'ലോകത്തെ മികച്ച പ്രധാനമന്ത്രി, നരേന്ദ്ര മോദിക്ക് യുനസ്‌കോ പുരസ്‌കാരം'; പോസ്റ്റ് സത്യമോ? Fact Check
നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനസ്‌കോ തെരഞ്ഞെടുത്തു എന്നാണ് ഈ പ്രചാരണം
ദില്ലി: ജി20 ഉച്ചകോടിയില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കി തന്‍റെ കരുത്ത് ഒരിക്കല്‍ക്കൂടി കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനിടെ സാമൂഹ്യമാധ്യമങ്ങളില്‍ മോദിയെ കുറിച്ച് ഒരു പ്രചാരണം ശക്തമായിരിക്കുന്നു. നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി യുനസ്‌കോ തെരഞ്ഞെടുത്തു എന്നാണ് ഈ പ്രചാരണം. ഇത്തരത്തിലുള്ള നിരവധി വാട്‌സ്‌ആപ്പ് സന്ദേശങ്ങളും ഫേസ്‌ബുക്ക് പോസ്റ്റുകളും കാണാം.
പ്രചാരണം
'തകര്‍ക്കാനാകില്ല തളര്‍ത്താനാകില്ല രാമരാജ്യത്തെ ഈ സഹ്യപുത്രനെ. മോഡിജിയെ ലോകത്തിലെ മികച്ച പ്രധാന മന്ത്രിയായി UNESCO തെരഞ്ഞെടുത്തു'- എന്നാണ് പ്രചരിക്കുന്ന ഒരു സന്ദേശം. രതീഷ് ആര്‍ എന്നയാളാണ് ഈ പോസ്റ്റ് എഫ്‌ബിയില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് ചുവടെ
വസ്‌തുത
ഇങ്ങനെയൊരു പുരസ്‌കാരവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. യുനസ്‌കോ ഇത്തരത്തിലുള്ള ഒരു അവാര്‍ഡ് മോദിക്ക് നല്‍കിയതായി ആധികാരികമായ വാര്‍ത്തകളൊന്നും പരിശോധനയില്‍ കണ്ടെത്താനായില്ല. അതേസമയം ഇപ്പോള്‍ വൈറലായിരിക്കുന്ന സന്ദേശം 2016 മുതല്‍ ഫേസ്‌ബുക്കില്‍ പ്രചരിക്കുന്നതാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്ട് ചെക്ക് പരിശോധനയില്‍ കണ്ടെത്താനായി. ബിഎഫ്‌സി എന്ന ഫേസ്‌ബുക്ക് പേജില്‍ 2016 ജൂണ്‍ 24ന് ഇതുമായി ബന്ധപ്പെട്ട് ഒരു സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു. 'ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ യുനസ്‌കോ തെരഞ്ഞെടുത്തു. ഇന്ത്യക്കാരെന്ന നിലയ്‌ക്ക് നമുക്കെല്ലാം അഭിമാനിക്കാം' എന്നുമായിരുന്നു 2016ല്‍ പ്രത്യക്ഷപ്പെട്ട ഫേസ്‌ബുക്ക് പോസ്റ്റ്.
2016ലെ എഫ്‌ബി പോസ്റ്റിന്‍റെ സ്‌ക്രീന്‍ഷോട്ട്
നരേന്ദ്ര മോദിയെ ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് വെറും കിംവദന്തി മാത്രമാണ് എന്ന് യുനസ്‌കോ തന്നെ മുമ്പ് വ്യക്തമായിരുന്നു എന്നും കണ്ടെത്താനായി. മോദിയെയും യുനസ്‌കോയേയും സംബന്ധിച്ചുള്ള ഈ വ്യാജ പ്രചാരണം 2016ന് പിന്നാലെ 2017ലും വൈറലായതാണ്.
2017ലെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം