Weight Loss: കുറച്ച ശരീരഭാരം നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...
ശരീരഭാരം കുറയ്ക്കാൻ വളരെയധികം പരിശ്രമം ആവശ്യമാണ്. അത്രയും കഷ്ടപ്പെട്ട് ഒരാൾ ശരീരഭാരം കുറച്ച് കഴിയുമ്പോൾ, ഡയറ്റ് ചെയ്തിരുന്ന സമയത്ത് ഒഴിവാക്കിയ എല്ലാ ഭക്ഷണങ്ങളും വീണ്ടും കഴിക്കാൻ തുടങ്ങുന്ന പ്രവണത കാണാറുണ്ട്.
പെട്ടെന്ന് ശരീര ഭാരം കുറയ്ക്കാനുള്ള എളുപ്പവഴികള്‍ തേടുകയാണ് നമ്മളില്‍ പലരും. ശരീരഭാരം കുറയ്ക്കാൻ വളരെയധികം പരിശ്രമം ആവശ്യമാണ്. അത്രയും കഷ്ടപ്പെട്ട് ഒരാൾ ശരീരഭാരം കുറച്ച് കഴിയുമ്പോൾ, ഡയറ്റ് ചെയ്തിരുന്ന സമയത്ത് ഒഴിവാക്കിയ എല്ലാ ഭക്ഷണങ്ങളും വീണ്ടും കഴിക്കാൻ തുടങ്ങുന്ന പ്രവണത കാണാറുണ്ട്. അത് വീണ്ടും ശരീര ഭാരം വര്‍ധിക്കാന്‍ കാരണമാകാം. ശരീരഭാരം കുറച്ചതിന് ശേഷം അത് നിലനിർത്താൻ എന്ത് ചെയ്യണമെന്ന് പലര്‍ക്കും അറിയില്ല.
ശരീര ഭാരം കുറച്ചാലും ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. അത്തരത്തില്‍ കുറച്ച ശരീരഭാരം അതേപടി നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
പച്ചിലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ആവശ്യമായ പോഷകങ്ങൾ ലഭ്യമാകാൻ പതിവായി ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ നിങ്ങളുടെ കുറച്ച ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കും. അര കപ്പ് ചീരയില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. സിങ്ക്, മഗ്നീഷ്യം, അയണ്‍, വിറ്റാമിന്‍ സി എന്നിവയും ചീരയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ള ചുവന്ന ചീര ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഫാറ്റ് കുറയ്ക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. കൂടാതെ ഇലക്കറികളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് ചീര, ബ്രോക്കോളി എന്നിവയില്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
രണ്ട്...
വിറ്റാമിനുകളുടെ കലവറയാണ് പയര്‍ വര്‍ഗങ്ങള്‍. പ്രോട്ടീൻ, ഫൈബര്‍ എന്നിവയടങ്ങിയ പയര്‍ വര്‍ഗങ്ങള്‍ വിശപ്പിനെ നിയന്ത്രിക്കാനും നിങ്ങളുടെ ഇപ്പോഴത്തെ കുറച്ച ഭാരം നിലനിര്‍ത്താനും അമിത ഭാരം കുറയ്ക്കാനും സഹായിക്കുന്നു.
മൂന്ന്...
പനീര്‍ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളാല്‍ സമ്പന്നമാണ് പനീര്‍. കാത്സ്യം ധാരാളം അടങ്ങിയ ഇവ മിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
നാല്...
നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡയറ്റ് ചെയ്യുന്നവരും ശരീര ഭാരം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരും നട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ബദാം. ശരീരഭാരം കുറയ്ക്കാൻ ബദാം സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
അഞ്ച്...
മുട്ടയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, മാത്രമല്ല അവശ്യ അമിനോ ആസിഡ് ല്യൂസിൻ പോലും അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തുന്ന സംവിധാനത്തെ ഉത്തേജിപ്പിക്കുന്നു. മുട്ടയുടെ മഞ്ഞക്കരുവിലെ കോളിൻ സാന്നിദ്ധ്യം കൊഴുപ്പ് വർദ്ധിപ്പിക്കുന്ന ജീനുകളെ ഇല്ലാതാക്കുമെന്നും പഠനങ്ങൾ പറയുന്നു. അതിനാല്‍ ഇവ നിങ്ങളുടെ ശരീര ഭാരത്തെ നിലനിര്‍ത്താന്‍ സഹായിക്കും.
ആറ്...
ചിയ സീഡ്സ് അഥവാ ചിയ വിത്തുകള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തെക്കേ അമേരിക്കൻ രാജ്യങ്ങളിലും മെക്സിക്കോയിലും കാണപ്പെടുന്ന സിൽവിയ ഹിസ്പാനിക്ക എന്ന ചെടിയുടെ വിത്തുകളാണ് ഇത്. ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയാണ് ഈ കുഞ്ഞൻ വിത്ത്. ഫൈബറും കാത്സ്യവും സിങ്കും അയേണും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളമടങ്ങിയ ഇവ ശരീരത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ നിങ്ങളുടെ ശരീര ഭാരത്തെ നിയന്ത്രിച്ചു കൊണ്ടു പോകാന്‍ സഹായിക്കും.