ജി20: അംബാനിയും അദാനിയും ഉള്‍പ്പെടെ 500 വ്യവസായികളെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചെന്ന റിപ്പോര്‍ട്ട് വ്യാജം
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കിയത്
പതിനെട്ടാമത് ജി 20 ഉച്ചകോടിക്ക് ഇന്ന് ദില്ലിയിൽ തുടക്കമാകും. 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യൻ യൂണിയൻ പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും. അതിനിടെ മുകേഷ് അംബാനി, ഗൌതം അദാനി ഉള്‍പ്പെടെയുള്ള വ്യവസായികളെ ഉച്ചകോടിക്കിടെ നടക്കുന്ന അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വാര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ തള്ളി. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗമാണ് ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിയത്.
പ്രചാരണം
മുകേഷ് അംബാനിയും ഗൗതം അദാനിയും ഉള്‍പ്പെടെ 500 പ്രമുഖ ഇന്ത്യൻ വ്യവസായികളെ ജി20 ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച രാഷ്ട്രപതി ദ്രൌപദി മുര്‍മു പ്രത്യേക അത്താഴ വിരുന്നിന് ക്ഷണിച്ചെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാർ മംഗളം ബിർള, ഭാരതി എയർടെൽ സ്ഥാപക ചെയർമാൻ സുനിൽ മിത്തൽ എന്നിവരും ക്ഷണിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്ന് റോയിട്ടേഴേ്സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോയിട്ടേഴ്സിന്‍റെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദ പ്രിന്‍റ് , ബിസിനസ് ടുഡേ, ബിസിനസ് സ്റ്റേന്‍ഡേര്‍ഡ്, ഇന്ത്യാ ടൈംസ് തുടങ്ങിയ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചു.
വസ്തുത
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കി-
"സെപ്തംബര്‍ 9ന് ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പ്രത്യേക അത്താഴത്തില്‍ വ്യവസായ പ്രമുഖര്‍ പങ്കെടുക്കുമെന്ന് റോയിട്ടേഴ്സിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്
വ്യാപാര പ്രമുഖരെ അത്താഴത്തിന് ക്ഷണിച്ചിട്ടില്ല"- എന്നാണ് പിഐബി ഫാക്ട് ചെക്ക് സമൂഹമാധ്യമമായ എക്സില്‍ വ്യക്തമാക്കിയത്.
ഉച്ചകോടിക്ക് ഇന്ന് തുടക്കം
യുക്രെയിൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഉച്ചകോടിക്ക് അവസാനം സംയുക്ത പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ജി20ൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തുന്നതിൽ അംഗ രാജ്യങ്ങൾക്കിടയിൽ ഏകദേശ ധാരണ രൂപപ്പെട്ടെന്നാണ് സൂചന.
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ചൈന, റഷ്യ രാജ്യതലവന്മാരുടെ അഭാവത്തിലാണ് ഇന്ത്യയിൽ ജി20 യോഗം ചേരുന്നത്. ചൈനീസ്, റഷ്യൻ പ്രസിഡന്റുമാർക്ക് പകരം പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാണ് ജി20 യോഗത്തിൽ പങ്കെടുക്കുന്നത്.