കറുവപ്പട്ട ഇട്ട വെള്ളം കുടിക്കുന്നത് പതിവാക്കിക്കോളൂ; കാരണം...
കറുവപ്പട്ടയ്ക്കും പല ഔഷധഗുണങ്ങളുമുണ്ട്. അതായത് നമ്മുടെ ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കാനും നമ്മെ ആരോഗ്യപരമായി മെച്ചപ്പെടുത്താനുമെല്ലാം കറുവപ്പട്ടയ്ക്ക് കഴിയും.
നാം വീട്ടില്‍ പതിവായി ഉപയോഗിക്കുന്ന പല ഭക്ഷണപദാര്‍ത്ഥങ്ങളും ചേരുവകളുമെല്ലാം രുചിക്കൂട്ട് എന്നതിലധികം ഔഷധഗുണങ്ങള്‍ അടങ്ങിയവയും ആകാറുണ്ട്. അത്തരത്തിലൊന്നാണ് കറുവപ്പട്ട. സാധാരണഗതിയില്‍ മസാല ചേര്‍ത്ത് തയ്യാറാക്കുന്ന വിഭവങ്ങളിലാണ് കറുവപ്പട്ടയും നമ്മള്‍ ചേര്‍ക്കാറ്.
ഇങ്ങനെയൊരു ചേരുവ എന്നതില്‍ക്കവിഞ്ഞ് മിക്കവരും കറുവപ്പട്ടയെ മനസിലാക്കിയിട്ടില്ല. എന്നാലങ്ങനെയല്ല, കറുവപ്പട്ടയ്ക്കും പല ഔഷധഗുണങ്ങളുമുണ്ട്. അതായത് നമ്മുടെ ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് ആശ്വാസം നല്‍കാനും നമ്മെ ആരോഗ്യപരമായി മെച്ചപ്പെടുത്താനുമെല്ലാം കറുവപ്പട്ടയ്ക്ക് കഴിയും.
ഇത്തരത്തില്‍ കറുവപ്പട്ടയുടെ ചില സുപ്രധാന ആരോഗ്യഗുണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ ലഭ്യമാക്കുന്നതിനായി കറുവപ്പട്ട ചേര്‍ത്ത് തിളപ്പിക്കുന്ന വെള്ളം പതിവായി കുടിക്കുകയാണ് വേണ്ടത്.
ദഹനത്തിന്...
നമ്മുടെ ദഹനപ്രവര്‍ത്തനങ്ങളും ഭക്ഷണങ്ങളില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ സ്വീകരിക്കുന്നതും മെച്ചപ്പെടുത്താൻ കറുവപ്പട്ടയ്ക്ക് സാധിക്കും. കലോറി എരിച്ചുകളയുകയും ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കുകയും ചെയ്യാനാണ് ഇതിന് സവിശേഷമായ കഴിവുള്ളത്.
ഷുഗര്‍...
പ്രമേഗഹരോഗികളെ സംബന്ധിച്ചിടത്തോളം രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഇതിനും കറുവപ്പട്ട സഹായിക്കുന്നു. ഇൻസുലിൻ ഹോര്‍മോണിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നത് വഴിയാണ് കറുവപ്പട്ട ഷുഗര്‍ നിയന്ത്രിക്കാൻ സഹായിക്കുന്നത്.
വിശപ്പ്...
വിശപ്പിനെ എളുപ്പത്തില്‍ ശമിപ്പിക്കുന്നതിനും കറുവപ്പട്ടയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇത് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. പ്രത്യേകിച്ച് മധുരവും കലോറി ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളും കഴിക്കാനുള്ള താല്‍പര്യമാണത്രേ കറുവപ്പട്ട കുറയ്ക്കുന്നത്.
പ്രതിരോധം...
പല ആരോഗ്യപ്രശ്നങ്ങളെയും - ശരീരവേദന അടക്കം ചെറുക്കാൻ നമ്മെ പ്രാപ്തരാക്കുന്നതിന് കറുവപ്പട്ടയ്ക്കും ചെറിയൊരു പങ്ക് വഹിക്കാൻ കഴിയും. ഇതിലുള്ള ആന്‍റി- ഓക്സിഡന്‍റ്സ് അടക്കമുള്ള പല ഘടകങ്ങളുമാണിതിന് സഹായകമാകുന്നത്.
വിഷാംശങ്ങള്‍ പുറന്തള്ളാൻ...
നമ്മുടെ ശരീരത്തില്‍ നിന്ന് നമുക്കാവശ്യമില്ലാത്തതും ശരീരത്തിന് പോകെപ്പോകെ വെല്ലുവിളിയാകുന്നതുമായ വിഷപദാര്‍ത്ഥങ്ങളായി കണക്കാക്കപ്പെടുന്ന പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്ന പ്രക്രിയയിലും കറുവപ്പട്ട സഹായി ആകുന്നു. ഇതെങ്ങനെയാണെന്നോ! കറുവപ്പട്ടയിട്ട വെള്ളം അല്‍പം കുടിച്ചാല്‍ തന്നെ വീണ്ടും ഇത് കുടിക്കാനുള്ള താല്‍പര്യം നമ്മളിലുണ്ടാകുന്നു.അങ്ങനെ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി ധാരാളം വെള്ളം നാം കുടിക്കാം. ഇതാണ് പ്രധാനമായും ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്നതിന് സഹായകമാകുന്നത്.
Also Read:- അയേണ്‍ ആവശ്യമുള്ളത്രയും ഉറപ്പിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-