രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട നാല് ഭക്ഷണങ്ങള്‍...

നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, അമിത വണ്ണം, പ്രമേഹം എന്നിവയെ ചെറുക്കുന്നുവെന്നും മാനസികസമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നുവെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

foods to eat before you sleep azn

ഉറക്കം മനുഷ്യന് ഏറെ അനുവാര്യമായ കാര്യമാണ്. ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍, അത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കാം. നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍, അമിത വണ്ണം, പ്രമേഹം എന്നിവയെ ചെറുക്കുന്നുവെന്നും മാനസികസമ്മര്‍ദങ്ങള്‍ കുറയ്ക്കുന്നുവെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

രാത്രി നന്നായി ഉറങ്ങിയില്ലെങ്കില്‍ ക്ഷീണം, ക്ഷോഭം, പകൽ സമയങ്ങളിൽ ഉണ്ടാകുന്ന ഉറക്കം, രോഗപ്രതിരോധ ശേഷി ദുർബലമാവുക, ഉയർന്ന രക്തസമ്മർദ്ദം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് എല്ലാം കാരണമാകും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാടിന് വരെ ഉറക്കമില്ലായ്മ ഒരു കാരണമാണ്.  പല കാരണങ്ങള്‍ക്കൊണ്ടും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാതെ വരാം. സ്ട്രെസും മറ്റുമൊക്കെ ഇതിന് കാരണങ്ങളാണ്.  

രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

പാല്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒരു ഗ്ലാസ് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. പാലിലുള്ള കാത്സ്യമാണ് ഉറക്കം കിട്ടാനുള്ള കാരണം. ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന 'ട്രിപ്റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കാത്സ്യം ചെയ്യുന്നത്.

രണ്ട്...

ബദാം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് അനുഭവപ്പെടാം. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു. 

മൂന്ന്...

നേന്ത്രപ്പഴം ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാത്രിയില്‍ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിലെ പേശികളെ വിശ്രമിക്കാന്‍ സഹായിക്കും. ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. പൊട്ടാസ്യവും മഗ്നീഷ്യവും ശരീരം ആയാസരഹിതമാക്കി ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ഇത് മസ്തിഷ്‌കത്തിലെ ഉഷ്ണനില താഴ്ത്തി നിര്‍ത്തുന്നതിനും ഹോര്‍മോണുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. 

നാല്...

ഓട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്‌. ​ഗോതമ്പിൽ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്‌, സിങ്ക്‌ എന്നിവയും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഓട്സ്  ഉറക്കം ലഭിക്കാന്‍ വളരെ നല്ലതാണ്.

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: തലമുടി വളരാന്‍ കഴിക്കാം ഈ അഞ്ച് ഭക്ഷണങ്ങള്‍...

Latest Videos
Follow Us:
Download App:
  • android
  • ios