ഇ‍ഞ്ചിയിലും മായം!; ഇതെങ്ങനെ തിരിച്ചറിയാം?

നമ്മള്‍ നിത്യവും വീടുകളില്‍ ഉപയോഗിക്കുന്നൊരു പ്രധാന ചേരുവയായ ഇ‍ഞ്ചിക്കും വ്യാജനുണ്ടെന്നാണ് സൂചന. ഇ‍ഞ്ചിക്ക് സമാനമായിട്ടുള്ള- ഏതോ വൃക്ഷത്തിന്‍റെ വേരുകളാണത്രേ ഈ വ്യാജന്മാര്‍.

how can we identify fake ginger in market

നമ്മള്‍ വിപണിയില്‍ നിന്ന് വാങ്ങിക്കുന്ന വിവിധ തരം ഭക്ഷണസാധനങ്ങളില്‍ ഇന്ന് വ്യാപകമായ രീതിയില്‍ മായം കലര്‍ത്തി കാണാറുണ്ട്. പലചരക്ക്- പയറുവര്‍ഗങ്ങള്‍- പൊടികള്‍ എന്നിവയിലെല്ലാം ഇത്തരത്തില്‍ മായം കലരുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പലപ്പോഴും കാണാറില്ലേ?

എന്നാല്‍ പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം ഒരിക്കലും മായം ചേര്‍ക്കാനോ അല്ലെങ്കില്‍ വ്യാജന്മാരെ ഇറക്കാനോ സാധിക്കില്ലെന്നാണല്ലോ നമ്മള്‍ ചിന്തിക്കുക. പക്ഷേ ഇവയില്‍ വരെ ഇന്ന് വ്യാജന്മാരുണ്ടെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. 

ഇത്തരത്തില്‍ നമ്മള്‍ നിത്യവും വീടുകളില്‍ ഉപയോഗിക്കുന്നൊരു പ്രധാന ചേരുവയായ ഇ‍ഞ്ചിക്കും വ്യാജനുണ്ടെന്നാണ് സൂചന. ഇ‍ഞ്ചിക്ക് സമാനമായിട്ടുള്ള- ഏതോ വൃക്ഷത്തിന്‍റെ വേരുകളാണത്രേ ഈ വ്യാജന്മാര്‍. ഒറ്റനോട്ടത്തിലും ഗന്ധത്തിലും ഇഞ്ചിയാണെന്ന് തെറ്റിദ്ധരിക്കാം, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇഞ്ചി ആയിരിക്കില്ല.

ഇതെങ്ങനെയാണ് തിരിച്ചറിയാൻ സാധിക്കുകയെന്നാണ് ഇനി വിശദീകരിക്കുന്നത്. 

തൊലി നല്ലരീതിയില്‍ നിരീക്ഷിച്ചാല്‍ തന്നെ ഇത് മനസിലാക്കാൻ സാധിക്കും. വളരെയധികം വൃത്തിയുള്ളതും കൃത്യതയുള്ളതുമായ തൊലിയാണെങ്കില്‍ ഇത് വ്യാജനാകാനുള്ള സാധ്യത കൂടുതലാണ്.

ഇനി ഇഞ്ചിയുടെ തൊലി തീരെ നേര്‍ത്തതാണെങ്കിലും വ്യാജനാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. സാധാരണഗതിയില്‍ ഇഞ്ചിയുടെ തൊലി അല്‍പം കട്ടിയുള്ളതായിരിക്കും. എന്നാല്‍ വ്യാജനാണെങ്കില്‍ നഖം കൊണ്ട് വെറുതെ ഒന്ന് നീക്കിനോക്കുമ്പോള്‍ തന്നെ തൊലി നീങ്ങാം. 

അതുപോലെ ഇഞ്ചിയുടെ ഗന്ധവും കൃത്യമായി ശ്രദ്ധിക്കണം. ശരിക്ക് ഇഞ്ചിക്ക് നല്ലതോതിലുള്ള ഗന്ധമുണ്ടാകാം. എന്നാല്‍ വ്യാജനാണെങ്കില്‍ ഇ‍ഞ്ചി വെറുതെ കയ്യിലെടുത്ത് മണത്താലും കാര്യമായ ഗന്ധം അനുഭവപ്പെടില്ല. 

ഇനി, ഇഞ്ചിയുടെ അകംഭാഗത്താണെങ്കില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ചെറിയ നാരുകള്‍ കാണാം. എന്നാല്‍ വ്യാജനാണെങ്കില്‍ ഇത്തരത്തില്‍ നാരുകള്‍ കണ്ടേക്കില്ല. ഇക്കാര്യവും ശ്രദ്ധിക്കാം. 

നമ്മുടെ മാര്‍ക്കറ്റുകളില്‍ എത്രത്തോളം ഇത്തരത്തിലുള്ള വ്യാജന്മാര്‍ ഇറങ്ങുന്നുണ്ടെന്ന കാര്യത്തില്‍ കൃത്യതയില്ല. എന്നാല്‍ ഇതിനുള്ള സാധ്യത പരിപൂര്‍ണമായി തള്ളിക്കളയാനും സാധിക്കില്ലെന്നതിനാല്‍ പച്ചക്കറി വാങ്ങുമ്പോഴും ഒന്ന് ശ്രദ്ധിക്കാം. 

Also Read:- കടുകില്‍ മായം ചേര്‍ത്തിട്ടുണ്ടോ? പരീക്ഷിക്കാം ഇങ്ങനെ...

Latest Videos
Follow Us:
Download App:
  • android
  • ios