ഹോട്ടലിലെ ബിരിയാണി കഴിച്ച പെണ്‍കുട്ടി മരിച്ചു; 29 പേര്‍ ആശുപത്രിയില്‍

കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് (10) മരിച്ചത്. ബിരിയാണിയും ചിക്കനുമാണ് ഇവര്‍ കഴിച്ചത്. 

10 year old dies  29 hospitalised after consuming biryani from hotel in Tamil Nadu

ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 29 പേരെ ഛര്‍ദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും  റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരണി പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍നിന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. 

കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് (10) മരിച്ചത്. ബിരിയാണിയും ചിക്കനുമാണ് ഇവര്‍ കഴിച്ചത്. വീട്ടിലെത്തിയപ്പോള്‍ ഛര്‍ദിയും തലകറക്കവുമുണ്ടായി. ഉടന്‍ ആരണി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബത്തിലെ മറ്റ് മൂന്നുപേരും ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച ആളുകളും ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. 

റവന്യൂ അധികൃതരും പൊലീസും ഹോട്ടലില്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ഭക്ഷണ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഇവിടെനിന്ന് പാചകത്തിനായി സൂക്ഷിച്ചിരുന്ന 15 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുക്കുകയും ചെയ്തു. ഹോട്ടല്‍ മുദ്രവച്ചതിന് ശേഷം ഹോട്ടലുടമ അംജദ് ബാഷ, പാചകക്കാരന്‍ മുനിയാണ്ടി എന്നിവരെ ആരണി ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ നിലവാരം അന്വേഷിക്കാന്‍ അധികൃതര്‍ പരിശോധന ഊര്‍ജിതമാക്കുകയും ചെയ്തു. മോശം ഭക്ഷണം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ഭക്ഷ്യമന്ത്രി  ഉത്തരവിട്ടു.

Also Read: കൊച്ചിയില്‍ ഷവര്‍മ്മ കഴിച്ച എട്ടുപേര്‍ക്ക് ഭക്ഷ്യ വിഷ ബാധ; ബേക്കറി ഉടമ അറസ്റ്റില്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios