തെരുവിലെ വെള്ളക്കെട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബം; കണ്ണുനനച്ച് ചിത്രം, ഉത്തരവാദി കെജ്‌രിവാളോ?
ദില്ലിയിലെ ഡ്രെയിനേജ് സംവിധാനങ്ങളിലെ പാളിച്ചകള്‍ക്ക് അരവിന്ദ് കെജ്‌രിവാളിനെ പഴിച്ച് വ്യാപകമായി പ്രചരിക്കുന്ന ചിത്രത്തിന്‍റെ വസ്തുതയെന്താണ്?
ദില്ലി : കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ തെരുവുകളിലിരുന്ന് ചായ കുടിക്കേണ്ടി വന്ന കുടുംബത്തിന്‍റെ ചിത്രം എഎപി സര്‍ക്കാര്‍ ഭരിക്കുന്ന ദില്ലിയില്‍ നിന്നോ? കെജ്‌രിവാള്‍ സര്‍ക്കാരിന്‍റെ വീഴ്ചയാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിച്ചതെന്ന രൂക്ഷ വിമര്‍ശനവുമായി പ്രമുഖര്‍ അടക്കം പങ്കുവച്ച ചിത്രത്തിന്‍റെ വസ്തുത എന്താണ്?
പ്രചാരണം
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഹൃദയത്തില്‍ നിന്നുമുള്ള അഭിനന്ദനം. ചൂട് ചായയും ബിസ്കറ്റും ആസ്വദിക്കാന്‍ തെരുവില്‍ കുടുംബം ഒത്തുകൂടിയ ചിത്രം വളരെ നല്ലൊരു ദിവസത്തെയാണ് സൂചിപ്പിക്കുന്നത്. എന്ന കുറിപ്പോടെ വോയിസ് ഓഫ് ദില്ലി എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം ശനിയാഴ്ച പോസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ അകാലിദള്‍ എംഎല്‍എ മജീന്ദര്‍ എസ് സിര്‍സ ഈ ഫോട്ടോ ട്വീറ്റ് ചെയ്തു. ലണ്ടനാക്കിയല്ല, അരവിന്ദ് കെജ്‌രിവാള്‍ ദില്ലിയെ വെനീസാക്കിയാണ് മാറ്റിയതെന്നായിരുന്നു മജീന്ദര്‍ എസ് സിര്‍സ ചിത്രത്തേക്കുറിച്ച് പറഞ്ഞത്.
ഭാരതീയ ജനതാ യുവമോര്‍ച്ച വൈസ് പ്രസിഡന്‍റ് കപില്‍ മഹേന്ദ്രുവും ഈ ചിത്രം ട്വീറ്റ് ചെയ്തു. കിരാടി നിയമസഭാ മണ്ഡലം ലണ്ടനാക്കി മാറ്റിയ അരവിന്ദ് കെജ്‌രിവാളിന് അഭിനന്ദനം എന്നായിരുന്നു കപില്‍ മഹേന്ദ്രു ചിത്രത്തെക്കുറിച്ച് കുറിച്ചത്.
വസ്തുത
നാല് വര്‍ഷം പഴക്കമുള്ള ചിത്രമാണ് ഈ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. പഞ്ചാബിലെ മാനസ നഗരത്തില്‍ 2016ല്‍ എടുത്ത ചിത്രമാണ് ഇത്. ദില്ലിയിലേതെന്ന പേരില്‍ കെജ്‌രിവാളിന് രൂക്ഷ വിമര്‍ശനവുമായി പ്രചരിക്കുന്ന ചിത്രം ദില്ലിയില്‍ നിന്നുള്ളതല്ല.
വസ്തുതാ പരിശോധനാ രീതി
2016ലാണ് ഈ ചിത്രം ആദ്യം വൈറലായതായി റിവേഴ്സ് ഇമേജ് ഉപയോഗിച്ചുള്ള പരിശോധനയില്‍ വ്യക്തമായി. സുഭാഷ് സച്ച്ദേവ് എന്നയാളാണ് ഈ ചിത്രം ആദ്യമായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് വസ്തുതാ പരിശോധക സൈറ്റായ ബൂം ലൈവ് കണ്ടെത്തി.
പഞ്ചാബിലെ മാനസാ നഗരക്കില്‍ നിന്നുള്ളതാണ് ഈ ചിത്രത്തേക്കുറിച്ച് സുഭാഷ് സച്ച്ദേവ് വിശദമാക്കുന്നത്. 2016 ജൂലൈയില്‍ പഞ്ചാബിലെ ബര്‍ണാല എംഎല്‍എയായ ഗുര്‍മീത് സിംഗ് മീത് ഹേയര്‍ പ്രതികരിച്ചിരുന്നു.
നിഗമനം
ദില്ലിയില്‍ മഴ പെയ്തതോടെ തെരുവുകളില്‍ വെള്ളക്കെട്ടുണ്ടായി ആളുകള്‍ ദുരിതത്തില്‍ എന്ന നിലയില്‍ ഈ ചിത്രമുപയോഗിച്ചുള്ള പ്രചാരണം വ്യാജമാണ്.