ലിബിയ പ്രളയം: ഒഴുകിപ്പോകുന്ന കാറുകള്‍, ജീവനും കൊണ്ട് പുറത്തേക്ക് ചാടുന്ന യുവതി- Fact Check
വെള്ളപ്പൊക്കം കാരണം ആയിരക്കണക്കിനാളുകള്‍ ലിബിയയില്‍ മരണപ്പെട്ടു എന്ന തലക്കെട്ടോടെയാണ് വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സിസില്‍(ട്വിറ്റര്‍) പ്രചരിക്കുന്നത്
ഡെര്‍ന: ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ ഡാനിയേല്‍ കൊടുങ്കാറ്റുണ്ടാക്കിയ നാശം ചില്ലറയല്ല. ഇതിനകം അയ്യായിരത്തിലേറെ പേര്‍ക്ക് ജീവന്‍ നഷ്‌ടമായപ്പോള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ നിരവധി. രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നതോടെ ഡെര്‍ന പട്ടണത്തിലാണ് ഏറ്റവും നാശനഷ്ടമുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ കനത്ത മഴവെള്ളപ്പാച്ചിലില്‍ കാറുകള്‍ ഒഴുകി പോകുന്നൊരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
പ്രചാരണം
വെള്ളപ്പൊക്കം കാരണം ആയിരക്കണക്കിനാളുകള്‍ ലിബിയയില്‍ മരണപ്പെട്ടു എന്ന തലക്കെട്ടോടെയാണ് വീഡിയോ സാമൂഹ്യമാധ്യമമായ എക്‌സിസില്‍(ട്വിറ്റര്‍) പ്രചരിക്കുന്നത്. ലിബിയ എന്ന ഹാഷ്‌ടാഗും ട്വീറ്റിനൊപ്പം കാണാം. റോഡിലൂടെ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളും നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളും ശക്തമായ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. രക്ഷപ്പെടാന്‍ കാറിന് മുകളില്‍ അള്ളിപ്പിടിച്ചിരിക്കുന്നവരെയും കാണാം. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം ഒരു യുവതി കാറില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ്. വീഡിയോ കാണുമ്പോള്‍ തന്നെ സംശയം ജനിക്കുന്നതിനാല്‍ ഈ ദൃശ്യം ലിബിയയില്‍ നിന്ന് തന്നെയോ എന്ന സംശയം പലരും ഉന്നയിച്ചിട്ടുണ്ട്.
വീഡിയോയുടെ സ്ക്രീന്‍ഷോട്ട്
വസ്‌തുത
കാറുകള്‍ ഒഴുകിപ്പോകുന്ന വീഡിയോ ലിബിയയില്‍ നിന്നുള്ളതല്ല എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്‍റെ പരിശോധനയില്‍ വ്യക്തമായത്. ലിബിയയില്‍ നിന്നുള്ളത് എന്ന പേരില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ പഴയതാണ് എന്ന് കീവേര്‍ഡ് സെര്‍ച്ചില്‍ കണ്ടെത്താനായി. 'Woman stranded on car roof in Spanish floodwaters' തലക്കെട്ടില്‍ '9 ന്യൂസ് ഓസ്ട്രേലിയ' 2023 ജൂലൈ 10ന് ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ‍് ചെയ്‌തിട്ടുണ്ട്. സ്‌പെയിനിലെ മിന്നല്‍ പ്രളയത്തിന്‍റെ ദൃശ്യമാണിത് എന്ന് വീഡിയോ വിശദീകരിക്കുന്നു. ലിബിയ പ്രളയത്തിന്‍റെ വീഡിയോയാണിത് എന്ന പ്രചാരണം ഈ ഒറ്റ തെളിവാല്‍ തന്നെ വ്യാജമാണ് എന്ന് വ്യക്തം. ഈ വര്‍ഷം ജൂലൈ മുതല്‍ വീഡിയോ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണെങ്കില്‍ രണ്ട് ദിവസം മുമ്പ് മാത്രമാണ് ലിബിയയില്‍ കനത്ത മഴയും നാശനഷ്ടങ്ങളുമുണ്ടായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം