ഇനി രോഗപ്രതിരോധശേഷി കൂട്ടുക പ്രധാനം; കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...

കൊറോണ വൈറസിനെ ചെറുക്കാനും രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ച് ഈ തണുപ്പുകാലത്ത് പ്രതിരോധശേഷിയുടെ പ്രാധാന്യം വളരെ കൂടുതലാണ്. 

foods to strengthen your immunity

കൊവിഡിന്‍റെ ഭീതിയിലാണ് ഇപ്പോഴും രാജ്യം. ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസ് വകഭേദങ്ങൾ പലതും ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക തുടങ്ങിയ ലോകത്തെ പലരാജ്യങ്ങളിലും കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലും ജാ​ഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മാസ്ക് ധരിക്കുന്നതും സാനിറ്റൈസർ ഉപയോഗവും ഉൾപ്പെടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നിർദ്ദേശിച്ചു.

ഈ സാഹചര്യത്തില്‍ ആരോഗ്യം സംരക്ഷിക്കാന്‍ ആദ്യം വേണ്ടത് പ്രതിരോധശേഷിയാണ്. കൊറോണ വൈറസിനെ ചെറുക്കാനും രോഗപ്രതിരോധശേഷി വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ച് ഈ തണുപ്പുകാലത്ത് പ്രതിരോധശേഷിയുടെ പ്രാധാന്യം വളരെ കൂടുതലാണ്. 

പോഷ​ക​ഗുണമുള്ള ഭക്ഷണം കഴിച്ച് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കാവുന്നതാണ്. വിറ്റാമിന്‍ എ, സി, ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധ ശക്തി കൂട്ടാൻ കഴിക്കേണ്ടത്.  പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചപ്പെടാം...

ഒന്ന്...

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഫലം കൂടിയാണ് ഓറഞ്ച്. കൂടാതെ മുന്തിരി, നാരങ്ങ, കിവി എന്നിവയും കഴിക്കുന്നത് നല്ലതാണ്. 

രണ്ട്...

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്ന് പറയുന്നതു വെറുതേയല്ല. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍  അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ, കലോറി കുറഞ്ഞ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിൻ ബി , പൊട്ടാസ്യം, കാത്സ്യം എന്നിവ അടങ്ങിയിട്ടുള്ള ആപ്പിള്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്...

തൈര് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീന്‍, കാത്സ്യം, ലാക്ടിക് ആസിഡ്, സിങ്ക്, വിറ്റാമിനുകളായ ഡി, ബി-2, ബി-12, ബി-5 എന്നിവ അടങ്ങിയിരിക്കുന്ന തൈര് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

നാല്...

ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  പോഷകങ്ങളുടെ കലവറയാണ് ബദാം. വിറ്റാമിന്‍ ഇ, ഫൈബര്‍, പ്രോട്ടീന്‍, മഗ്നീഷ്യം, കാത്സ്യം, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ബദാം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ചതാണ്.  ഇതിലെ വിറ്റാമിന്‍ ഇ-ക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. ഇത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

അഞ്ച്...

കുരുമുളക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളായ എ, കെ, സി, കാത്സ്യം, പൊട്ടാസ്യം, സോഡിയം എന്നിവയാൽ സമ്പന്നമാണ്​ കുരുമുളക്​. അതിനാല്‍ കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

ആറ്...

ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

ഏഴ്...

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി തണുപ്പുകാലത്ത് ജലദോഷത്തിന്‍റെ ദൈര്‍ഘ്യം വെട്ടിക്കുറയ്ക്കാന്‍ സഹായിക്കും. പച്ച വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാവുന്നതാണ്. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ്​ പാലിൽ ഇട്ട് തിളപ്പിച്ച്​ കുടിക്കുന്നതും നല്ലതാണ്.

എട്ട്...

നമ്മുടെയൊക്കെ വീടുകളില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് മഞ്ഞള്‍. ഔഷധ ഗുണങ്ങള്‍ ധാരാളം ഉള്ള മഞ്ഞള്‍ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും പല രോഗങ്ങളില്‍ നിന്നും തടയുന്നതിനും സഹായിക്കുന്നു. 

Also Read: കരൾ തകരാറിലാണെന്ന് ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ...

Latest Videos
Follow Us:
Download App:
  • android
  • ios