചിങ്ങ ചേർത്ത് നന്നായി വഴറ്റി എടുക്കുക. വറുത്തു വച്ച തേങ്ങ ഒപ്പം മസാലയും നന്നായി അരച്ച് പീച്ചിങ്ങയിലേക്ക് ചേർത്ത് കൊടുക്കുക. തിളച്ചു കുറുക്കുമ്പോൾ പിഴിഞ്ഞ് വച്ച പുളി വെള്ളം ചേർത്ത് വീണ്ടും തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കാം.
തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാംഗ്ലൂർ