ഇതൊരു സ്പെഷ്യൽ ചിക്കൻ ഫ്രെെ; ഉണ്ടാക്കി നോക്കൂന്നേ...
ചിക്കൻ ഫ്രെെ എന്ന് കേൾക്കുമ്പോൾ പലർക്കും വായിലൊന്ന് വെള്ളമൂറും. പൊറോട്ടയും ചിക്കൻ ഫ്രെെയും ഉണ്ടെങ്കിൽ പിന്നെ എന്ത് വേണമല്ലേ. ഈ ലോക്ഡൗൺ കാലത്ത് ഒരു സ്പെഷ്യൽ ചിക്കൻ ഫ്രെെ ഉണ്ടാക്കിയാലോ....?
ഇന്ന് എന്താണ് സ്പെഷ്യൽ, കോഴി പൊരിച്ചതാണ് എന്ന് കേൾക്കുമ്പോൾ പലർക്കും വായിലൊന്ന് വെള്ളമൂറും. മസാല കൂട്ട് പുരട്ടിവച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ വെളിച്ചെണ്ണയിൽ വറുത്ത് കോരുമ്പോൾ ഉണ്ടാകുന്ന മണം അതാണ് പലരേയും കൂടുതൽ കഴിപ്പിക്കാൻ തോന്നിപ്പിക്കുന്നതും. ഇനി പറയാൻ പോകുന്നത് ഒരു സെപ്ഷ്യൽ ചിക്കൻ ഫ്രൈയെ കുറിച്ചാണ്.മുട്ടയും തെെരും ചേർക്കുമ്പോഴാണ് ഈ ചിക്കൻ ഫ്രെെ കൂടുതൽ രുചികരമാകുന്നത്. എന്തായാലും ലോക്ഡൗൺ കാലത്ത് ഈ സ്പെഷ്യൽ കോഴി പൊരിച്ചത് ഒന്ന് ഉണ്ടാക്കി നോക്കൂന്നേ...
വേണ്ട ചേരുവകൾ...
ചിക്കൻ 1 കിലോ
മുളക് പൊടി 3 ടേബിൾ സ്പൂൺ
കുരുമുളക് പൊടി 1 ടേബിൾ സ്പൂൺ
ഗരം മസാല 1 ടീസ്പൂൺ
ചതച്ചെടുത്ത ഇഞ്ചി കാൽ കപ്പ്
വെളുത്തുള്ളി കാൽ കപ്പ്
ചെറിയ ഉള്ളി കാൽ കപ്പ്
പച്ച മുളക് കാൽ കപ്പ്
ചതച്ചെടുത്ത വറ്റൽ മുളക് ആവശ്യത്തിന്
ചെറുതായി അരിഞ്ഞ സവാള 1 എണ്ണം
നാടൻ കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്
നാരങ്ങ നീര് 3 ടേബിൾ സ്പൂൺ
മുട്ട 1 എണ്ണം
തൈര് 1 ടീസ്പൂൺ
വെളിച്ചെണ്ണ 2 കപ്പ്
തയ്യാറാക്കുന്ന വിധം...
ആദ്യം വെളിച്ചെണ്ണ ഒഴികെയുള്ള ബാക്കി ചേരുവകൾ ചിക്കനിൽ നന്നായി തേച്ചു പിടിപ്പിക്കുക. ശേഷം ഒരു മണിക്കൂർ മസാല പിടിക്കാൻ വയ്ക്കുക. വെട്ടി തിളച്ച വെളിച്ചെണ്ണയിൽ ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി ചെറിയ തീയിൽ വറുത്ത് കോരുക. (ചിക്കന്റെ വേവ് 75% ആകുമ്പോൾ എണ്ണയിൽ നിന്നും പൊടി കോരി മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക...)
ക്രിസ്‍പി 'ചിക്കൻ ഫ്രൈസ്' തയ്യാറാക്കാം...
തയ്യാറാക്കിയത്:
നാജിയ ഇർഷാദ്