കൊതിയൂറും മത്തങ്ങ പായസം ഈസിയായി തയ്യാറാക്കാം...
വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മത്തങ്ങ പായസം. എങ്ങനെയാണ് മത്തങ്ങ പായസം തയ്യാറാക്കുന്നതെന്ന് നോക്കാം...
ഈ ഓണത്തിന് മത്തങ്ങ കൊണ്ട് കിടിലൻ പായസം ഉണ്ടാക്കിയാലോ. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മത്തങ്ങ പായസം. എങ്ങനെയാണ് മത്തങ്ങ പായസം തയ്യാറാക്കുന്നതെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
1.നന്നായി പഴുത്ത മത്തൻ 500 ഗ്രാം
2.ശർക്കര 250 ഗ്രാം
3.1 തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും
4.നെയ്യ് 50 ഗ്രാം
5.തേങ്ങാ കൊത്ത് 3 ടീസ്പൂൺ
6.അണ്ടിപ്പരിപ്പ് ,മുന്തിരി ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
നന്നായി പഴുത്ത മത്തൻ തൊലി കളഞ്ഞ ശേഷം കുരു നീക്കി കഷണങ്ങളാക്കുക. ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ഒഴിച്ച് നന്നായി വേവിച്ചെടുക്കുക.
വെന്ത ശേഷം ഒരു തവി കൊണ്ട് ഉടച്ചെടുക്കുക. ഒരു പാൻ അടുപ്പത് വച്ച് ചൂടാക്കി അതിലേക്ക് അല്പം നെയ്യ് ഒഴിക്കുക. ഇതിൽ തേങ്ങാ കൊത്തും അണ്ടിപരിപ്പും മുന്തിരിയും വറുത്തു കോരുക. ഇനി പാനിലേക്ക് ഉടച്ചു വച്ച മത്തൻ ചേർക്കുക.
അല്പം കൂടി നെയ്യ് ചേർത്ത് ഇളക്കുക . ഈ സമയം ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കുക. ശേഷം ഉടച്ച മത്തനിലേക്ക് ശർക്കര പാനി ചേർക്കുക.
2 മിനിറ്റ് നന്നായി ഇളക്കുക ശേഷം രണ്ടാം പാല് ചേർത്ത് നന്നായി കുറുകുന്നത് വരെ തിളപിപ്പിക്കുക. ശേഷം ഒന്നാം പാല് ചേർത്തിളക്കി വാങ്ങുക. ഒരു നുള്ള് ഉപ്പും കൂടിചേർക്കുക. ശേഷം വറുത്ത് വച്ചവയും ചേർക്കുക. കൊതിയൂറും മത്തങ്ങ പായസം തയ്യാറായി....
പ്രമേഹമുള്ളവർക്ക് ഈന്തപ്പഴം കഴിക്കാമോ...?
തയ്യാറാക്കിയത്:
ഗീതാ കുമാരി,
തിരുവനന്തപുരം