ഉണ്ണിയപ്പം ദാ ഇങ്ങനെ തയ്യാറാക്കി നോക്കൂ
ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ ഒരു സ്പെഷ്യൽ ചേരുവക കൂടി ചേർത്ത് നോക്കൂ, ശരിക്കും കടയിലെ അതേ രുചിയിലുള്ള ഉണ്ണിയപ്പം തയ്യാറാക്കാം.
കേരളത്തിലെ പലഹാരങ്ങളിൽ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. കുഴിയപ്പം, കരോലപ്പം, കരപ്പം ഇങ്ങനെ പല പേരുകൾ ഉണ്ട് ഉണ്ണിയപ്പത്തിന്. ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്നറിയില്ല. ഗോളകൃതിയിൽ ഒരു കുഞ്ഞൻ പലഹാരം സ്വദിൽ ഒന്നാം സ്ഥാനം തന്നെ ആണ്. പ്രത്യേക രുചികൂട്ടിൽ പഞ്ചസാര മേമ്പൊടി തൂകി ആണ് പ്രസാദം കൊടുക്കുന്നത്. കടകളിൽ നിന്നും വാങ്ങുന്ന ഉണ്ണിയപ്പത്തിന് സ്വാദ് കൂടാൻ എന്തോ ഒരു കാരണം ഉണ്ടെന്ന് ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാകും. ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ ഒരു സ്പെഷ്യൽ ചേരുവക കൂടി ചേർത്ത് നോക്കൂ, ശരിക്കും കടയിലെ അതേ രുചിയിലുള്ള ഉണ്ണിയപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ...
പച്ചരി അര കിലോ
ശർക്കര 1/2 കിലോ( മധുരം കുറവ് വേണ്ടവർക്ക് കുറയ്ക്കാം )
ഗോതമ്പ് പൊടി 1 സ്പൂൺ
അരി റവ 2 സ്പൂൺ
മൈദ 1 സ്പൂൺ
നെയ്യ് 4 സ്പൂൺ
തേങ്ങാ കൊത്ത് 1 കപ്പ്
ഉപ്പ് ഒരു നുള്ള്
വറുക്കാൻ എണ്ണ / നെയ്യ് 1/2 ലിറ്റർ
ചെറിയ പഴം 2 എണ്ണം
ഏലയ്ക്ക 4 എണ്ണം
തയ്യാറാക്കുന്ന വിധം...
പച്ചരി ആദ്യം രണ്ട് മണിക്കൂർ കുതിരാൻ വയ്ക്കുക. ഒരു പാത്രത്തിൽ ശർക്കരയും, കുറച്ചു വെള്ളവും ചേർത്ത് നന്നായി കുറുകി തണുപ്പിച്ചു എടുക്കുക. അതിനു ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റി, രണ്ട് ഞാലി പൂവൻ പഴവും, കൂടെ ഏലയ്ക്കയും ശർക്കര പാനിയും ചേർത്ത് അരക്കുക.
ചെറിയ തരിയായി വേണം അരക്കാൻ. അരച്ച മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് രണ്ട് സ്പൂൺ മൈദ മാവ്, രണ്ട് സ്പൂൺ ഗോതമ്പ് മാവ്, എന്നിവയോടൊപ്പം ഒരു സ്പൂൺ അരി റവ ആണ് ചേർക്കേണ്ടത്, അരി റവ ചേർക്കുമ്പോൾ ഉണ്ണിയപ്പം കടയിലെ അതെ സ്വാദ് കിട്ടും..ഒരു ചീന ചട്ടി വച്ചു അതിലേക്ക് നെയ്യ് ഒഴിച്ച് തേങ്ങാ കൊത്ത് ചേർത്ത് നന്നായി വറുത്തു ബ്രൗൺ നിറത്തിൽ ആക്കി മാവിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഒപ്പം ഒരു നുള്ള് ഉപ്പ് കൂടെ ചേർത്ത് ഇളക്കി മാവ് 20 മിനുട്ട് അടച്ചു വയ്ക്കുക. അതിനു ശേഷം ഉണ്ണിയപ്പ ചട്ടി വച്ചു എണ്ണ ഒഴിച്ച് ചൂടാക്കി മാവ് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് ഉണ്ണിയപ്പ ചട്ടിയിൽ മാവ് ഒഴിച്ച് രണ്ട് വശവും മറിച്ചിട്ടു ഉണ്ണിയപ്പം വേകിച്ചു എടുക്കുക. വളരെ രുചികരമായ ഉണ്ണിയപ്പം തയ്യാറായി...
തയ്യാറാക്കിയത്:
ജോപോൾ,
തൃശൂർ
തനി നാടൻ രുചിയിൽ ഒരു സ്പെഷ്യൽ മീൻകറി