നിറഞ്ഞ ഗാലറിയില്‍ റഗ്‌ബി മത്സരം, സെല്‍ഫി; ചിത്രം കൊവിഡ് കാലത്തെയോ?
മഹാമാരിക്കിടെ നിറഞ്ഞ ഗാലറിക്ക് മുന്നില്‍ റഗ്‌ബി മത്സരം സംഘടിപ്പിച്ച് ലോക രാജ്യങ്ങളെ വിസ്‌മയിപ്പിച്ചോ ന്യൂസിലന്‍ഡ്?
ഈഡന്‍ പാര്‍ക്ക്: ലോകം കൊവിഡ് മഹാമാരിയില്‍ അമരുമ്പോള്‍ കായികരംഗവും അത്ര പുഞ്ചിരി വിടരുന്ന ദിനങ്ങളിലൂടെയല്ല കടന്നുപോകുന്നത്. കൊവിഡ് ഇടവേളയ്‌ക്ക് ശേഷം യൂറോപ്പില്‍ ഫുട്ബോള്‍ ലീഗുകള്‍ നടന്നെങ്കിലും പലയിടത്തും ഗാലറി കാലിയായിരുന്നു. ഇതേസമയം നിറഞ്ഞ ഗാലറിക്ക് മുന്നില്‍ റഗ്‌ബി മത്സരം സംഘടിപ്പിച്ച് ലോക രാജ്യങ്ങളെ വിസ്‌മയിപ്പിച്ചോ പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ നയിക്കുന്ന ന്യൂസിലന്‍ഡ്.
പ്രചാരണം ഇങ്ങനെ
സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ തിങ്ങിനിറഞ്ഞ ഗാലറിയുടെ ചിത്രം സഹിതമാണ് പ്രചാരണം. ശാസ്‌ത്രീയമായി പരിഹാരം കാണുന്ന മികച്ച രാഷ്‌ട്രീയ നേതൃഗുണം കാരണം ന്യൂസിലന്‍ഡില്‍ കാണാനായ റഗ്‌ബി മത്സരം എന്ന കുറിപ്പോടെയാണ് ട്വീറ്റുകള്‍. മത്സരം നടന്നത് ന്യൂസിലന്‍ഡിലാണെങ്കിലും ട്വീറ്റുകളെല്ലാം ഉന്നംവയ്‌ക്കുന്നത് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെയാണ്. ട്രംപ് പൂര്‍ണ പരാജയമാണ് (#TrumpIsACompleteFailure) എന്ന ഹാഷ്‌ടാഗോടെയാണ് പോസ്റ്റുകളെല്ലാം.
ചിത്രം വ്യാപകമായി റി ട്വീറ്റ് ചെയ്യപ്പട്ടതോടെ ഇങ്ങനെയൊരു മത്സരം ഇക്കാലത്ത് നടന്നോ എന്ന സംശയം ചിലര്‍ പ്രകടിപ്പിച്ചു. ആരിലും ആശ്ചര്യമുണ്ടാക്കുന്നതാണ് കൊവിഡ് കാലത്തെ ഈ ചിത്രം എന്ന് പ്രത്യേകം പറയേണ്ടല്ലോ.
വസ്‌തുത
പ്രചരിക്കുന്ന ചിത്രം കൊവിഡ് കാലത്തെ തന്നെയാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ ഫാക്‌ട് ചെക്കില്‍ വ്യക്തമായിരിക്കുന്നത്. ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് നടത്തിയപ്പോള്‍ സമാന ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് കണ്ടെത്താനായി. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്‌പ്രസ് നല്‍കിയ വാര്‍ത്തയിലേതിന് സമാനമായ ചിത്രമാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. ചിത്രത്തിലെ സമാനതകള്‍ അനായാസം തിരിച്ചറിയാം. മൈതാനത്തെ മേല്‍ക്കൂരയും ബിഗ് സ്‌ക്രീനും ഇരിപ്പിടങ്ങളുമെല്ലാം സ്റ്റേഡിയം ഒന്നുതന്നെയെന്ന് ഉറപ്പിക്കുന്നു. അപ്പോള്‍ ഉയരുന്ന ചോദ്യം ഇരു ചിത്രങ്ങളും ഒരേ മത്സരത്തിലേത് തന്നെയോ എന്നാണ്. അതിനും ഉത്തരമുണ്ട്.
കൂടുതല്‍ തെളിവായി ഈ ചിത്രങ്ങള്‍
കാണികള്‍ ആഘോഷമാക്കിയ മത്സരത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്ത നല്‍കിയിരുന്നു. 'ഇവിടെ കൊവിഡ് തോറ്റു; ആരാധകര്‍ ജയിച്ചു, ന്യൂസിലന്‍ഡിലെ റഗ്ബി ലീഗില്‍ നിന്നുള്ള കാഴ്ചകള്‍' എന്ന തലക്കെട്ടിലാണ് വാര്‍ത്ത. 'ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ 90 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ജൂണ്‍ 14ന് ഓക്‌ലന്‍ഡ് ബ്ലൂസും വെല്ലിംഗ്‌ടണ്‍ ഹറികെയ്‌ന്‍സും തമ്മില്‍ അരങ്ങേറിയ സൂപ്പര്‍ റഗ്‌ബി ടൂര്‍ണമെന്‍റില്‍ 43,000 കാണികളെത്തി. 15 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് കാണികളാണ് ഇത്' എന്ന് തുടങ്ങിയ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതിലുള്ളതും ചിത്രത്തിലെ സമാന സ്റ്റേഡിയം.
സ്‌കൈ സ്‌പോര്‍ട്‌സ് വീഡിയോ
ജൂണ്‍ 14ന് നടന്ന ഓക്‌ലന്‍ഡ് ബ്ലൂസ്- വെല്ലിംഗ്‌ടണ്‍ ഹറികെയ്‌ന്‍സ് മത്സരത്തിന്‍റെ വിശേഷങ്ങള്‍ ഇവിടംകൊണ്ടൊന്നും അവസാനിക്കുന്നില്ല. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത് എന്ന് പ്രമുഖ സ്‌പോര്‍ട്‌സ് ബ്രോഡ്‌കാസ്റ്റര്‍മാരായ സ്‌കൈ സ്‌പോര്‍ട്‌സിന്‍റെ വീഡിയോയും വ്യക്തമാക്കുന്നു.
സൂപ്പര്‍ റഗ്‌ബിയുടെ വീഡിയോയില്‍ എല്ലാം വ്യക്തം
43,000 കാണികളെ ഉള്‍ക്കൊള്ളുന്ന മത്സരം തിരിച്ചെത്തിയതായി അറിയിച്ച് ജൂണ്‍ 14ന് സൂപ്പര്‍ റഗ്‌ബി വീഡിയോ ട്വീറ്റ് ചെയ്‌തിരുന്നു. തിങ്ങിനിറഞ്ഞ ഗാലറി ഈ ദൃശ്യങ്ങളില്‍ കാണാം.
ബ്ലൂസ്-ഹറികെയ്‌ന്‍ മത്സരത്തിന്‍റെ ടിക്കറ്റ് പൂര്‍ണമായും വിറ്റഴിഞ്ഞതായി ഇതേ ദിവസം സൂപ്പര്‍ റഗ്‌ബി അധികൃതര്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കിയാണ് മത്സരം നടന്നത് എന്ന് ടിക്കറ്റ് വില്‍പനയും വ്യക്തമാക്കുന്നു. ഇതാണ് വിശ്വസനീയമായ മറ്റൊരു തെളിവ്.
#BLUvHUR ഹാഷ്‌ടാഗിലും തെളിവുകള്‍
#BLUvHUR എന്ന ഹാഷ്‌ടാഗില്‍ നിരവധി പേര്‍ മത്സരത്തിന്‍റെയും തിങ്ങിനിറഞ്ഞ ഗാലറിയുടേയും വീഡിയോകള്‍ വെരിഫൈഡ് അക്കൗണ്ടുകളില്‍ നിന്നടക്കം നിരവധി പേരാണ് ട്വീറ്റ് ചെയ്‌തത്. അവയില്‍ ചിലത് ചുവടെ കൊടുത്തിരിക്കുന്നു.
ആകര്‍ഷകമായി ഗെറ്റി ഇമേജസിന്‍റെ ചിത്രം
മത്സരത്തിന് വേദിയായ ഈഡന്‍ പാര്‍ക്കിന്‍റെ ചിത്രം ഗെറ്റി ഇമേജസ് ലോക മാധ്യമങ്ങള്‍ക്കായി പങ്കുവെച്ചിരുന്നു. ഗെറ്റിക്കായി ഹന്നാ പീറ്റേഴ്‌സ് ആണ് ചിത്രം പകര്‍ത്തിയത്. ഇതിലും കാണാം കാണികളുടെ പെരുപ്പം. ചിത്രത്തിനൊപ്പം നല്‍കിയിട്ടുള്ള വിവരങ്ങളില്‍ സ്ഥലും തീയതിയും ടീമുകളുടെ പേരും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്( ജൂണ്‍ 14, ഈഡന്‍ പാര്‍ക്ക്, ഓക്‌ലന്‍ഡ് ബ്ലൂസ്- വെല്ലിംഗ്‌ടണ്‍ ഹറികെയ്‌ന്‍സ്).
നിഗമനം
ലോകം കൊവിഡ് പ്രതിസന്ധികളില്‍ ഉഴലുമ്പോള്‍ കിവികളുടെ നാട്ടില്‍ ആരാധകരുടെ വമ്പന്‍ പിന്തുണയോടെ റഗ്‌ബി തിരിച്ചെത്തി എന്നത് വാസ്‌തവമാണ്. പ്രചരിക്കുന്ന ട്വീറ്റുകളില്‍ കാണുന്ന ചിത്രം ജൂണ്‍ 14ന് ഈഡന്‍ പാര്‍ക്കില്‍ നടന്ന ബ്ലൂസ്- ഹറികെയ്‌ന്‍സ് മത്സരത്തില്‍ നിന്നുള്ളത് തന്നെയാണ്. മത്സരശേഷം മൈതാനത്തേക്ക് ഇരച്ചെത്തി താരങ്ങള്‍ക്കൊപ്പം ആഘോഷിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്തു കാണികള്‍.
ഇവിടെ കൊവിഡ് തോറ്റു; ആരാധകര്‍ ജയിച്ചു, ന്യൂസിലന്‍ഡിലെ റഗ്ബി ലീഗില്‍ നിന്നുള്ള കാഴ്ചകള്‍
മാസ്‌ക്കിനെ കുറിച്ചുള്ള ബോധവല്‍ക്കരണം പുലിവാലായി; പ്രതികള്‍ കേരള പൊലീസോ; വൈറല്‍ ചിത്രവും സത്യവും
മൃതദേഹം ദഹിപ്പിക്കുന്ന പുകയിലൂടെ കൊവിഡ് പടരുമോ? കോട്ടയം സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അന്വേഷണം
ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഫാക്‌ട് ചെക്ക് ചെയ്‌ത സ്റ്റോറികള്‍ വായിക്കാം...
- Blues and Hurricanes
- Blues vs Hurricanes
- Coronavirus
- Covid 19
- Eden Park
- Eden Park Rugby
- Fact Check Sports
- IFCN
- Jacinda Ardern
- Malayalam Fact Check
- New Zealand
- New Zealand Covid-free
- New Zealand Rugby
- New Zealand Rugby Covid
- Rugby
- Rugby Fact Check
- Rugby Photo
- ഐഎഫ്സിഎന്
- ന്യൂസിലന്‍ഡ്
- ഫാക്‌ട് ചെക്ക്
- മലയാളം ഫാക്‌ട് ചെക്ക്
- റഗ്ബി
- ജസീന്ത ആര്‍ഡേന്‍