ബെംഗളൂരുവില്‍ ലിഫ്റ്റില്‍ വച്ച് മയക്കി രണ്ട് പെണ്‍കുട്ടികളെ തട്ടിക്കോണ്ടുപോയതായുള്ള വീഡിയോ ശരിയോ? സത്യമറിയാം
ഒരു മിനുറ്റും 26 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്
കര്‍ണാടകയിലെ ബെംഗളൂരുവില്‍ ലിഫ്റ്റില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ ക്ലോറോഫോം ഉപയോഗിച്ച് മയക്കിയ ശേഷം തട്ടികൊണ്ടുപോയതായി അവകാശപ്പെടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. വീഡിയോ എക്‌സിലും ഫേസ്‌ബുക്കിലുമെല്ലാം വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്ന് വരെ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഇതിന്‍റെ യാഥാര്‍ഥ്യം എന്താണ് എന്ന് പരിശോധിക്കാം.
പ്രചാരണം
ഒരു മിനുറ്റും 26 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഫേസ്‌ബുക്കില്‍ വിജയ് ഗിരിരാജ് അഗര്‍വാള്‍ എന്നയാള്‍ 2024 ജനുവരി ഏഴിന് പോസ്റ്റ് ചെയ്‌തിരിക്കുന്നത്. രണ്ട് പെണ്‍കുട്ടികളുള്ള ലിഫ്റ്റിലേക്ക് പുറത്തുനിന്ന് രണ്ടാളുകള്‍ കയറുന്നതും ബലംപ്രയോഗത്തിലൂടെ പെണ്‍കുട്ടികളെ മടക്കി കീഴ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. പെണ്‍കുട്ടികള്‍ ഈ ശ്രമം ചെറുക്കാനായി നോക്കുന്നുണ്ടെങ്കിലും ഇരുവരെയും തോളിലേറ്റി ഇവര്‍ കടത്തിക്കോണ്ടുപോകുന്നതായും ദൃശ്യത്തിലുണ്ട്. കര്‍ണാടകയിലെ ബെംഗളൂരുവില്‍ ലിഫ്റ്റില്‍ വച്ച് ക്ലോറോഫോം മണപ്പിച്ച ശേഷം രണ്ട് പെണ്‍കുട്ടികളെ തട്ടിക്കോണ്ടുപോകുന്നതിന്‍റെ വൈറല്‍ വീഡിയോയാണിത് എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് വിജയ് ഗിരിരാജ് അഗര്‍വാള്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വസ്‌തുതാ പരിശോധന
എന്നാല്‍ വീഡിയോ ബെംഗളൂരുവില്‍ നിന്നുള്ളതല്ല, ഈജിപ്തിലേതാണ് എന്നതാണ് യാഥാര്‍ഥ്യം. ഫേസ്‌ബുക്കില്‍ പ്രചരിക്കുന്ന വീഡിയോയുടെ ഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. സമാന വീഡിയോ സഹിതം ബിബിസി അറബിക് 2023ല്‍ നല്‍കിയ റിപ്പോര്‍ട്ട് പരിശോധനയില്‍ ലഭ്യമായി. രണ്ട് പെണ്‍കുട്ടികളെ ലിഫ്റ്റില്‍ വച്ച് വലിച്ചിഴയ്ക്കുന്നതും കടത്തിക്കോണ്ട് പോകുന്നതുമായ വീഡിയോ ഈജിപ്തിലെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു എന്ന് ബിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെ കുറിച്ച് ഈജിപ്ഷ്യന്‍ ആഭ്യന്തര മന്ത്രാലയം സാമൂഹ്യമാധ്യമങ്ങളില്‍ നടത്തിയ പ്രതികരണവും വാര്‍ത്തയിലുണ്ട്. ഈജിപ്തില്‍ നടന്ന സംഭവത്തിന്‍റെ വീഡിയോയാണിത് എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
നിഗമനം
ബെംഗളൂരുവില്‍ ലിഫ്റ്റില്‍ നിന്ന് രണ്ട് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയതായതായി പ്രചരിക്കുന്ന വീഡിയോ ഈജിപ്തില്‍ നിന്നുള്ളതാണ്.
Read more: വള്ളവും ബോട്ടും കൂട്ടിയിടിച്ച് ആളുകള്‍ വെള്ളത്തില്‍, വീഡിയോ ലക്ഷദ്വീപില്‍ നിന്നോ? സത്യം അറിയാം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം