വെളുത്തുള്ളി അടുക്കളയില്‍ സൂക്ഷിക്കേണ്ടത് ഇങ്ങനെ...

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും, ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, പല അണുബാധകളെയും ചെറുക്കുന്നതിനുമെല്ലാം വെളുത്തുള്ളിക്കുള്ള കഴിവ് പേരുകേട്ടതാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകള്‍, അതുപോലെ അലിസിൻ എന്ന ഘടകമെല്ലാമാണ് ഇതിന് ഏറെയും സഹായകമാകുന്നത്.

four tips to prevent garlic from sprouting

എല്ലാ വീടുകളിലും നിത്യേനയെന്നോണം പാചകത്തിനുപയോഗിക്കുന്ന ഒരു ചേരുവയാണ് വെളുത്തുള്ളി. പലവിധത്തിലുള്ള വിഭവങ്ങളിലും ചേര്‍ക്കുന്ന ഒരു ചേരുവയെന്നതില്‍ കവിഞ്ഞ് പരമ്പരാഗതമായി ഔഷധമൂല്യമുള്ള ഒന്നായിട്ടാണ് അധികപേരും വെളുത്തുള്ളിയെ കണക്കാക്കുന്നത്. 

പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും, ദഹനപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും, പല അണുബാധകളെയും ചെറുക്കുന്നതിനുമെല്ലാം വെളുത്തുള്ളിക്കുള്ള കഴിവ് പേരുകേട്ടതാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകള്‍, അതുപോലെ അലിസിൻ എന്ന ഘടകമെല്ലാമാണ് ഇതിന് ഏറെയും സഹായകമാകുന്നത്.

വെളുത്തുള്ളി പക്ഷേ, ഒന്നിച്ച് വാങ്ങി അടുക്കളയില്‍ സൂക്ഷിക്കുകയാണെങ്കില്‍ ദിവസങ്ങള്‍ കഴിയുമ്പോഴേക്ക് ഇതില്‍ മുള വന്ന് ഇത് ഉപയോഗശൂന്യമായി പോകാറുണ്ട്. പലപ്പോഴും ഇത്തരത്തില്‍ പാഴായി പോകുന്ന വെളുത്തുള്ളി ഒഴിവാക്കാനാവാത്ത ഒരു കാഴ്ചയാണ് അടുക്കളകളില്‍. 

വെളുത്തുള്ളി സൂക്ഷിക്കുന്നതിന് ചില രീതികളുണ്ട്. ഇതനുസരിച്ച് വയ്ക്കുകയാണെങ്കില്‍ വെളുത്തുള്ളി മുള പൊട്ടാതെ, കേടാകാതെ കൂടുതല്‍ ദിവസം ഇരിക്കും. ഇതിന് വേണ്ടിയുള്ള നാല് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

വെളുത്തുള്ളി സാധാരണഗതിയില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാറില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഫ്രിഡ്ജിന് പുറത്താണെങ്കിലും തണുപ്പുള്ള സ്ഥലങ്ങളില്‍ വെളുത്തുള്ളി വയ്ക്കരുത്. അത്യാവശ്യം വെളിച്ചമെത്തുന്ന വരണ്ട സ്ഥലങ്ങളില്‍ വേണം വെളുത്തുള്ളി വയ്ക്കാൻ. 

രണ്ട്...

വെളുത്തുള്ളി ഒരിക്കലും പ്ലാസ്റ്റിക് കണ്ടെയ്നറുകളില്‍ ആക്കി വയ്ക്കരുത്. വെളുത്തുള്ളി പേപ്പര്‍ ബാഗിലോ കടലാസിലോ മാത്രം വയ്ക്കുക. അല്ലെങ്കില്‍ ഇവ പെട്ടെന്ന് മുള വന്ന് ചീത്തയായിപ്പോകും. 

മൂന്ന്...

കഴിവതും വെളുത്തുള്ളി മറ്റൊന്നിന്‍റെയും കൂടെ സൂക്ഷിക്കാതെ വേറെ തന്നെ വയ്ക്കുക. മറ്റുള്ള പച്ചക്കറികളുടെയോ മറ്റ് ഭക്ഷണസാധനങ്ങളുടെയോ സമ്പര്‍ക്കത്തില്‍ വെളുത്തുള്ളി എളുപ്പത്തില്‍ ചീത്തയാകാം. 

നാല്...

വെളുത്തുള്ളി കൂടുതല്‍ ദിവസം കേടാകാതിരിക്കാൻ ഇത് സൂക്ഷിച്ച് വയ്ക്കുമ്പോഴേ മുള പൊട്ടുന്ന ഭാഗം നീക്കം ചെയ്യാം. ഇതും വെളുത്തുള്ളി കേടാകാതെ സൂക്ഷിക്കാൻ സഹായകമാണ്.

Also Read:- ജലദോഷത്തിനും ചുമയ്ക്കും ആശ്വാസമേകാൻ വീട്ടില്‍ ചെയ്യാവുന്നത്...

Latest Videos
Follow Us:
Download App:
  • android
  • ios